Latest News

കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ചവരുത്തിയ ബി ആര്‍ ഡി സി എം ഡി യെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

ഉദുമ: ജോലിക്ക് കൃത്യമായി ഹാജരാകാതിരിക്കുകയും കൃത്യ നിര്‍വഹണത്തില്‍ വീഴ്ചവരുത്തുകയും ചെയ്ത ബിആര്‍ഡിസി മാനേജിങ് ഡയറക്ടറെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.

ബുധനാഴ്ച പകല്‍ 11.30ന് എംഡി ഐ സി മഹേഷിനെയാണ് പാലക്കുന്നിലെ ഓഫീസില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ തടഞ്ഞത്. രണ്ടുവര്‍ഷം മുമ്പ് എംഡിയായി ചുമതലയേറ്റ മഹേഷ് കൃത്യമായി ഓഫീസില്‍ ഹാജരാവാറില്ലെന്നും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്നും പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.

വരും ദിവസങ്ങളില്‍ കൃത്യമായി ജോലിക്കെത്തുമെന്നും പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും എഴുതി നല്‍കിയതിനുശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.

ബേക്കല്‍ ടൂറിസം മേഖലയില്‍ കഴിഞ്ഞ് സര്‍ക്കാര്‍ കൊണ്ടുവന്നെ പഴയ പദ്ധതികളില്‍ ബാക്കിയുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായിട്ടില്ല. പുതിയ പദ്ധതികള്‍ നടപ്പാക്കാനും കഴിഞ്ഞിട്ടില്ല. അതേസമയം ബേക്കല്‍ ബിആര്‍ഡിസിയുടെ കോടികളുടെ ഫണ്ട് ഉപയോഗിച്ച് കോട്ടയം ജില്ലയില്‍ ടൂറിസം വികസനങ്ങള്‍ നടക്കുകയാണ്.

എംഡി എന്ന നിലയില്‍ സര്‍ക്കാറിന്റെ വന്‍ ശമ്പളവും ആനുകൂല്യങ്ങളും മഹേഷ് വാങ്ങുന്നുണ്ട്. എന്നാല്‍ കൃത്യമായി ജോലിചെയ്യാന്‍ ഇയാള്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ മൂന്നുമാസമായി പാലക്കുന്നിലെ ബിആര്‍ഡിസി ഓഫീസില്‍ ഒരു ദിവസം പോലും എത്തിയില്ല. എംഡിയുടെ മുങ്ങല്‍ മൂലം നിരവധി പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. ഇതിനെതുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഡിയെ ഉപരോധിച്ചത്.

വിവരമറിഞ്ഞ് ബേക്കല്‍ അഡീഷണല്‍ എസ് ഐ സുധാകരന്‍, എഎസ്‌ഐ ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തിയാണ് ചര്‍ച്ചക്ക് വഴിയൊരുക്കിയത്. ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി കെ മണികണ്ഠന്‍, ബ്ലോക്ക് സെക്രട്ടറി പി ഗോപാലകൃഷ്ണന്‍, പ്രസിഡന്റ് വിനോദ് പനയാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.