Latest News

പട്ടിണിക്കിട്ട് ക്രൂരമര്‍ദ്ദനം: പെണ്‍കുട്ടി മരിച്ചു; പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

പറവൂര്‍: പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. ആലങ്ങാട് പോലിസ്‌സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട മാഞ്ഞാലി ഡൈമണ്‍മുക്കിനു സമീപം കുരീക്കാട് വീട്ടില്‍ ഉമ്മറിന്റെ മകള്‍ ജാമിയ(16)യാണു മരിച്ചത്. പിതാവ് ഉമ്മര്‍(48), രണ്ടാനമ്മ റംല(45) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 5.15ന് ചാലാക്കയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജാമിയ മരിച്ചെന്നാണ് ഉമ്മര്‍ പറയുന്നത്. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ജാമിയ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ആദ്യഭാര്യ ആലുവ അശോകപുരം ചൂളപ്പറമ്പില്‍ സഫിയയെ മനോരോഗംമൂലം ഉമ്മര്‍ ഒഴിവാക്കിയിരുന്നെങ്കിലും യാസീന്‍, ജാമിയ, ആല്‍ഫിയ എന്നീ മൂന്നു കുട്ടികളെയും കൂടെ നിര്‍ത്തുകയായിരുന്നു. ഒരുവര്‍ഷത്തിനുശേഷം പെരുമ്പടന്ന സ്വദേശിനിയായ റംലയെ വിവാഹംകഴിച്ചതോടെയാണു കുട്ടികളുടെ ദുരിതം തുടങ്ങിയത്.

ചെറിയ കുട്ടികളെക്കൊണ്ട് റംല പരമാവധി ജോലികള്‍ ചെയ്യിപ്പിക്കുമായിരുന്നെന്ന് ബന്ധുക്കളും അയല്‍വാസികളും പറയുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ ജാമിയയും ആല്‍ഫിയയും വീടുവിട്ടോടിയെങ്കിലും ചെങ്ങമനാടുവച്ച് നാട്ടുകാര്‍ സംശയിച്ചു പിടികൂടി പോലിസിലേല്‍പ്പിച്ചതിനെ തുടര്‍ന്ന് തിരിച്ചു വീട്ടിലെത്തുകയായിരുന്നു. കുട്ടികളെ കാണാന്‍ സഫിയയുടെ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. യാസീന്‍ പിതാവിനെ ഭയന്ന് കുറേ നാളുകളായി ഉമ്മയുടെ വീട്ടുകാരോടൊപ്പമാണ് താമസം. ജാമിയയും ആല്‍ഫിയയും മലപ്പുറം ചുങ്കത്തറ എം.പി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. ഓര്‍ഫനേജിലാണ് താമസം. 10ാം ക്ലാസിലായിരുന്ന ജാമിയയെ ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് പല്ലിലിട്ട കമ്പി മുറുക്കാന്‍ എന്നു പറഞ്ഞ് പിതാവ് ഉമ്മര്‍ ഓര്‍ഫനേജില്‍നിന്നു കൂട്ടിക്കൊണ്ടുവന്നതാണ്.

ജാമിയയെ പീഡിപ്പിക്കുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് നാട്ടുകാര്‍ ഇടപെട്ട് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ജാമിയ കടുത്ത പട്ടിണിയിലായിരുന്നെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മാഞ്ഞാലി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.