Latest News

കൊടി സുനിയും സംഘവുമെത്തി; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സമാധാനം നഷ്ടപ്പെട്ട അവസ്ഥ

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒമ്പതുപേര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയതോടെ ഇവിടെയും ജയില്‍ ഉദ്യോഗസ്ഥരുടെ സമാധാനം നഷ്ടപ്പെട്ട അവസ്ഥയായി. വ്യാഴാഴ്ച രാത്രി 11.30ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രത്യേക പൊലീസ് വാഹനത്തില്‍ ഇവരെ വിയ്യൂരിലെത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ തൃശൂരിലെ ചില സി.പി.എം പ്രവര്‍ത്തകരും മുന്‍ ജയില്‍ ഉപദേശകസമിതിയംഗവും ഉള്‍പ്പെടെ ഇവരെ കാണാനെത്തിയെങ്കിലും ജയിലധികൃതര്‍ അനുമതി നല്‍കിയില്ല. ഇതിനുശേഷം ഉച്ചയോടെ തൃശൂരിലെ മാധ്യമങ്ങളിലേക്ക് കണ്ണൂരില്‍ നിന്നാണെന്ന് പറഞ്ഞ് ചില ഫോണുകളെത്തി. പ്രതികളെ അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നായിരുന്നു സന്ദേശം. എന്നാല്‍ ജയിലധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.

ശിക്ഷാതടവുകാര്‍ സെലിബ്രിറ്റി പരിവേഷത്തോടെയാണ് ജയിലിലെത്തിയത്. വെള്ളിയാഴ്ച രാവിലെ ഓരോരുത്തര്‍ക്കും തടവുകാരുടെ രജിസ്റ്ററില്‍ പേര് ചേര്‍ത്ത് നന്പര്‍ നല്‍കി. എം.സി അനൂപിന് 1608 നന്പറും കിര്‍മാണി മനോജിന് 1609ഉം കൊടി സുനിയ്ക്ക് 1610ഉം, ടി.കെ രജീഷ് 1611ഉം ഷാഫി 1612, അണ്ണന്‍ സിജിത്ത് 1613, ഷിനോജ് 1614, ട്രൗസര്‍ മനോജ് 1615, റഫീക്ക് 1616 എന്നിങ്ങനെയാണ് ചേര്‍ത്തിരിക്കുന്നത്. എ,ബി,സി,ഡി ബ്ലോക്കുകളിലും മറ്റ് ബ്ലോക്കുകളിലുമായി ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് തടവില്‍ പാര്‍പ്പിച്ചിട്ടുള്ളത്. ഡി.ജി.പിയുടെ ഉത്തരവില്‍ തന്നെ ഇവരെ വേര്‍തിരിച്ചിടണമെന്ന പ്രത്യേക നിര്‍ദ്ദേശമുണ്ട്. ഇവര്‍ക്കു പുറമെ അന്ധേരി സുര അടക്കം മറ്റു ചില കണ്ണൂരില്‍ നിന്നുള്ള പ്രതികളും ഇവിടെ തടവിലുണ്ട്. ഇവര്‍ക്കൊപ്പം ഈ പ്രതികള്‍ വരാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജയിലില്‍ അധികൃതര്‍ പുതിയ തടവുകാരുടെ വരവോടെ ഭയപ്പാടിലാണ്. ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുള്ള വിവാദം ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വിവാദമുണ്ടാക്കി തടവുകാരെ പൂജപ്പുരയിലേക്കോ കണ്ണൂര്‍ക്കോ മാറ്റുന്നതിനുള്ള തന്ത്രമാണിതെന്നാണ് ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മിക്കവാറും ഒരാഴ്ചക്കകം ഇവരെ പൂജപ്പുരയിലേക്ക് മാറ്റിയേക്കുമെന്നും അറിയുന്നു.

സുരക്ഷാ പ്രശ്‌നം വിയ്യൂരില്‍ ജയില്‍ അധികൃതര്‍ക്കും പൊലീസിനും ബാദ്ധ്യതയാകും. ഹൈസെക്യൂരിറ്റി ജയിലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ ഇത്തരം തടവുകാരെ അവിടേക്ക് മാറ്റാനാകും. മാര്‍ച്ച് അവസാനത്തോടെ നിര്‍മ്മാണ പ്രവൃത്തികള്‍ തീരുകയാണ്. ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് വര്‍ക്കുകളാണ് പിന്നെ പൂര്‍ത്തിയാകാനുള്ളത്. അതുകൂടി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ തിരക്കിട്ട് ശ്രമം ആരംഭിച്ചിട്ടുണ്ട്.

തടവുകാര്‍ വിയ്യൂരില്‍ കഴിയുന്നതും പൂജപ്പുരയില്‍ കഴിയുന്നതും ജയില്‍ അധികൃതര്‍ക്ക് ബാദ്ധ്യതയാകും. ടി.പി വധത്തില്‍ ശിക്ഷിക്കപ്പെട്ട പലര്‍ക്കുമെതിരെ കോഴിക്കോട് കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്. ഇതിന്റെ പലതിന്റെയും വിചാരണ നടക്കുകയാണ്. ഇതിനാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകല്‍ തന്നെ വലിയ തലവേദനയും ബാദ്ധ്യതയുമാകും. പൂജപ്പുരയിലാണെങ്കില്‍ പിന്നെയും ഉത്തരവാദിത്വമേറും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P. Murder Case, Viyyur Centrel Jayil

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.