Latest News

കരുണയുള്ളവര്‍ കാണണം ആമിനയുടെ സങ്കടം


കാസര്‍കോട്: ആമിന ഇരുകൈകളും നീട്ടി ആസ്പത്രി കിടക്കയില്‍ ഇരുന്ന് മനമുരുകി പ്രാര്‍ത്ഥിക്കുന്നു. റബ്ബേ ദാരിദ്ര്യം തന്ന് പരീക്ഷിച്ചോളൂ, എന്‍റെ മക്കള്‍ക്ക് അസുഖവും അപകടവും വരുത്തല്ലേ എന്ന്. ദാരിദ്ര്യത്തില്‍ നിന്ന് മോചനമില്ലാത്ത ആമിനക്ക് കൂനില്‍മേല്‍ കുരുവെന്ന പോലെയാണ് പറക്കമുറ്റാത്ത മക്കള്‍ക്ക് അസുഖം ബാധിച്ച് ആസ്പത്രിയിലായത്.

ചെര്‍ക്കള ബേര്‍ക്കയിലെ വാടക ക്വാട്ടേഴ്സില്‍ താമസിക്കുന്ന ആമിന (29) ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലാണ്. വീട്ടില്‍ നിന്നും വീണ് പരിക്കേറ്റ ഒമ്പത് മാസം പ്രായമായ മുഹമ്മദ് ആബിദ്‌ പനിബാധിച്ച നാല് വയസുകാരന്‍ മുഹമ്മദ് ഷാഹിദ് എന്നിവരെ ശുശ്രൂഷിക്കുകയാണ്. ഒമ്പത് വയസുകാരന്‍ മുഹമ്മദ് ഷാഹിദും ഉമ്മയ്ക്കൊപ്പം അനുജന്‍മാരെ നോക്കി കൂട്ടിനുണ്ട്. ആമിനയ്ക്ക് അസുഖമുണ്ടെങ്കിലും അത് പുറത്തുപറയാതെ നില്‍ക്കുന്ന കാഴ്ച നൊമ്പരമുണര്‍ത്തുന്നു.
സുള്ള്യ സ്വദേശിനിയായ ആമിനയെ മൈസൂര്‍ സ്വദേശി സാദിഖ് പത്ത് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ആദ്യമൊക്കെ നോക്കിയിരുന്ന ഭര്‍ത്താവ് പിന്നീട് തിരിഞ്ഞുനോക്കാതെയായി. വല്ലപ്പോഴും വീട്ടില്‍ വരും. എന്നും പട്ടിണിയും പരിവട്ടവുമാണ്. ഇപ്പോള്‍ 9 മാസമായി വരാതായിട്ട്. മക്കളെ പോറ്റാന്‍ അയല്‍വീട്ടില്‍ ജോലിയെടുത്തും ചൂല് ഉണ്ടാക്കി വിറ്റുമാണ് കഴിഞ്ഞിരുന്നത്. മുട്ടിനുണ്ടായ അസഹ്യമായ വേദനകാരണം ഇപ്പോള്‍ ഇതും മുടങ്ങിയിരിക്കുകയാണ്. മുട്ടിന്‍റെ ചിരട്ട തകരാറായതിനാല്‍ ശസ്ത്രക്രിയ നടത്തി. കാലിന് വേദന കുറയാത്തതിനാല്‍ നടക്കാന്‍ പ്രയാസമാണ്. ഇതിനിടയിലാണ് മക്കള്‍ അസുഖംമൂലവും വീണ് പരിക്കേറ്റും ആസ്പത്രിയിലായത്.

ഇവരുടെ ദയനീയാവസ്ഥ കണ്ട് വാര്‍ഡുകളില്‍ കിടക്കുന്നവരാണ് ഭക്ഷണവും മറ്റും വാങ്ങികൊടുക്കുന്നത്.
വീട് വാടക 1000 രൂപ നല്‍കണം. രണ്ട് മാസമായി പണമില്ലാത്തതിനാല്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും ആമിന കണ്ണീരോടെ പറയുന്നു. ഒമ്പത് വയസായെങ്കിലും ദാരിദ്ര്യം കാരണം മകനെ സ്കൂളിലേക്കയക്കാന്‍ കഴിഞ്ഞിട്ടില്ല. ആമിന വീണ്ടും പ്രാര്‍ത്ഥിക്കുന്നു. ആരോഗ്യം തരാന്‍. ഞാന്‍ വീട്ടുജോലിയെടുത്ത് മക്കളെ നോക്കികൊള്ളാം. കരുണയുള്ളവര്‍ കാണണം ഈ കുടുംബത്തിന്‍റെ കണ്ണീരുണങ്ങാത്ത വേദന.
ആമിനയെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ 9567301578 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കാവുന്നതാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Amina, Hospital 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.