Latest News

രണ്ടാം ഭാര്യയെ യുവാവ് അടുപ്പ് കല്ല് കൊണ്ട്‌ തലയ്ക്കടിച്ചു കൊന്നു

കൊട്ടാരക്കര: ചോദിച്ച പണം നല്‍കാതിരുന്ന രണ്ടാം ഭാര്യയെ യുവാവ് അടുപ്പ് കല്ലിന് തലയ്ക്കടിച്ചു കൊന്നു. മൃതദേഹം വിറക് കൊള്ളികള്‍ അടുക്കി അടുക്കളയിലിട്ട് കത്തിക്കാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊട്ടാരക്കര മൈലം തെക്കേക്കര കുന്നത്ത് ഭാഗം പാലവിളവീട്ടില്‍ വിമല (26) ആണ് മരിച്ചത്. ഭര്‍ത്താവ് ശശിയെ (33) കൊട്ടാരക്കര പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിഞ്ഞത്. കൂലിപ്പണിക്കാരനായ ശശി പുനലൂര്‍ ആരംപുന്ന സ്വദേശിനി സുധയെ നേരത്തെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ ശരത്‌ലാല്‍, ശരണ്‍ലാല്‍ എന്നീ മക്കളുണ്ട്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുളള വിമലയുമായി അവിഹിതബന്ധം തുടങ്ങിയതോടെ ആദ്യ ഭാര്യയുമായി പിണങ്ങി. ബന്ധം വേര്‍പെടുത്താന്‍ കേസായി. മക്കള്‍ക്ക് ചെലവിന് കൊടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നതാണ്. 

രണ്ട് മാസമായി പണം കൊടുത്തിരുന്നില്ല. കശുഅണ്ടിത്തൊഴിലാളിയായ വിമലയോട് വ്യാഴാഴ്ച ഇതിനായി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നാണ് ശശി പൊലീസിന് മൊഴി നല്‍കിയത്. രാവിലെ 11 മണിയോടെ ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വഴക്ക് മൂത്തപ്പോള്‍ അടുപ്പ് കല്ല് ഇളക്കിയെടുത്ത് ശശി വിമലയുടെ തലയില്‍ അടിച്ചു വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. മരിച്ചെന്ന് ഉറപ്പായതോടെ ഒന്നര വയസ്സുളള മകനെയും എടുത്ത് ശശി വീടിന് പുറത്തുപോയി. വിമലയുടെ വീട്ടിലുള്‍പ്പെടെ മകനുമായി പോവുകയും ചെയ്തു. ഉച്ചയോടെ വീടിനടുത്ത് മറ്റൊരു മരണവീട്ടില്‍ ടാര്‍പ്പാളിന്‍ കെട്ടാനും മറ്റ് സഹായങ്ങള്‍ക്കുമായി ശശി കൂടി.

ഈ സമയം കുഞ്ഞിനെ വീട്ടില്‍ ഉറക്കിക്കിടത്തിയിരിക്കുകയായിരുന്നു. സന്ധ്യയോടെ തൊട്ടടുത്തുളള ജ്യേഷ്ഠന്‍ രാജേന്ദ്രന്റെ വീട്ടിലെത്തിയ ശശി രാജേന്ദ്രന്റെ ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. വിമല മറ്റൊരാളിനൊപ്പം ഒളിച്ചോടിപ്പോയെന്ന് പറയുകയും ചെയ്തു. സംശയം തോന്നിയ രാജേന്ദ്രന്‍ ശശിയുടെ വീട്ടിലെത്തി കതക് തുറന്ന് നോക്കിയപ്പോഴാണ് വിമലയുടെ മൃതദേഹം വിറക് കൊളളികളും ഓലയുംകൊണ്ട് മൂടിയിട്ട നിലയില്‍ കണ്ടത്. രാത്രിയില്‍ മൃതദേഹം കത്തിയ്ക്കാനായിരുന്നു ഉദ്ദേശ്യമെന്നാണ് സംശയിക്കുന്നത്. 

രാജേന്ദ്രന്‍ ഉടന്‍ സമീപവാസികളെ വിളിച്ചുകൂട്ടി. ശശിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ വച്ച് പിടികൂടി കൊട്ടാരക്കര പൊലീസിന് കൈമാറുകയായിരുന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി ബി. രാധാകൃഷ്ണപിളളയുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Murder Case, Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.