Latest News

ഹോട്ടലില്‍ മുറിയെടുത്ത് കഞ്ചാവ് ഉപയോഗം: ഏഴ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

തൃശ്ശൂര്‍ : തൃശ്ശൂരില്‍ പഠിക്കുന്ന വിവിധ ജില്ലക്കാരായ ഏഴ് വിദ്യാര്‍ത്ഥികളെ ഹോട്ടലില്‍ മുറി വാടകയ്‌ക്കെടുത്ത് കഞ്ചാവ് വലിച്ചതിന് ഷാഡോ പോലീസ് പിടികൂടി. കേസെടുക്കുന്നതും മറ്റും ഭാവി ഇല്ലാതാക്കുമെന്നതിനാല്‍ കൗണ്‍സലിങ് നല്‍കി വിട്ടയയ്ക്കാനാണ് പോലീസ് പരിപാടിയിട്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ ഇങ്ങനെ ഒരു പരിഗണന ഉണ്ടാവില്ലെന്ന് പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഹരിശങ്കര്‍ അറിയിച്ചു.

പ്ലസ്ടു പരീക്ഷ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥികളുടെ കഞ്ചാവുപയോഗം. അവരവരുടെ നാടുകളില്‍ നിന്നാണിവര്‍ കഞ്ചാവ് ശേഖരിക്കുന്നത്. സിഗററ്റുപോലെ വലിക്കുകയാണ് ചെയ്യുന്നത്. സ്‌കൂളിന് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഈ കുട്ടികള്‍ ഒന്നിച്ച് വീടെടുത്ത് താമസിക്കുകയാണ്. ഇവിടെനിന്ന് കഞ്ചാവുപയോഗത്തിനായി ഹോട്ടല്‍ മുറിയിലേക്ക് വരികയാണ് പതിവ്. പലപ്പോഴും രാത്രിയിലാണ് ഇവര്‍ മുറിയെടുക്കുന്നതെന്ന് ഹോട്ടര്‍ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. അഞ്ചാമത്തെ തവണയാണ് ഈ വിദ്യാര്‍ഥികള്‍ ഇതേ ഹോട്ടലില്‍ തന്നെ മുറിയെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

ഹോട്ടലില്‍ മുറിയെടുത്ത് വിദ്യാര്‍ഥികള്‍ കഞ്ചാവുപയോഗിക്കുന്നത്‌ പോലീസിന്റെ ശ്രദ്ധയില്‍പെടുന്നത് ഇതാദ്യമാണ്. രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി കൗണ്‍സലിങ് നല്‍കിയ ശേഷമാണ് വിട്ടയയ്ക്കുക.
ഗ്രൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ഥികളുടെ കഞ്ചാവുപയോഗമാണ് ഇതുവരെ പോലീസിന്റെ മുന്നില്‍ എത്തിയിരുന്നത്. തൃശ്ശൂര്‍ നഗരത്തിലും ചുറ്റുവട്ടങ്ങളിലുമുള്ള മിക്ക ഗ്രൗണ്ടുകളില്‍നിന്ന് ഇത്തരം സംഘങ്ങളെ പിടികൂടിയിരുന്നു. നഗരത്തിന്റെ നടുക്കുള്ള കോര്‍പ്പറേഷന്‍ സ്റ്റേഡിയം, തോപ്പ് സ്റ്റേഡിയം, അരണാട്ടുകര നേതാജി ഗ്രൗണ്ട് തുടങ്ങിയവയായിരുന്നു കേന്ദ്രങ്ങള്‍. പറവട്ടാനിയിലെ ഗ്രൗണ്ടില്‍ കഞ്ചാവുപയോഗിക്കുന്ന 22 വിദ്യാര്‍ത്ഥികളെയാണ് പോലീസ് ഒരിക്കല്‍ പിടികൂടിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.