Latest News

ഗുജറാത്ത് കലാപം: ഇരയും വേട്ടക്കാരനും തളിപറമ്പില്‍ ഒന്നിക്കുന്നു

തളിപ്പറമ്പ്: 2002ലെ ഗുജറാത്ത് കലാപനാളുകളിലെ ലോകം ഒരിക്കലും മറക്കാത്ത രണ്ടു മുഖങ്ങളാണ് അശോക് മോച്ചിയും കുത്തുബുദ്ദീന്‍ അന്‍സാരിയും. ഒരു കയ്യില്‍ കുന്തമുയര്‍ത്തി അലറുന്ന അശോക് മോച്ചയും ജീവനുവേണ്ടി യാചിക്കുന്ന കുത്തുബുദ്ദീന്‍ അന്‍സാരിയും പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ഒരു വേദിയില്‍ ഒന്നാവുകയാണ്.

തലയില്‍ കാവി റിബണ്‍ ചുറ്റി, കൈയ്യില്‍ കുന്തവുമേന്തി ആക്രോശിച്ച് നില്‍ക്കുന്ന അശോക് മോച്ചി കലാപത്തിന്റെ തന്നെ പ്രതിരൂപമായി മാറുകയായിരുന്നു. ദളിതനായ താന്‍ എങ്ങനെയാണ് വംശഹത്യയുടെ ഭാഗമായതെന്ന് മോച്ചി പിന്നീട് തിരിച്ചറിഞ്ഞു. ഒരു വീഴ്ചയ്ക്ക് ലോകം തന്ന വേട്ടക്കാരന്റെ ക്രൂരമുഖം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവാവ്. അക്രമത്തിന് ഇരയായവരോട് ഇയാള്‍ പരസ്യമായി മാപ്പിരന്നിരുന്നു.

ചെയ്തുപോയ കൊടും ക്രൂരതകള്‍ ഏറ്റുപറഞ്ഞ മോച്ചി, ഇന്നു ഗുജറാത്തിലെ പാവപ്പെട്ട മുസ്‌ലിം സഹോദരങ്ങളുടെ ക്ഷേമത്തിനായാണു പ്രവര്‍ത്തിക്കുന്നത്. ഒപ്പം സംഘ്പരിവാര്‍ സംഘടനകളുടെ ക്രൂരതകള്‍ക്കെതിരേ പ്രതികരിക്കാനും സമയം കണ്ടെത്തുന്നു.

ഇന്ത്യന്‍ മനസാക്ഷിയെ ഞെട്ടിച്ച ഗുജറാത്ത് കലാപത്തില്‍ ഒരു പക്ഷെ ഒരിക്കലും മറക്കാത്ത ചിത്രമായിരുന്നു കുത്തുബുദ്ദീന്‍ അന്‍സാരിയുടെത്. കലാപത്തിന്റെ ഭീകരതയില്‍ മാസങ്ങളോളം നിശബ്ദനായ അന്‍സാരി പിന്നീട് പശ്ചിമ ബംഗാളിലേക്കു അഭയം നേടുകയായിരുന്നു. അവിടെയാണു പിന്നീടു ജീവിതം കരുപ്പിടിപ്പിച്ചത്. അടുത്തിടെയാണ് ജന്മനാടായ ഗുജറാത്തിലേക്കു മടങ്ങിയത്.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മൂന്നിന് തളിപ്പറമ്പില്‍ നടക്കുന്ന ‘വംശഹത്യയുടെ വ്യാഴവട്ടം’ സെമിനാറിലാണ് ഇരുവരുമെത്തുന്നത്. ജില്ലയിലെ 18 സാംസ്‌കാരികസംഘടനകള്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കുത്തുബുദ്ദീന്‍ അന്‍സാരിയുടെ മലയാളത്തില്‍ തയ്യാറാക്കിയ ആത്മകഥ പ്രകാശനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gujarath, Thaliparamb.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.