Latest News

ഭക്തിയുടെ നിറവില്‍ കിണാവൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം തുടങ്ങി

നീലേശ്വരം: കിണാവൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രം പെരുങ്കളിയാട്ടത്തിന് ഭക്തിയുടെ നിറവില്‍ തുടക്കമായി. ശനിയാഴ്ച രാവിലെ മുച്ചിലോട്ട് ഭഗവതിയുടെ കോലധാരി കിണാവൂര്‍ രാജീവന്‍നേണിക്കവും ദേവിയുടെ പ്രതിപുരുഷന്‍ ഭണ്ഡാരപ്പുരയില്‍ അമ്പു കോമരവും പിലിക്കോട് രയരമംഗലം ഭഗവതിക്ഷേത്രദര്‍ശനം നടത്തി കലശം കുളിച്ച് മുച്ചിലോട്ട് എത്തിയതോടെയാണ് പെരുങ്കളിയാട്ടത്തിന് തുടക്കമായത്.

കിണാവൂര്‍ അയ്യപ്പക്ഷേത്രത്തില്‍നിന്നും കിരാതേശ്വരക്ഷേത്രത്തില്‍നിന്നും ആഘോഷമായി ദീപവും തിരിയും എഴുന്നള്ളിച്ച് മുച്ചിലോട്ട് എത്തിച്ചേര്‍ന്നു. ഉത്സവദിവസങ്ങളില്‍ രണ്ടുനേരവും അന്നദാനത്തിനുള്ള ചോറ് തയ്യാറാക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ ഒമ്പത് കുഴിയടുപ്പുകളുടെ ശൃംഖലയില്‍ അഗ്‌നിപകര്‍ന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കളിയാട്ടത്തിന്റെ തുടങ്ങല്‍ അരങ്ങേറി.

മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റമാണ് ആദ്യം അരങ്ങിലെത്തിയത്. തുടര്‍ന്ന് അരങ്ങില്‍ അടിയന്തിരവും നെയ്യാട്ടവും പുലിയൂര്‍ കണ്ണന്‍ ദൈവത്തിന്റെ വെള്ളാട്ടവും നടന്നു. ഞായറാഴ്ച പുലര്‍ച്ചെ തെയ്യങ്ങളുടെ പുറപ്പാട് നടക്കും. പുല്ലൂര്‍ കണ്ണന്‍ ദൈവമാണ് ആദ്യം. തുടര്‍ന്ന് കണ്ണങ്ങാട്ട് ഭഗവതി, പുല്ലൂര്‍ കാളി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളും മുച്ചിലോട്ടിന്റെ തിരുമുറ്റത്ത് ഉറഞ്ഞാടും. പെരുങ്കളിയാട്ടം ആരംഭിച്ചതോടെ ക്ഷേത്രത്തില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ്. 

നാലുദിവസത്തെ കളിയാട്ടത്തില്‍ 20 ഓളം തെയ്യങ്ങള്‍ കെട്ടിയാടും. മുച്ചിലോട്ടിന് പുറത്ത് ഒരിക്കലും കെട്ടിയാടാത്തമുച്ചിലോട്ട് ഭഗവതിയുടെ അരങ്ങേറ്റം ഫിബ്രവരി പതിനൊന്നിന് ഉച്ചയ്ക്കാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.