കാസര്‍കോട്: മാസങ്ങള്‍ക്കു മുമ്പ് നടന്ന കോണ്‍ഗ്രസ് പുനഃസംഘടനവരെ കെ.സുധാകരന്റെ കൈയിലായിരുന്നു കാസര്‍കോടിന്റെ സംഘടനാ കടിഞ്ഞാണ്‍. ജില്ലയുടെ മുക്കിലും മൂലയിലുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പേരെടുത്തുവിളിക്കാനുള്ള പരിചയം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ കാസര്‍കോട് ലോക്‌സഭാമണ്ഡലം പിടിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം കാക്കുന്നതും സുധാകരനെന്ന ശക്തനെയാണ്. കണ്ണൂരിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണപതാക പറത്തിയ സുധാകരന് കാസര്‍കോട് കോട്ട എളുപ്പത്തില്‍ പിടിച്ചടക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. നേതൃത്വം.
എന്‍.എ.മുഹമ്മദ്, ഷാഹിദ കമാല്‍ തുടങ്ങിയവരെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കാസര്‍കോട്ട് യു.ഡി.എഫ്. ഇറക്കിയത്. ഷാനിമോള്‍ ഉസ്മാന്‍ താത്പര്യമില്ലെന്നറിയിച്ച് മാറിനിന്നപ്പോള്‍ ഷാഹിദ കമാല്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഒരുലക്ഷത്തില്‍നിന്ന് പി.കരുണാകരന്റെ ഭൂരിപക്ഷം പകുതിയാക്കിയാണ് ഷാഹിദ കൊല്ലത്തേക്കു വണ്ടി കയറിയത്. കരുണാകരന്‍ മൂന്നാമതും കാസര്‍കോട്മത്സരിക്കുന്നതില്‍ അണികള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. കരുത്തനായ നേതാവിനെ ഇറക്കിയാല്‍ ആ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാകുമെന്നും അവര്‍ കരുതുന്നു.
പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍നിന്നുള്ള വോട്ടുകളാണ് എല്‍.ഡി.എഫിന്റെ വിജയം തീരുമാനിക്കുന്നത്. കണ്ണൂരിന്റെ ഭാഗമായിട്ടും പയ്യന്നൂര്‍ സ്വദേശിയായ ടി.ഗോവിന്ദനുശേഷം മണ്ഡലത്തില്‍ ജില്ലയ്ക്ക് പ്രാതിനിധ്യം കിട്ടിയില്ലെന്ന ഘടകവും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. സുധാകരനെ ഇറക്കിയാല്‍ ഈ രണ്ട് മണ്ഡലങ്ങളില്‍നിന്ന് കൂടുതല്‍ വോട്ടുകള്‍ അടര്‍ത്തിയെടുക്കാനാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
നരേന്ദ്രമോദി തരംഗത്തിനിടയിലും ശക്തമായ ത്രികോണമത്സരത്തില്‍ ബി.ജെ.പി. അവരുടെ വോട്ടുകള്‍ പെട്ടിയില്‍ ഉറപ്പാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ മുസ്‌ലിംവോട്ടുകള്‍ ഒന്നടങ്കം കോണ്‍ഗ്രസ്സിന് വീഴുമെന്നും നേതാക്കള്‍ പറയുന്നു. മോദി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ്സിനുമാത്രമേ കഴിയൂ എന്ന ചിന്തയാണ് അതിനുപിന്നിലെന്നും അവര്‍ കണക്കുകൂട്ടുന്നു.
സുധാകരനൊപ്പം ടി.സിദ്ദീഖ്, സതീശന്‍ പാച്ചേനി എന്നിവരുടെ പേരുകളും യു.ഡി.എഫ്. പാളയത്തില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സുധാകരന്റെ പേര് സ്ഥാനാര്‍ഥിപ്പട്ടികയില്‍ പുറത്തുവന്നതോടെ അതിന്റെ സ്ഥിരീകരണം കാത്തുനില്ക്കുകയാണ് എല്‍.ഡി.എഫ്. കേന്ദ്രങ്ങള്‍. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പട്ടികയൊന്നും നല്കിയില്ലെന്നും സംസാരത്തിനിടെ പല പേരുകള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതിലൊന്ന് സുധാകരന്‍േറതാണെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ പറഞ്ഞു. എളുപ്പവിജയം എന്ന സ്ഥാനത്ത് മണ്ഡലം പിടിക്കാന്‍ തീപ്പൊരി ഉയരുന്ന അഭിമാനപ്പോരാട്ടം പ്രതീക്ഷിക്കുകയാണ് കാസര്‍കോട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.
No comments:
Post a Comment