Latest News

മുഹമ്മര്‍ ഗദ്ദാഫി നൂറുകണക്കിന് കൗമാരക്കാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്‌

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ലിബിയന്‍ മുന്‍ ഏകാധിപതി മുഹമ്മര്‍ ഗദ്ദാഫി കൗമാരക്കാരായ നൂറുകണക്കിനു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. അടുത്തയാഴ്ച ബിബിസി പുറത്തിറക്കാനിരിക്കുന്ന ടെലിവിഷന്‍ ഡോക്കുമെന്ററിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. 42 വര്‍ഷം ലിബിയയുടെ ചോദ്യംചെയ്യപ്പെടാത്ത ഭരണാധികാരിയായിരുന്നു കേണല്‍ ഗദ്ദാഫി. 

കൗമാരക്കാരെ ലൈംഗികമായി പീഡിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ പ്രത്യേക മുറികളുണ്ടായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും സന്ദര്‍ശനം നടത്തുന്ന ഗദ്ദാഫി, തനിക്ക് ഇഷ്ടപ്പെടുന്ന കുട്ടികളുടെ തലയില്‍ തലോടുമെന്ന് പീഡനത്തിന് ഇരയായവരും ദൃക്‌സാക്ഷികളും പറയുന്നു. തലോടലിന് ഇരയായവരെ സുരക്ഷാ സൈനികര്‍ ട്രിപ്പോളി യൂണിവേഴ്‌സിറ്റിയിലെ പ്രത്യേകം തയാറാക്കിയ മുറിയിലെത്തിക്കും. ഇവിടെയുള്ള ഗൈനക്കോളജി മുറിയില്‍ ലൈംഗികരോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇവരെ ഗദ്ദാഫി പീഡനത്തിനിരയാക്കും.

തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളില്‍ ചിലര്‍ക്ക് പതിനാലു വയസുപോലും തികഞ്ഞിരിന്നില്ലെന്നു ട്രിപ്പോളി സ്‌കൂളിലെ അധ്യാപിക പറഞ്ഞു. ലൈംഗികമായി പീഡിപ്പിക്കുന്നതിന് അദ്ദേഹത്തിന് യാതൊരു ധാര്‍മികതയോ കരുണയോ ഉണ്ടായിരുന്നില്ല. കുട്ടികളുടെ എതിര്‍പ്പിനെ വകവയ്ക്കാതെയായിരുന്നു അദ്ദേഹത്തിന്റെ കാമപൂരണമെന്നും അധ്യാപിക പറയുന്നു. യൂണിവേഴ്‌സിറ്റിയുടെ അടുത്ത് താമസിക്കുന്നവര്‍ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നതെന്ന് ഒരു അമ്മ പറഞ്ഞു. 

ഗദ്ദാഫിയുടെ സന്ദര്‍ശനമുണ്ടെന്ന അറിയിപ്പ് ഉള്‍ക്കിടിലത്തോടെയാണ് കേട്ടിരുന്നത്. ഗദ്ദാഫി പിടികൂടുന്ന പല പെണ്‍കുട്ടികളെയും നാളുകള്‍ക്കുശേഷമാണ് വിട്ടയച്ചിരുന്നത്. ചിലരെ ഗുരുതരമായ പരിക്കുകളോടെ പുറംതള്ളിയിരുന്നു. ഗദ്ദാഫിയുടെ അനുചരന്‍മാര്‍ പിടിച്ചുകൊണ്ടുപോയ പല പെണ്‍കുട്ടികളെക്കുറിച്ചും പിന്നീട് യാതൊരു അറിവുമുണ്ടായിരുന്നില്ല. ചിലരുടെ മൃതദേഹങ്ങള്‍ പല സ്ഥലത്തുനിന്നും കിട്ടിയിട്ടുണ്ട്. പീഡനത്തെ എതിര്‍ത്തവരെ ഗദ്ദാഫിയുടെ അനുചരന്‍മാര്‍ വകവരുത്തി.

ഒരു ദിവസം അതിരാവിലെ രണ്ടിന് തങ്ങളെ അടച്ച ഒരു മുറിയിലേക്ക് ഗദ്ദാഫി വിളിച്ചുവരുത്തിയതായി അനുചരന്‍മാരില്‍ ഒരാള്‍ ബിബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. മുറിയില്‍ ഭിത്തിയോടുചേര്‍ത്ത് 17 കുട്ടികളെ നിരത്തിനിറുത്തിയിരുന്നു. ഓരോരുത്തരെയായി 17 പേരെയും വെടിവച്ചുകൊന്നു. തങ്ങള്‍ക്ക് കരയാന്‍ അനുവാദമുണ്ടായിരുന്നില്ല. പകരം ഓരോരുത്തരും കൊല്ലപ്പെടുമ്പോള്‍ ആര്‍ത്തുവിളിക്കണമെന്നും ഗദ്ദാഫി നിര്‍ദേശിച്ചിരുന്നതായി സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. 

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കുവേണ്ടി ഗദ്ദാഫിയുടെ പീഡനത്തിന് ഇരയായവരുമായി സെഹം സെര്‍ഗെവ എന്ന മനഃശാസ്ത്രജ്ഞ അഭിമുഖം നടത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ലിബിയയുടെ ഭരണാധികാരിയായിരുന്ന കാലത്ത് 400 സ്ത്രീകള്‍ ഗദ്ദാഫിയുടെ പീഡനങ്ങള്‍ക്ക് വര്‍ഷങ്ങളോളം ഇരയായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗദ്ദാഫിയുടെ പീഡനത്തിന് ഇരയാകുന്നവരെ പിന്നീട് തന്റെ മകനും തുടര്‍ന്ന് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്വന്തം പിതാവിന്റെ മുന്നില്‍ വച്ചാണ് താന്‍ മാനഭംഗപ്പെട്ടതെന്നു പതിനെട്ടുകാരിയായ പെണ്‍കുട്ടി വെളിപ്പെടുത്തി. നിരവധി തവണ ജീവനൊടുക്കാന്‍ തീരുമാനിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.പെണ്‍കുട്ടികള്‍ മാത്രമായിരുന്നില്ല ഗദ്ദാഫിയുടെ ഇര. കൗമാരക്കാരായ ആണ്‍കുട്ടികളും ഗദ്ദാഫിയുടെ പീഡനത്തിന് ഇരയായിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഇവരെ സേവന വിഭാഗം എന്നാണ് അറിയപ്പെട്ടിരുന്നത്. 

ഇവരായിരുന്നു ഗദ്ദാഫിയുടെ “ബോഡിഗാര്‍ഡു’കള്‍. എതിരാളികളെ ഗദ്ദാഫി വകവരുത്തിയിരുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ടെലിവിഷന്‍ ഡോക്കുമെന്ററി പുറത്തുകൊണ്ടുവരുന്നുണ്ട്. പല ഭാഗങ്ങളിലുമുള്ള ശീതീകരണികളില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ തെളിവുകളായി കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകനായ അന്നിക് കോജനാണ് ഗദ്ദാഫിയുടെ പീഡനകഥകള്‍ ആദ്യമായി പുറംലോകത്തെത്തിച്ചത്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഗദ്ദാഫി ഒളിവില്‍ പോയി. സിര്‍ത്തില്‍ ഭൂമിക്കടിയിലുള്ള അറയില്‍നിന്നാണ് ഗദ്ദാഫിയെ 2011 ഒക്‌ടോബര്‍ 20 ന് സൈന്യം പിടികൂടി വധിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Muhammar Gadhaffi, Rape

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.