Latest News

മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി, ജില്ലാ ഭാരവാഹികളടക്കം രാജിക്കൊരുങ്ങുന്നു

കാസര്‍കോട്: ചെമ്പിരിക്ക ഖാസിയുടെ മരണം ഉള്‍പ്പെടെ ഏറെ ആരോപണ വിദേയനായ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ഹബീബ് റഹ്മാനെ മുസ്‌ലിം ലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളും പ്രവര്‍ത്തകരും രാജിക്കൊരുങ്ങുന്നു. മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ജില്ലാ നേതാക്കളടങ്ങമുളളവരുടെ രാജിക്കത്ത് അടുത്ത ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

കാസര്‍കോട് ചെമ്മനാട് സ്വദേശിയുമായ ഹബീബ് റഹ്മാനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വം നിരവധി തവണ ലീഗ് സംസ്ഥാന നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇയാള്‍ക്ക് സ്ഥാനകയററം നല്‍കുന്ന നിലപാടാണുണ്ടായത്. ഇപ്പോള്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഹബീബ് റഹ്മാനെ യുവജന കാര്യ ക്ഷേമവകുപ്പിന്റെ തലപ്പത്ത് നിയമിച്ചത്. ഇതാണ് ലീഗ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചത്.
ചെമ്പിരിക്ക ഖാസിയും സമസ്ത ഉപാധ്യക്ഷനുമായ സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ അട്ടിമറിച്ചത് അന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായിരുന്ന ഹബീബ് റഹ്മാനാണെന്നാണ് ലീഗിന്റെ ആരോപണം. ഇതേ ആരോപണവുമായി സമസ്തയും, എസ്.കെ. എസ്.എസ്.എഫും പരസ്യമായി രംഗത്ത് വന്നിരുന്നു.

അതേ സമയം ഞായറാഴ്ച ചെര്‍ക്കളയില്‍ നടന്ന എസ്.വൈ.എസ് സമ്മേളനത്തില്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളടക്കമുളളവര്‍ കാന്തപുരം വിഭാഗത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചതും ലീഗില്‍ വിവാദത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ ഇത് ലീഗിന് ക്ഷീണമുണ്ടാക്കുമെന്നാണ് ലീഗ് നേതൃത്വം കണക്ക് കൂട്ടുന്നത്. കാസര്‍കോട് മണ്ഡലം ലീഗിന് ലഭിക്കുമെന്ന് ഏറെകുറേ ഉറപ്പിച്ച ഈ അവസരത്തില്‍ മണ്ഡലത്തിലെ കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ ലീഗിന് അനുകൂലമാക്കാനുളള ജില്ലയിലെ ലീഗ് നേതൃത്വത്തിന്റെ ഏറെ നാളത്തെ പരിശ്രമങ്ങള്‍ വഴിമുട്ടുന്ന അവസ്ഥയാണ് എസ്.വൈ.എസ് സമ്മേളനത്തോടെ ഉടലെടുത്തിരിക്കുന്നത്.

കൂടാതെ ചന്ദ്രിക ദിനപത്രത്തിന്റെ ക്യാമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപകമായി നടന്നുകെണ്ടിരിക്കുന്ന സമയത്ത് എസ്.വൈ.എസ് സമ്മേളന വേദിയില്‍ വെച്ച് ചന്ദ്രികയ്ക്ക് പേടി സ്വപ്നമായി പുറത്തിറങ്ങാന്‍ പോവുന്ന സുപ്രഭാതം പത്രത്തിനെ വാനോളം പുകഴ്ത്തിയ ഹൈദരലി തങ്ങളുടെ പ്രസംഗവും ലീഗ് അണികളെ ചൊടിപ്പിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.