Latest News

ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍ ഭുള്ളറുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍ ഭുള്ളറുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വധശിക്ഷ കാത്ത് വര്‍ഷങ്ങളോളം തടവില്‍ കഴിയേണ്ടിവന്നത് ഭുള്ളറുടെ മാനസിക നില തകരാറിലാക്കിയതായി കുടുംബം കോടതിയില്‍ വാദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. ഭുള്ളറുടെ മാനസികാരോഗ്യം സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

പുനഃപരിശോധന ഹര്‍ജി പരിഗണിക്കവെയാണ് കോടതി വധശിക്ഷ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്. ശിക്ഷ നടപ്പാക്കുന്നത് വൈകിയതുകൊണ്ടുമാത്രം വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ വിധിയിലാണ് ഭുള്ളര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഫിബ്രവരി 19ന് വീണ്ടും വാദം കേള്‍ക്കും.

1993ല്‍ ഡല്‍ഹിയില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട ഖലിസ്ഥാന്‍ തീവ്രവാദിയാണ് ദേവിന്ദര്‍പാല്‍ സിങ് ഭുള്ളര്‍. ഡല്‍ഹി റെയ്‌സിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരത്തിന് പുറത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന എം.എസ്. ബിട്ട ഉള്‍പ്പെടെ 36 പേര്‍ക്ക് പരിക്കേറ്റു. വിചാരണക്കോടതി 2001 ആഗസ്തിലാണ് ഭുള്ളര്‍ക്ക് വധശിക്ഷ വിധിച്ചത്. ഡല്‍ഹി ഹൈക്കോടതി 2002ല്‍ ഇത് ശരിവെച്ചു. സുപ്രീംകോടതിയും അതേവര്‍ഷംതന്നെ വിധി ശരിവെച്ചിരുന്നു. ഭുള്ളറുടെ റിവ്യൂഹര്‍ജിയും സുപ്രീംകോടതി തള്ളി. പിന്നീട് ഭുള്ളര്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. അത് 2013 മാര്‍ച്ചില്‍ സുപ്രീം കോടതി തള്ളി.

അതേസമയം,ഭുള്ളര്‍ 2003ല്‍ത്തന്നെ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. എട്ടുകൊല്ലത്തിനുശേഷം 2011ലാണ് രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത്. ദയാഹര്‍ജികളില്‍ തീര്‍പ്പുണ്ടാകാന്‍ വൈകുന്നത് ക്രൂരതയും ഭരണഘടനയുടെ 21ാം വകുപ്പുപ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വാദിക്കുന്നുണ്ട്. ഭുള്ളറുടെ അഭിഭാഷകരും കോടതിയില്‍ ഇക്കാര്യമാണ് ഉയര്‍ത്തിക്കാട്ടിയത്. വധശിക്ഷ കാത്ത് വര്‍ഷങ്ങളോളം തടവില്‍ കഴിയേണ്ടിവന്നത് ഭുള്ളറെ മാനസികമായി തളര്‍ത്തിയതായി അവര്‍ വാദിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Devindar Bullah, Supreme Court, Stay

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.