Latest News

കട്ടിലില്‍ കിടക്കുകയായിരുന്ന അജ്മലിനെ പാര ഉപയോഗിച്ച് തലയ്ക്കടിച്ചതായി സിനി

ചിങ്ങവനം: കട്ടിലില്‍ കിടക്കുകയായിരുന്ന അജ്മലിന്റെ തലയ്ക്കു പിന്നില്‍ തേങ്ങാ പൊതിക്കുന്ന പാരയക്ക് ഞാന്‍ പല തവണ അടിച്ചു. യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്റിലായ പനച്ചിക്കാട് നെല്ലിക്കല്‍ കോഴിമറ്റത്തില്‍ സിനി (40) യെ തെളിവെടുപ്പിനായി വെള്ളിയാഴ്ച നെല്ലിക്കലെ വസതിയില്‍ കൊണ്ടു വന്നപ്പോള്‍ പോലീസിനോട് പറഞ്ഞതാണിത്.

അജ്മലിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചത് എങ്ങനെയെന്ന് പ്രതി സിനി പോലീസിന് കാട്ടിക്കൊടുത്തു. സംഭവ ദിവസം രാത്രിയില്‍ സിനിയുടെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അജ്മലിന്റെ തലയ്ക്കടിച്ചതെന്ന് സിനി പോലീസിനോട് പറഞ്ഞു. തേങ്ങാ പൊതിക്കുന്ന പാര ഉപയോഗിച്ചായിരുന്നു അടി. അടിയേറ്റ് പിടഞ്ഞു വീണ അജ്മല്‍ മരിച്ചെന്നു കരുതി വലിച്ചിഴച്ച് മുറ്റത്തു കൊണ്ടുവന്നു. പിന്നീട് മൃതദേഹം കിണറ്റിലും സെപ്റ്റിക് ടാങ്കിലും മറവു ചെയ്യുന്നതിനായി ശ്രമിച്ചെങ്കിലും വിഫലമായി. നേരം പുലര്‍ന്നതോടെ ഇനി മൃതദേഹം ഒളിപ്പിക്കല്‍ നടക്കില്ല എന്നു മനസിലായി. ഇതോടെ ഒളിവില്‍ പോവുകയായിരുന്നുവെന്നും സിനി പോലീസിനോട് പറഞ്ഞു.

ഒളിവിലായിരിക്കേ അര്‍ത്തുങ്കലില്‍ കടലില്‍ ചാടി മരിക്കുവാനുള്ള ശ്രമവും സിനി നടത്തിയതായി പോലീസിനോട്് പറഞ്ഞു. കടലില്‍ നിന്നും ഒരു മുക്കുവനാണത്രേ രക്ഷപെടുത്തിയത്. എന്നാല്‍ ഇത് പോലീസ് വിശ്വസിക്കുന്നില്ല. വെള്ളിയാഴ്ച ഉച്ചക്ക് 12മണിയോടെ സിനിയുമായി വീട്ടിലെത്തിയ പോലീസ് സംഘത്തെ കാണാന്‍ വന്‍ ജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. സിനിയും, അജ്മലും കോട്ടയത്തെ പ്രമുഖ വാഹന വിതരണ കമ്പനിയിലെ ജീവനക്കാരായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവായ സിനിയും അവിവാഹിതനായ അജ്മലും തമ്മില്‍ നേരത്തേ തന്നെ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിയെട്ടിന് വൈകിട്ട് അജ്മല്‍ സിനിയുടെ വീട്ടിലെത്തി. രാത്രി 12 മണിയോടെ അജ്മലിന്റെ മൊബൈലിലേക്ക് മറ്റൊരു യുവതിയുടെ മെസ്സേജ് വന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് സിനിയെ അക്രമത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു.

ചങ്ങനാശ്ശേരി സിഐ വി.എ.നിഷാദ് മോന്‍, ചിങ്ങവനം എസ്‌ഐ എസ്.നിസ്സാം, അന്വേഷണ സംഘത്തിലുള്ള എസ്‌ഐമാരായ പി.വി. പുഷപന്‍,ഗോപി, സിപിഒ മാരായ അശോകന്‍, സന്‍ജോ, വനിതാപോലീസുകാരായ തങ്കമണി, ഷീനാ മോഹന്‍ എന്നിവരാണ് തെളിവെടുപ്പിന് പ്രതിയെ കൊണ്ടുവന്നത്.

താനുമായി അടുപ്പത്തിലായിരുന്ന അജ്മല്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്നറിഞ്ഞപ്പോഴുണ്ടായ വൈരാഗ്യത്തിലാണ് ഇതൊക്കെ ചെയ്തതെന്നും തെളിവെടുപ്പിനിടെ സിനി പോലീസിനോട് പറഞ്ഞു. തെളിവെടുപ്പ് പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ വെള്ളിയാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡു ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Lady, Sini, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.