Latest News

മദ്യം അമിതമായി ഉള്ളില്‍ച്ചെന്ന പത്താംക്ലാസ് വിദ്യാര്‍ഥി അവശനിലയില്‍

പുനലൂര്‍ : മദ്യം അമിതമായി ഉള്ളില്‍ച്ചെന്ന പത്താംക്ലാസ് വിദ്യാര്‍ഥി അവശനിലയില്‍. പുനലൂര്‍ പട്ടണത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിയും പിറവന്തൂര്‍ സ്വദേശിയുമായ പതിനഞ്ചുകാരനാണ് അവശനിലയിലായത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കുട്ടി പുനലൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ച പുനലൂരിനടുത്ത് തലവൂര്‍ മഞ്ഞക്കാലയില്‍ എട്ടുവയസ്സുകാരന്‍ അമിതമായി മദ്യം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണിത്.

രാവിലെ വീട്ടില്‍നിന്നിറങ്ങിയ കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. സ്‌കൂളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ പേപ്പര്‍മില്ലിന് സമീപം കല്ലടയാറ്റിലെ തടയണയുടെ കരയില്‍ പാറപ്പുറത്ത് അവശനായി കിടക്കുന്നനിലയില്‍ സമീപവാസികളാണ് കുട്ടിയെ കണ്ടത്. സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് വിവരം സ്‌കൂളില്‍ അറിയിച്ചത്. അവിടെനിന്ന് ഓട്ടോറിക്ഷയില്‍ കുട്ടിയെ സ്‌കൂളിലെത്തിച്ചു. പിന്നീട് പ്രഥമാധ്യാപകനും മറ്റ് അധ്യാപകരും ചേര്‍ന്നാണ് ആസ്പത്രിയില്‍ കൊണ്ടുവന്നത്. കുട്ടി അവിടെ നിരീക്ഷണത്തിലാണ്.

ക്ലാസ്സില്‍ കയറാതെ തടയണയിലെത്തിയ കുട്ടി കൂട്ടുകാരുമായി ചേര്‍ന്ന് മദ്യപിക്കുകയായിരുന്നെന്ന് പറയുന്നു. ഒപ്പമുണ്ടായിരുന്നവര്‍ വിദ്യാര്‍ഥികളല്ലെന്നാണ് പ്രാഥമികവിവരം. സ്‌കൂള്‍ അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തലവൂര്‍ മഞ്ഞക്കാല വാഴത്തോപ്പ് ലിബിന്‍ വില്ലയില്‍ ലാജി തോമസ്-സൂസി ദമ്പതിമാരുടെ മകനും മൂന്നാംക്ലാസ് വിദ്യാര്‍ഥിയുമായ ലിജിനാണ് ഞായറാഴ്ച മദ്യം ഉള്ളില്‍ച്ചെന്ന് മരിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യമാണ് കുട്ടിയുടെ ഉള്ളിലെത്തിയത്.

ലഹരി ഉപയോഗത്തിനെതിരെ ജനമൈത്രി പോലീസിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പുനലൂരിലെയും പരിസരപ്രദേശങ്ങളിലെയും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തിവരുന്നതിനിടെയാണ് സംഭവം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alcohol, Student, Hospital, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.