Latest News

നാടിന്റെ സ്പന്ദനമറിഞ്ഞ് കരുണാകരന്‍

കാസര്‍കോട്: ജനകീയ എംപി കരുണാകരന് ചരിത്രവിജയം സമ്മാനിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറായെന്ന് തെളിയിക്കുന്നതായിരുന്നു കാസര്‍കോട് അസംബ്ലി മണ്ഡലത്തിലെ ആദ്യഘട്ട പര്യടനം. രാവിലെ എന്‍ഡോസള്‍ഫാന്‍ സമര പോരാളി ലീലാകുമാരിയമ്മയുടെ പെരിയയിലെ വീട്ടിലെത്തി വോട്ടഭ്യര്‍ഥിച്ച ശേഷമാണ് പി കരുണാകരന്‍ കാസര്‍കോടേക്കെത്തിയത്. 

ജില്ലയുടെയും മണ്ഡലത്തിന്റെയും വികസനകാര്യങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ പി കരുണാകരന്‍ മൂന്നാംതവണയും സ്ഥാനാര്‍ഥിയായി ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ആവേശകരമായ സ്വീകരണമാണ് എങ്ങും ലഭിച്ചത്. കരിമരുന്ന് പ്രയോഗവും മുദ്രാവാക്യം വിളികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ഹാരമണിയിച്ചാണ് സ്വീകരിച്ചത്. അസംബ്ലി മണ്ഡലത്തിലെ മുന്‍കാല ചരിത്രങ്ങള്‍ തിരുത്തിയെഴുതുമെന്ന നിശ്ചയദാര്‍ഢ്യവുമായി സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വ്യാഴാഴ്ചത്തെ 31 സ്വീകരണ കേന്ദ്രത്തിലുമുണ്ടായിരുന്നത്.
വിദ്യാനഗര്‍ ബിസി റോഡില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. എല്‍ഡിഎഫ് ജില്ലാകണ്‍വീനര്‍ പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ ജെ ജിമ്മി അധ്യക്ഷനായി. മൊയ്തീന്‍കുഞ്ഞി കളനാട്, പി പി ശ്യാമളാദേവി എന്നിവര്‍ സംസാരിച്ചു. ടി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. നുള്ളിപ്പാടിയിലെ സ്വീകരണത്തിന് ശേഷം കടപ്പുറത്തേക്ക്. മത്സ്യത്തൊഴിലാളികളും തീരവാസികളും ചേര്‍ന്ന് കടലോളംപോന്ന സ്വീകരണമാണ് നല്‍കിയത്. 

കടല്‍ഭിത്തി നിര്‍മാണമുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിവരിച്ച് അടുത്ത കേന്ദ്രമായ അടുക്കത്ത്ബയലിലെത്തി. ഇവിടെയെത്തിയ കൂടിയവരുടെ കൈയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങളെ ലാളിച്ച് തൊട്ടടുത്ത കല്യാണ വീട്ടിലേക്ക്. കല്യാണ നിശ്ചയത്തിനെത്തിയവരോട് വോട്ടഭ്യര്‍ഥിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയുമെടുത്ത ശേഷമാണ് മടങ്ങിയത്.
ചൗക്കി, പെരിയടുക്ക, പട്‌ള ഉളിയത്തട്ക്ക, പാറക്കട്ട, കാളിയംകാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനെത്തിയ ജനപങ്കാളിത്തം എതിരാളികളെപ്പോലും ഞെട്ടിക്കുന്നതായി. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയെ അഭിവാദ്യം ചെയ്യാനെത്തി. സ്ഥാനാര്‍ഥിയുമായുള്ള സംവാദത്തില്‍ തങ്ങള്‍ക്കായി എന്താണ് ചെയ്തതെന്നും ഇനി എന്തെല്ലാം ചെയ്യുമെന്നുമുള്ള ദുരിതബാധിതരുടെ ചോദ്യങ്ങള്‍ക്ക് കൃത്യതയോടുള്ള മറുപടി. ഈ മേഖലയില്‍ നബാര്‍ഡിന്റെ സഹായത്തോടെ 220 കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നതെന്നും ഇവരുടെ പുനരധിവാസത്തിനും കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിനായും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി എന്നും ഒപ്പമുണ്ടാകുമെന്നറിയിച്ച് നായന്മാര്‍മൂലയിലെ സ്വീകരണത്തിലേക്ക്. 

ഏറെ വൈകിയെങ്കിലും വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപ്പേരാണ് സ്ഥാനാര്‍ഥിയെ കാത്തുനിന്നത്. ആലംപാടിയിലെ സ്വീകരണത്തിന് ശേഷം അതൃകുഴിയിലെത്തിയപ്പോള്‍ കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തക ഓവിമൂലയിലെ ചിരുതമ്മയുടെ നേതൃത്വത്തില്‍ ഹാരമണിയിച്ച് വരവേറ്റു.
പകല്‍ മൂന്നോടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തികേന്ദ്രമായ പാടിയിലെത്തിയ സ്ഥാനാര്‍ഥിയെ വന്‍ ജനക്കൂട്ടമാണ് വരവേറ്റത്. രാജ്യത്തെയും സംസ്ഥാനത്തെയും ഭരണക്കാരുടെ ജനദ്രോഹ നടപടികളും രാജ്യത്ത് മതനിരപേക്ഷ ബദല്‍ അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി അടുത്ത കേന്ദ്രത്തിലേക്ക്. ബേര്‍ക്ക, ബാലടുക്ക, മാന്യ, നീര്‍ച്ചാല്‍, കാടമന, വിദ്യാഗിരി, നാരമ്പാടി, മാര്‍പനടുക്ക, ഏത്തടുക്ക, കിന്നിങ്കാര്‍, നാട്ടക്കല്ല്, ഗാഡിഗുഡ്ഡെ, മഞ്ഞംപാറ, ആദൂര്‍ പള്ളം, മുള്ളേരിയ എന്നിവിടങ്ങളിലെല്ലാം ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. 

മലയോര- അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇവിടുത്തെ സ്വീകരണങ്ങള്‍. രാത്രി ഏറെ വൈകി സമാപന കേന്ദ്രമായ കര്‍മംതോടിയിലെത്തുമ്പോഴും നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയുടെ വരവേല്‍ക്കാന്‍ കാത്തിരുന്നത്.
സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ്- ഐഎന്‍എല്‍ നേതാക്കളായ ടി കെ രാജന്‍, സിജി മാത്യു, വി നാരായണന്‍, എം സുമതി, എം രാമന്‍, കെ രവീന്ദ്രന്‍, എം ശങ്കരന്‍, എം കൃഷ്ണന്‍, അസീസ് കടപ്പുറം, മൊയ്തീന്‍കുഞ്ഞി കളനാട്, സുബൈര്‍ പടുപ്പ്, ഹനീഫ കടപ്പുറം, സുരേഷ് പുതിയേടത്ത്, എം കെ അബ്ദുള്ള, എം അനന്തന്‍ നമ്പ്യാര്‍, സുരേഷ്ബാബു, രാമചന്ദ്രന്‍ നായര്‍ പെരിയ എന്നിവര്‍ സംസാരിച്ചു.
















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.