Latest News

പുണ്യ റബീഇന് സ്വാഗതമോതി ബദിയടുക്കയില്‍ മീലാദ് റാലി


കാസര്‍കോട്: ജില്ലയില്‍ ഒരു മാസത്തെ മീലാദ് ആഘോഷങ്ങളുടെ വിളംബരം മുഴക്കി മുഹിമ്മാത്ത് ആഭിമുഖ്യത്തില്‍ ബദിയടുക്കയില്‍ ആയിരങ്ങള്‍ അണിനിരന്ന മീലാദ് റാലി പ്രൗഢമായി. തൂവെള്ള വസ്തരമണിഞ്ഞ് നൂറുകണക്കിനു പണ്ഡിതരും ആയിരത്തിലേറെ വിദ്യാര്‍ഥികളും നാട്ടുകാരും ഒന്നിച്ചണിനിരന്ന ഈ വര്‍ഷത്തെ ജില്ലയിലെ പ്രഥമ നബിദിന റാലി അച്ചടക്കം കൊണ്ടും ജനബാഹുല്യം കൊണ്ടും മാതൃകയായി. മീലിദിന്റെ ഈരടികളും ബൈത്തും സ്വലാത്തുമായി നങ്ങിയ റാലിയില്‍ പിഞ്ചു വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് പ്രദര്‍ശനങ്ങളും ശ്രദ്ധ പിടിച്ചുപറ്റി. അസര്‍ നിസ്‌കാരശേഷം ബദിയുടക്ക അപ്പര്‍ ബസാറില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, എം പി അബ്ദുല്ല ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, റഫീഖ് സഅദി ദേലംപാടി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഹാജി അമീറലി ചൂരി, നൂറുദ്ദീന്‍ മുസ്‌ലിയാര്‍, പാടി അബ്ദുല്ലക്കുഞ്ഞി ഹാജി, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന പരിപാടിയില്‍ എസ് എസ് എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് അബ്ദുറഷീദ് സൈനി കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.

മുഹിമ്മാത്ത് മദ്ഹുര്‍റസൂല്‍ ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ 12 ദിവസത്തെ പ്രവാചക പ്രകീര്‍ത്തന സദസിന് വ്യാഴാഴ്ച മൂന്നുമണിക്ക് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ ഔപചാരിക ഉദ്ഘാടനം ചെയ്യും. 12 ദിവസങ്ങളിലായി പ്രമുഖ സയ്യിദുമാരും പണ്ഡിതരും പ്രവാചക പ്രകീര്‍ത്തന സദസിന് നേതൃത്വം നല്‍കും. പ്രകീര്‍ത്തനം, പ്രഭാഷണം, വിവിധ മൗലീദുകളുടെ ആലാപനം, തബറുക് എന്നീ പരിപാടികളോടെയാണ് പ്രവാചക പ്രകീര്‍ത്തനം.

ഈ മാസം നാലിന് ഉച്ചക്ക് ഒരുമണിക്ക് ലൈറ്റ് ഓഫ് ഗ്രേയ്‌സ് എന്ന പേരില്‍ വിവിധ തലങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് സ്‌നേഹവിരുന്നൊരുക്കും. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമ-പ്രൊഫഷണല്‍-ഉദ്യോഗസ്ഥ മേഖലകളിലെ പ്രമുഖര്‍ പങ്കാളികളാവും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.