Latest News

കണ്ണൂരില്‍ സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തകയേയും യുവാവിനെയും ബന്ദികളാക്കി

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ മാധ്യമ പ്രവര്‍ത്തകയേയും സുഹൃത്തായ യുവാവിനെയും അഞ്ചംഗ സദാചാര ഗുണ്ടകള്‍ ചേര്‍ന്ന് ബന്ദികളാക്കി. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. ശ്രീകണ്ഠപുരം സ്വദേശിയായ 20 കാരിയാണ് സദാചാര ഗുണ്ടകളുടെ നിഷ്ട്ഠൂര പ്രവര്‍ത്തിക്ക് ഇരയാക്കപ്പെട്ടത്.

പൊതുപ്രവര്‍ത്തക കൂടിയായ ഈ മുസ്ലിം മാധ്യമ പ്രവര്‍ത്തക തളിപ്പറമ്പ പട്ടുവം സ്വദേശിയും പൊതു രംഗത്തെ സഹപ്രവര്‍ത്തകനുമായ സുഹൃത്തിനൊപ്പം സഞ്ചരിക്കവെയാണ് സംഭവമുണ്ടായത്. സംഭവം നടന്നയുടന്‍ തളിപ്പറമ്പ എസ്. ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്ന് രണ്ട്‌പേര്‍ അറസ്റ്റിലായി, തളിപ്പറമ്പ് മാര്‍ക്കറ്റില്‍ മൊബൈല്‍ സിറ്റി എന്ന പേരില്‍ സ്ഥാപനം നടത്തുന്ന പരിയാരം പൊയ്യില്‍ സ്വദേശിയായ മീത്തലെ പുരയില്‍ ബഷീര്‍ (29) തളിപ്പറമ്പ് സാദിരി പള്ളിക്ക് സമീപത്തെ കെ.വി നാസര്‍ (43) എന്നിവരാണ് പോലീസ് പിടിയിലായത്.

തളിപ്പറമ്പ മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പോയി മടങ്ങി വരവേയാണ് സദാചാര പോലീസ് ഇവരെ തടഞ്ഞു വച്ചത്. മുസ്ലിം യുവതിയായ നിനക്ക് അന്യ മതക്കാരനൊപ്പം സഞ്ചരിക്കാന്‍ എങ്ങിനെ ധൈര്യംവന്നു എന്ന് അഞ്ചംഗ സംഘം യുവതിയോട് ഭീഷണി സ്വരത്തില്‍ ചോദ്യം ഉന്നയിച്ചു. എന്നാല്‍ മാധ്യമ പ്രവര്‍ത്തക തക്കതായ മറുപടി നല്‍കിയപ്പോള്‍ സുഹൃത്തായ 18 കാരന് നേരെയായി സംഘത്തിന്റെ ഭീഷണി. തുടര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തി ഓടിപ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകയെ ബന്ദിയാക്കുകയായിരുന്നു.

പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് നഗര മധ്യത്തില്‍ സദാചാര ഗുണ്ടകളുടെ അഴിഞ്ഞാട്ടം. തുടര്‍ന്ന് യുവതിയുടെ ബന്ധുവും മറ്റൊരു സുഹൃത്തുമായ മാധ്യമ പ്രവര്‍ത്തകനും ജനപ്രതിനിധികളോടൊപ്പമെത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്.

താനും സുഹൃത്തും ഉച്ച ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയത് മുതല്‍ ഓരാള്‍ പിന്‍തുടര്‍ന്നിരുന്നതായി മാധ്യമ പ്രവര്‍ത്തക പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേസിലെ മുഖ്യ പ്രതിയായ ഇയാള്‍ നിലവില്‍ ഒളിവിലാണ്, പിടികിട്ടാനുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയതായി തളിപ്പറമ്പ എസ്. ഐ അനില്‍കുമാര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, case, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.