Latest News

ഉദുമ ഗവ. കോളേജ് കാഞ്ഞിരടുക്കത്ത്; ആഹ്ലാദത്തില്‍ മലയോരഗ്രാമങ്ങള്‍

പെരിയ:  കാത്തിരിപ്പിനു വിരാമമിട്ട് ഉദുമ നിയോജക മണ്ഡലത്തില്‍ അനുവദിച്ച ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കാഞ്ഞിരടുക്കത്ത്  അനുവദിക്കാന്‍ തീരുമാനമായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 
ഈ അധ്യയന വര്‍ഷാരംഭത്തിനു മുന്‍പു തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്ലാത്ത നിയോജകമണ്ഡലങ്ങളില്‍ കോളജുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഉദുമ നിയോജക മണ്ഡലത്തിനനുവദിച്ച കോളജ് എവിടെ സ്ഥാപിക്കണമെന്നതു സംബന്ധിച്ച തര്‍ക്കമാണ് തീരുമാനം നീളാന്‍ കാരണം. പൊയിനാച്ചിക്കടുത്ത ബട്ടത്തൂര്‍, കാഞ്ഞിരടുക്കം എന്നിവിടങ്ങളായിരുന്നു പരിഗണനയില്‍. യുഡിഎഫ് ജില്ലാ നേതൃത്വം കാഞ്ഞിരടുക്കത്ത് കോളജ് വേണമെന്ന നിലപാടിലായിരുന്നു. 

എന്നാല്‍ ബട്ടത്തൂരില്‍ കോളജ് വേണമെന്ന ആവശ്യവുമായി കെ. കുഞ്ഞിരാമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ആദ്യം കര്‍മസമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയത് ഇക്കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാക്കി. പൊയിനാച്ചിയില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ കോളജ് കാഞ്ഞിരടുക്കത്തു തന്നെ വേണമെന്നു പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷനും നിലപാടെടുത്തു. 

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല, കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍, കാഞ്ഞിരടുക്കത്തെ കര്‍മസമിതി ഭാരവാഹികളായ പി.എം. അഗസ്റ്റിന്‍, അഗസ്റ്റിന്‍ ജോസഫ്, പി. രഘു എന്നിവര്‍ കോളജ് കാഞ്ഞിരടുക്കത്തു തന്നെ വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവരെ കണ്ടിരുന്നു. ഒടുവില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയും അനുകൂല നിലപാടെടുത്തതോടെയാണു കാഞ്ഞിരടുക്കത്തിനു നറുക്കുവീണത്

കാഞ്ഞിരടുക്കത്തുകാര്‍ മന്ത്രിസഭാ തീരുമാനം വന്നതോടെ മധുരവിതരണം നടത്തിയാണ് ആഹ്ലാദംപങ്കിട്ടത്. മധുരവിതരണത്തിനുശേഷം വൈ.എം.സി.എ. ഹാളില്‍നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍ അധ്യക്ഷതവഹിച്ചു. കര്‍മസമിതി ചെയര്‍മാന്‍ പി.ഗംഗാധരന്‍ നായര്‍, ജോര്‍ജ് പൈനാപ്പിള്ളി, ടി.രമാകൃഷ്ണന്‍, അഡ്വ. എം.കെ.ബാബുരാജ്, പി.എം.അഗസ്റ്റിന്‍, രഘു ചൂളിക്കാട്, അഗസ്റ്റിന്‍ കാഞ്ഞിരടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.