Latest News

മോഷണം ഒറ്റയ്ക്ക് പകല്‍ സമയം മാത്രം; അസിന്‍ ജോസ്-മോഷ്ടാക്കളിലെ കള്‍ട്ട് ഫിഗര്‍: ഒരു മീശ മാധവന്റെ കഥ

കൊച്ചി: മോഷ്ടാക്കളിലെ കള്‍ട്ട് ഫിഗര്‍- ഇതാണ് വെള്ളിയാഴ്ച എറണാകുളം തേവരയില്‍നിന്നും പിടിയിലായ ചാലക്കുടി സ്വദേശി അസിന്‍ ജോസിനു പോലീസ് നല്‍കിയ വിശേഷണം. മോഷണത്തോടുള്ള കമ്പം 17ാം വയസില്‍ തുടങ്ങി. എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 45 ഓളം ഹൈ പ്രൊഫൈല്‍ മോഷണമാണു അസിന്‍ നടത്തിയത്. എല്ലാം ഒറ്റയ്ക്കുള്ള ഓപ്പറേഷന്‍. 

പോലീസിന്റെ അതീവ സുരക്ഷാ മേഖലയായ തിരുവനന്തപുരത്തെ ക്ലിഫ് ഹൗസിനു സമീപത്തെ ഫ്‌ളാറ്റ്‌ , കോട്ടയം ബിഷപ്‌സ് ഹൗസ്, വിവിധ ജില്ലകളിലെ പള്ളികള്‍, സ്ഥാപനങ്ങള്‍, ഫ്‌ളാറ്റുകള്‍ എന്നിവയടക്കം നിരവധി സ്ഥലങ്ങളില്‍നിന്നും പണം, വിദേശ കറന്‍സി, ആഭരണം എന്നിവ മോഷ്ടിച്ചു.മോഷണം നടത്തിയിരുന്നതു പകല്‍ സമയങ്ങളില്‍ മാത്രം. പ്ലസ് ടു വിദ്യാഭ്യാസം മാത്രമാണു അസിനുള്ളതെങ്കിലും മോഷ്ണത്തില്‍ ഹൈടെക്ക് ആയിരുന്നു. മോഷണവിവരം പുറത്തുപോകരുതെന്ന നിബന്ധനയുള്ളതിനാല്‍ ഏതു വലിയ ഓപ്പറേഷനും നടത്തിയിരുന്നത് ഒറ്റയ്ക്കായിരുന്നു.

മോഷണക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടു ജയിലില്‍നിന്നു കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ ഇയാള്‍ മറൈന്‍ ഡ്രൈവിലുള്ള അശോക അപ്പാര്‍ട്ട്മന്റ്‌സില്‍നിന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. തുടര്‍ന്നു ചെന്നൈ, ഹൈദരാബാദ്, ബാംഗളുര്‍, ഗോവ എന്നിവിടങ്ങളില്‍ ആഡംബര ഹോട്ടലുകളിലും ബാറുകളിലും പബ്ബിലുകളിലുമായി ജീവിതം നയിച്ചുവരികയായിരുന്നു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേയുള്ള കേസിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച തേവരയിലെ മട്ടമ്മലില്‍നിന്നും അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ 2006ല്‍ തിരുവനന്തപുരം പട്ടത്തുള്ള ഫ്‌ളാറ്റില്‍നിന്നു 54 പവന്‍ സ്വര്‍ണാഭരങ്ങള്‍ മോഷ്ടിച്ച വിവരവും പാലക്കാട് ടൗണിലുള്ള പള്ളിയില്‍നിന്നു നാലു ലക്ഷം രൂപ വിലമതിക്കുന്ന ഡോളറുകളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച വിവരവും പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്‌ .പകല്‍ സമയങ്ങളില്‍ പൂട്ടിക്കിടക്കുന്ന ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് അസിന്‍ ജോസിന്റെ മോഷണരീതി. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് കൂളിംഗ് ഗ്ലാസ് വച്ച് എക്‌സിക്യൂട്ടീവ് സ്റ്റൈലില്‍ എത്തുകയാണു പതിവ്.

ആറ് അടി പൊക്കമുള്ള അസിന്‍ ആകര്‍ഷണീയമായ വ്യക്തിത്വത്തിനും ഉടമയായിരുന്നു. കുറച്ചുനാള്‍ മുമ്പ് അസിന്‍ എളംകുളത്തെ നേവി ക്വാര്‍ട്ടേഴ്‌സായ വര്‍ഷയില്‍ കൂളിംഗ് ഗ്ലാസ് ധരിച്ചെത്തി. ഗേറ്റിലെത്തിയ അസിനെ നേവിയിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന ധാരണയില്‍ സെക്യൂരിറ്റി ഗാര്‍ഡ് സല്യൂട്ട് ചെയ്താണു സ്വീകരിച്ചത്. മോഷണത്തിനാണെന്ന വിവരം പാവം സെക്യൂരിറ്റി ഗാര്‍ഡ് അറിയുന്നത് പത്രത്തില്‍ വാര്‍ത്ത വന്നപ്പോള്‍. 

വീടും സ്ഥാപനങ്ങളും കുത്തിത്തുറന്നു മോഷണം നടത്തുന്ന അതേ ബുദ്ധികൂര്‍മത സ്ത്രീകളുടെ ഹൃദയം കവരുന്നതിലും അസിന്‍ ഉപയോഗിച്ചു. വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നു പറഞ്ഞു കമ്പളിപ്പിച്ചു. യുവതിയുമൊത്തു നിരവധി സ്ഥലങ്ങളില്‍ കറങ്ങി നടക്കുകയും ചെയ്തു. അസിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് മോഷ്ടാവാണെന്ന വിവരം യുവതി അറിഞ്ഞത്.

2002ല്‍ 17 വയസുള്ളപ്പോഴാണ് ആദ്യമായി അസിന്‍ ജോസ് മോഷണക്കേസില്‍ പിടിയിലാവുന്നത്. ചാലക്കുടി ഫൊറോന പള്ളിയില്‍നിന്ന് 10,000 രൂപ മോഷ്ടിച്ച കേസില്‍ തൃശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. ഒരു വര്‍ഷത്തിനുശേഷം തൃശൂര്‍ പുത്തന്‍പള്ളിയില്‍ അടുത്ത മോഷണം നടത്തി. 2004ല്‍ തൃശൂര്‍ ജൂബിലിമിഷന്‍ ആസ്പത്രി ക്വാര്‍ട്ടേഴിസില്‍നിന്ന് അരലക്ഷം രൂപ മോഷ്ടിച്ചു വീണ്ടും പിടിയിലായി. 2005ല്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഫ്‌ളാറ്റില്‍നിന്ന് 75,000 രൂപ മോഷ്ടിച്ച കേസിലും 2005ല്‍ കോട്ടയം ബിഷപ് ഹൗസില്‍നിന്ന് ലാപ്‌ടോപ് മോഷ്ടിച്ച കേസിലും പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Robbery, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.