Latest News

ടിപി വധഗൂഢാലോചനക്കേസ് സിബിഐക്ക് വിട്ടു

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചനക്കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്റെയും ഡി.ജിപിയുടെ റിപ്പോര്‍ട്ടിന്റെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കേസിലെ പ്രതികളും സ്വര്‍ണക്കടത്തുകാരനായ ഫയാസും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പടെ കേസ് സി.ബി.ഐക്ക് വിടാനുള്ള ആറ് കാരണങ്ങള്‍ വിശദമാക്കി വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല തീരുമാനം പ്രഖ്യാപിച്ചത്. കൊലപാതകക്കേസിലെ ചില പ്രതികള്‍ ഗോവ, മഹാരാഷ്ട്ര, കര്‍ണാടക എന്നിവടങ്ങളില്‍ ഒളിവില്‍ കഴിയുകയും അവര്‍ക്ക് ഒളിവില്‍ പോകാന്‍ ബൊലേറോ വാഹനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കിക്കൊടുത്തത് സി.പി.എം ആണെന്ന് കരുതാവുന്നതാണ്.

പ്രതികളുടെ അറസ്റ്റിനെ ചില ഉന്നത സി.പി.എം നേതാക്കള്‍ എതിര്‍ത്തതും ഭീഷണിപ്പെടുത്തുന്ന പ്രസംഗങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ കൊലപാതകത്തിന് പിന്നിലെ ഉന്നത ഗൂഢാലോചനയെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചതും ഉന്നത ബന്ധത്തിന്റെ സൂചനയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതും മൊബൈല്‍ ഫോണ്‍ റെക്കോഡും പരിശോധിച്ചതില്‍ നിന്നും ഇത് വ്യക്തമാണ്.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഫയാസും സി.പി.എം നേതാവായ പി മോഹനനേയും കൊലപാതകസംഘവുമായി കൃത്യത്തിന് മുമ്പും ശേഷവും ബന്ധപ്പെട്ടു. കേരളത്തിന് അകത്തും പുറത്തും ബന്ധങ്ങള്‍ ഉള്ളതിനാല്‍ സി.ബി.ഐ അന്വേഷിക്കേണ്ടതായിട്ടുണ്ട്. കേസിലെ പ്രതികള്‍ ജയിലിനുള്ളില്‍ വെച്ചും കൊലപാതകത്തിന് മുമ്പും മൊബൈലിലൂടെയും സി.പി.എം നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടതായി സി.ബി.സി.ഐ.ഡി നടത്തിയ അന്വേഷണത്തില്‍ വെളിവായിരുന്നു.

ഫയാസിന്റെ പങ്ക് കൂടി ഉള്ളതിനാല്‍ കൊലപാകത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനും സി.ബി.ഐ പോലൊരു ഏജന്‍സി അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. അന്താരാഷ്ട്ര ബന്ധമുള്ളതിനാല്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതാകും ഉചിതം. കൂടാതെ ഈ കേസില്‍ ഫയാസിന്റെ ബന്ധം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കത്തും പരിഗണിച്ചു. സര്‍ക്കാര്‍ ഇതും പരിഗണിച്ചാണ് കേസ് സി.ബി.ഐക്ക് വിടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,  TP murder, CBI

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.