Latest News

അഞ്ചു ലക്ഷം ഉടന്‍ തിരിച്ചുനല്‍കാന്‍ ജോര്‍ജിന്‌ ചിറ്റിലപ്പിള്ളിയുടെ കത്ത്‌

കണ്ണൂര്‍: തിരിച്ചുനല്‍കുമെന്നു പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ ഉടന്‍ തരണമെന്നാവശ്യപ്പെട്ടു ജോര്‍ജിന്‌ ചിറ്റിലപ്പിള്ളിയുടെ കത്ത്‌. വൃക്ക ദാനം ചെയ്‌തതിന്‌ ഇരിട്ടി വെളിമാനത്തെ സി.പി.എം. പ്രവര്‍ത്തകന്‍ തുടിയംപ്ലാക്കല്‍ ജോര്‍ജിനു പാരിതോഷികമായി നല്‍കിയ തുക ഉടന്‍ തിരിച്ചേല്‍പ്പിക്കാനാണു കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടത്‌.

എല്‍.ഡി.എഫിന്റെ സോളാര്‍ സമരത്തിനെതിരേ പ്രതിഷേധിച്ചതിനു തിരുവനന്തപുരത്തെ വീട്ടമ്മക്കു ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതില്‍ ക്ഷോഭിച്ചാണു ഇരിട്ടി വെളിമാനത്തെ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ ജോര്‍ജ്‌, തനിക്കു നല്‍കിയ അഞ്ചു ലക്ഷം രൂപ തിരിച്ചു നല്‍കുമെന്നു പ്രഖ്യാപിച്ചത്‌. ഡല്‍ഹിയില്‍ മണല്‍ മാഫിയക്കെതിരേ സമരം നടത്തിയ ജസീറയ്‌ക്കു നല്‍കുമെന്നു വാഗ്‌ദാനം ചെയ്‌ത അഞ്ചു ലക്ഷം രൂപ ഇതുവരെ നല്‍കാത്തതില്‍ ഒരു ഭാഗത്തു വിമര്‍ശമുയര്‍ന്നപ്പോഴാണു താന്‍ മുമ്പു നല്‍കിയ തുക എത്രയും പെട്ടന്ന്‌ ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണമെന്നാവശ്യപ്പെട്ടു ജോര്‍ജിന്‌ ചിറ്റിലപ്പിള്ളി കത്തയച്ചത്‌.

ഒരു വൈദികനു തന്റെ വൃക്കകളില്‍ ഒന്നു ദാനം ചെയ്‌തതിനു പാരിതോഷികമായിട്ടായിരുന്നു ജോര്‍ജിന്‌ ചിറ്റിലപ്പിള്ളി അഞ്ചു ലക്ഷം രൂപ നല്‍കിയത്‌. അവയവദാനത്തിന്റെ മഹത്തായ മാതൃക സമൂഹത്തിനു കാട്ടികൊടുത്തതിനായിരുന്നു ഈ ആദരം. 2013 ജൂണില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നാണു ജോര്‍ജ്‌ തുകയും പ്രശംസാപത്രവും ഏറ്റുവാങ്ങിയത്‌.

ഈ പണമുപയോഗിച്ചു ചാരിറ്റബിള്‍ ട്രസ്‌റ്റ്‌ ആരംഭിച്ചു നിര്‍ധനരെ സഹായിച്ചു വരികയായിരുന്നു ജോര്‍ജ്‌. ജോര്‍ജിന്റെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന അത്തിക്കല്‍ സഹൃദയ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മൂന്നു ലക്ഷത്തില്‍പരം രൂപ ഇതിനകം ചെലവഴിച്ചു. രോഗികളെ ആശുപത്രികളിലും തിരികെ വീട്ടിലുമെത്തിക്കാനായി ഒരു ഓട്ടോറിക്ഷയും ഈ തുക ഉപയോഗിച്ചു വാങ്ങിയിരുന്നു.

അതിനിടെ അഞ്ചു ലക്ഷം രൂപ സമാഹരിക്കാന്‍ ഡി.വൈ.എഫ്‌.ഐയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തില്‍ ഫണ്ട്‌ സമാഹരണം നടത്തുന്നുണ്ട്‌. രണ്ടു ലക്ഷം രൂപയോളം ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞു. ബാക്കി തുക സമാഹരിച്ചാലുടന്‍ ചിറ്റിലപ്പിള്ളിക്കു കൈമാറാനിരിക്കെയാണു കത്ത്‌ വന്നിരിക്കുന്നത്‌. തുക തിരിച്ചു നല്‍കുമെന്നു താങ്കള്‍ വിവിധ മാധ്യമങ്ങളിലൂടെ പറയുന്നതു ശ്രദ്ധയില്‍പെട്ടുവെന്നും അതിനാല്‍ എത്രയും വേഗം അഞ്ചു ലക്ഷം രൂപ തിരിച്ചേല്‍പ്പിക്കണമെന്നുമാണു ചിറ്റിലപ്പിള്ളിക്കു വേണ്ടി മാനേജര്‍ അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.