Latest News

സരിതാ നായര്‍ ജയില്‍മോചിതയായി

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി സരിത എസ്. നായര്‍ ജയില്‍മോചിതയായി. വിവിധ കോടതികളിലുണ്ടായിരുന്ന എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് സരിത തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ആദ്യം മക്കളെയും അമ്മയെയും കാണട്ടെയെന്നും രണ്ടുദിവസത്തിനകം എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി പറയാമെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സരിതക്കെതിരെയുള്ള എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പെരിന്തല്‍മണ്ണ കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറണ്ടുണ്ടായിരുന്നു. പെരിന്തല്‍മണ്ണ സ്വദേശി മുബാറക്കില്‍നിന്ന് പണം തട്ടിയ കേസില്‍ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ജാമ്യത്തുക കെട്ടിവെയ്ക്കാത്തതിനെത്തുടര്‍ന്നായിരുന്നു പ്രൊഡക്ഷന്‍ വാറണ്ട്. തുടര്‍ന്ന് ഈ കേസിലും ഒരു ലക്ഷം രൂപ കെട്ടിവെച്ചതിനെത്തുടര്‍ന്നാണ് അവര്‍ക്ക് ജയില്‍ മോചനമുണ്ടായത്. അറസ്റ്റിലായി എട്ടുമാസത്തിന് ശേഷമാണ് സരിത പുറത്തിറങ്ങുന്നത്. 33 കേസുകളാണ് സരിതയ്‌ക്കെതിരെ വിവിധ കോടതികളിലായി ഉള്ളത്. 13 ലക്ഷത്തോളം രൂപ കോടതിയില്‍ കെട്ടിവെയ്ക്കുകയും ചെയ്തതായാണ് വിവരം. സരിതയെ കൊണ്ടുപോകാന്‍ സരിതയുടെ അമ്മയും മകളും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനും ജയിലിലെത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അവര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
സൗരോര്‍ജ പ്ലാന്റുകളും തമിഴ്‌നാട്ടില്‍ കാറ്റാടിപ്പാടങ്ങളും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസുകളിലാണ് കഴിഞ്ഞവര്‍ഷം സരിത എസ്. നായരും ബിജു രാധാകൃഷ്ണനും അറസ്റ്റിലായത്.

പെരുമ്പാവൂര്‍ മുടിക്കല്‍ കുറ്റപ്പാലില്‍ സജാദിന് കാറ്റാടിപ്പാടവും സൗരോര്‍ജ പ്ലാന്റും നിര്‍മിച്ച് നല്‍കാമെന്ന് ധരിപ്പിച്ച് 40,50,000 രൂപ തട്ടിയെടുത്ത കേസ്സിലാണ് സരിതയെ ആദ്യം അറസ്റ്റുചെയ്തത്. പിന്നീട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി പരാതികള്‍ ഉയര്‍ന്നുവരികയും നിരവധി കേസുകള്‍ സരിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എറണാകുളം ചിറ്റൂര്‍ റോഡില്‍ 'ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് പ്രൈ. ലിമിറ്റഡ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സരിതയും ബിജു രാധാകൃഷ്ണനും.
തിരുവനന്തപുരം കവടിയാറില്‍ 'ക്രഡിറ്റ് ഇന്ത്യ' എന്ന സ്ഥാപനം നടത്തിവരുന്നതിനിടെ തട്ടിപ്പുകേസില്‍ 2009ല്‍ ഇരുവരെയും പോലീസ് നേരത്തെ അറസ്റ്റുചെയ്യുകയും ആറുമാസം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം 2011 ലാണ് എറണാകുളത്ത് പുതിയ സ്ഥാപനം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി. കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സരിതയെ പിടികൂടിയത്. പിന്നീട് കോയമ്പത്തൂരില്‍വെച്ച് ബിജു രാധാകൃഷ്ണനും പിടിയിലായതോടെ സോളാര്‍തട്ടിപ്പ് കേസ് രാഷ്ട്രീയകേന്ദ്രങ്ങളെ പിടിച്ചുലച്ചു.

സരിത എസ്. നായരും ബിജു രാധാകൃഷ്ണനും പിടിയിലായതോടെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നുവന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ചലച്ചിത്രതാരം ശാലു മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുകയും ചെയ്തു. ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്ണന്‍ ഇപ്പോഴും ജയിലിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.