Latest News

സ്‌ത്രീകളെ മര്‍ദിച്ച സംഭവം: ജമാഅത്ത്‌ ഭാരവാഹികള്‍ക്കു തടവും പിഴയും

മാവേലിക്കര: സ്‌ത്രീകളെ മര്‍ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്‌ത കേസില്‍ ജമാഅത്ത്‌ ഭാരവാഹികളായ ആറുപേര്‍ക്കു തടവും പിഴയും. ചുനക്കരവടക്ക്‌ നൂറുല്‍ ഇസ്‌ലാം ജമാഅത്ത്‌ പള്ളി ഭാരവാഹികളായ ചാരുംമൂട്‌ പേരൂര്‍കാരാണ്മ ഹസീന മന്‍സിലില്‍ അബ്‌ദുള്‍ റഹ്‌മാന്‍, ചുനക്കര വി.എച്ച്‌.എസ്‌.ഇ. അധ്യാപകന്‍ കോട്ടുകല്ലില്‍ ഷൗക്കത്ത്‌, പാറയില്‍ അബ്‌ദുള്‍ ജബാര്‍, അജ്‌മല്‍ മന്‍സിലില്‍ അബ്‌ദുള്‍ വാഹിദ്‌, പുന്നപ്പറമ്പില്‍ സലിം, പുന്തലേത്ത്‌ പുത്തന്‍വീട്ടില്‍ ഷംസുദീന്‍ എന്നിവരെയാണു മാവേലിക്കര ഫസ്‌റ്റ്‌ ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ എ. ജുബിയ ശിക്ഷിച്ചത്‌. അബ്‌ദുള്‍റഹ്‌മാന്‌ രണ്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും മറ്റു പ്രതികള്‍ക്ക്‌ ഒരുവര്‍ഷം കഠിനതടവും 5,000 രൂപ വീതം പിഴയുമാണു ശിക്ഷ.

2010 ജൂലൈ രണ്ടിനാണു കേസിനാസ്‌പദമായ സംഭവം. ചുനക്കര തെരുവില്‍ വീട്ടില്‍ അജിത, സഹോദരി സുല്‍ത്താനിയയില്‍ റഷീദ, മകള്‍ ഐഫ, അജിതയുടെ മാതാവ്‌ സുഹ്‌റ, മരുമകള്‍ മുംതാസ്‌ എന്നിവരെ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടു മര്‍ദിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്‌ത കേസിലാണു വിധി. സ്‌ത്രീകളെ അപമാനിെച്ചന്ന കുറ്റത്തിനും കൂടിയാണ്‌ ഒന്നാംപ്രതിക്ക്‌ രണ്ടുവര്‍ഷം തടവു ലഭിച്ചത്‌.

പിഴത്തുകയില്‍നിന്ന്‌ 10,000 രൂപ അജിതയ്‌ക്കും 5,000 രൂപ വീതം മുംതാസിനും ഐഫയ്‌ക്കും നല്‍കാനും കോടതി ഉത്തരവായി. കേസില്‍ പ്രതിചേര്‍ത്തിരുന്ന ചാരുംമൂട്‌ പേരൂര്‍കാരാണ്മ എം.എച്ച്‌. മന്‍സിലില്‍ മുസ്‌തഫാ റാവുത്തറെ വെറുതേവിട്ടു. കോടതിയില്‍ ഹാജരാകാതിരുന്ന മറ്റൊരുപ്രതി ജിജി കാസിമിനെതിരേ അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. പള്ളിയിലേക്കുള്ള പൊതുവഴിയുടെ വശത്തായുള്ള അജിതയുടേയും മറ്റും വസ്‌തുവിലേക്കുള്ള പ്രവേശനം തടസപ്പെടുത്തിക്കൊണ്ട്‌ ജമാഅത്ത്‌ ഭാരവാഹികള്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനെ ചോദ്യം ചെയ്‌തതിലുള്ള വിരോധമാണ്‌ അക്രമത്തില്‍ കലാശിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി അസി. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മനോജ്‌ ജോണ്‍ ഹാജരായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.