Latest News

മൂന്നു കെട്ടിയ തരൂരിനെ പ്രേമിക്കാന്‍ ഞാന്‍ കൗമാരക്കാരിയല്ല: മെഹര്‍ തരാര്‍

ഇസ്ലാമാബാദ്: താനുമായി കേന്ദ്രമന്ത്രി ശശി തരൂര്‍ സ്‌നേഹബന്ധത്തിലാണെന്ന ആരോപണം പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ നിഷേധിച്ചു. മൂന്നു വിവാഹം കഴിച്ചയാളുമായി സ്‌നേഹബന്ധത്തിലാണെന്ന ആരോപണം നിറചിരിയോടെയാണ് അവര്‍ തള്ളിക്കളഞ്ഞത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. താനൊരു കൗമാരക്കാരിയല്ല. മൂന്നു വിവാഹം കഴിച്ചയാളുമായി സ്‌നേഹത്തിലാകുന്നയാളുമല്ലെന്നും 45 കാരിയായ മെഹര്‍ പറഞ്ഞു.

ശശി തരൂരിനെ ഏറെ ബഹുമാനിക്കുന്നു. ക്രിക്കറ്റ്, പുസ്തകങ്ങള്‍, അദ്ദേഹത്തിന്റെ നാടായ കേരളം തുടങ്ങിയ വിഷയങ്ങളെപ്പറ്റി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ട്വിറ്ററില്‍ ചേര്‍ന്ന കാലം മുതല്‍ താന്‍ പിന്തുടരുന്ന പ്രമുഖരില്‍ ഒരാളാണ് ശശി തരൂര്‍. 2013 മാര്‍ച്ച് മുതലാണ് അദ്ദേഹം തനിക്ക് ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ ഭാര്യ അവകാശപ്പെടുന്നതുപോലെ ബ്ലാക്‌ബെറി മെസന്‍ജറിലൂടെ സന്ദേശങ്ങള്‍ കൈമാറിയിട്ടില്ല. അത്തരത്തിലൊരു സന്ദേശ സംവിധാനത്തിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

2013 ഏപ്രിലില്‍ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍വച്ചാണ് ആദ്യമായി അദ്ദേഹവുമായി അഭിമുഖം നടത്തുന്നത്. അഭിമുഖം 45 മിനിറ്റ് നീണ്ടുനിന്നു. അദ്ദേഹത്തിന്റെ കാറില്‍വച്ചും അഭിമുഖം തുടര്‍ന്നു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഒരു പുസ്തകം എഴുതുന്നതിന്റെ ആവശ്യത്തിനാണ് അദ്ദേഹത്തെ സമീപിച്ചത്. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍, ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവയെക്കുറിച്ചായിരുന്നു അന്നു സംസാരിച്ചത്. പിന്നീട് ഇ മെയിലിലൂടെയും ഫോണിലൂടെയും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് മോശമായ ബന്ധമായി മാധ്യമങ്ങള്‍ തെറ്റിദ്ധരിക്കരുത്.

സുനന്ദ പുഷ്‌കറുമായുള്ള വിവാഹബന്ധത്തിന് ആശംസകള്‍ നേരാനും തരാര്‍ മടിച്ചില്ല. എന്നാല്‍ സുനന്ദ അനാവശ്യമായി ഈ വിവാദത്തിലേക്കു തന്നെ വലിച്ചിഴയ്ക്കുകയായിരുന്നെന്നും തരാര്‍ പറഞ്ഞു. താനൊരു ഐഎസ്‌ഐ എജന്റാണെന്ന ട്വിറ്ററിലൂടെയുള്ള ആരോപണത്തിലൂടെ സുനന്ദ വളരെ അപകടകരമായൊരു കാര്യമാണ് ചെയ്തതെന്നും തരാര്‍ വ്യക്തമാക്കി. താനിതുവരെ ഒരു ഐഎസ്‌ഐ എജന്റിനെപ്പോലും കണ്ടിട്ടില്ലെന്നും ഈ വിവാദത്തില്‍ തനിക്ക് സര്‍വ പിന്തുണയും നല്‍കിയ എല്ലാ ഇന്ത്യാക്കാരോടും നന്ദി പറയാനും തരാര്‍ മടിച്ചില്ല.

തരൂരുമായി പ്രേമബന്ധത്തിലാണെന്നു ട്വിറ്ററിലൂടെ ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സുനന്ദയ്‌ക്കെതിരേ നിയമനടപടിയുടെ ചോദ്യം ഉദിക്കുന്നില്ലെന്നു തരാര്‍ വ്യക്തമാക്കി. ഇതൊരു വ്യാജ ആരോപണമാണ്. തികച്ചും ഭ്രാന്തമായ ഇത്തരത്തിലൊരു ആരോപണത്തില്‍ ചിരിക്കുകയല്ലാതെ എന്തുചെയ്യാനെന്നും തരാര്‍ പ്രതികരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sashi Tharoor, Mehar Tharar, Sunantha Pushkar

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.