Latest News

മലമുകളില്‍ ചൊവ്വാഴ്ച മകരജ്യോതി

ശബരിമല: കാത്തിരിപ്പിനൊടുവില്‍ മലമുകളില്‍ ജ്യോതി തെളിയുന്ന പുണ്യനിമിഷം ചൊവ്വാഴ്ച. അസുലഭമായ മുഹൂര്‍ത്തത്തിന്റെ പുണ്യംനുകരാന്‍ കാടുമേടും നിറഞ്ഞ് ഭക്തര്‍. പര്‍ണശാലകള്‍ തീര്‍ത്തും ജ്യോതിദര്‍ശനത്തിനു സാധ്യമായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു ഭക്തലക്ഷങ്ങളാണ് കാത്തിരിക്കുന്നത്.

ശബരിമല തീര്‍ഥാടനത്തിന്റെ ഏറ്റവും പുണ്യമായ ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പന്തളത്തുനിന്ന് ഞായറാഴ്ച രാവിലെ പുറപ്പെട്ട തിരുവാഭരണഘോഷയാത്ര ചൊവ്വാഴ്ച വൈകുന്നേരം ശബരിമലയിലെത്തും. എരുമേലിയില്‍ പേട്ടകെട്ടിയെത്തുന്ന അയ്യപ്പഭക്തര്‍ പമ്പസദ്യയും പമ്പവിളക്കും കഴിഞ്ഞ് ഇന്നു മലകയറുകയാണ്.

ചൊവ്വാഴ്ച രാവിലെ 11.45നാണ് ഉച്ചപൂജ. ഉച്ചയ്ക്ക് ഒന്നിനാണ് മകരസംക്രമപൂജ. 1.14ന് മകരസംക്രമാഭിഷേകത്തോടെ നട അടയ്ക്കും. കവടിയാര്‍ കൊട്ടാരത്തിലെ കന്നി അയ്യപ്പന്‍മാര്‍ നാളികേരത്തില്‍ നിറച്ചുകൊണ്ടുവരുന്ന നെയ്യാണ് അഭിഷേകത്തിന് ഉപയോഗിക്കുന്നത്. വൈകുന്നേരം അഞ്ചിനു നട തുറക്കും. 5.30ഓടെ തിരുവാഭരണ പേടകങ്ങള്‍ ശരംകുത്തിയിലെത്തും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുവാഭരണങ്ങള്‍ സ്വീകരിച്ച് സന്നിധാനത്തേക്ക് എഴുന്നള്ളിക്കും. 6.30ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ഇതേസമയമാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്. കാത്തുനില്‍ക്കുന്ന അയ്യപ്പഭക്തന്‍മാര്‍ പുണ്യജ്യോതിയുടെ ദര്‍ശനവും കഴിഞ്ഞ് രാത്രിയോടെ മലയിറങ്ങും. രാത്രി പത്തിനു നട അടയ്ക്കും.

മാളികപ്പുറത്തേക്കുള്ള എഴുന്നള്ളത്ത് ചൊവ്വാഴ്ച രാത്രി മുതല്‍ ഉണ്ടാകും. ഗുരുതി ഉള്‍പ്പെടെയുള്ള ചടങ്ങുകളും പന്തളം രാജപ്രതിനിധിയുടെ ദര്‍ശനവും കഴിഞ്ഞ് 20-നു രാവിലെയാണ് നട അടയ്ക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.