Latest News

സുഹൃത്തിനെ വെടിവച്ചു കൊന്ന് ഒാട്ടോ ഡ്രൈവര്‍ ജീവനൊടുക്കി; ഭാര്യയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കുളത്തില്‍

ഇടുക്കി: ജീപ്പോടിച്ചു വരികയായിരുന്നയാളെ തടഞ്ഞുനിര്‍ത്തി വെടിവച്ചു കൊന്നശേഷം പോലീസില്‍ വിളിച്ചറിയിച്ചയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ആത്മഹത്യചെയ്ത പ്രതിയുടെ പുരയിടത്തിലെ പടുതാക്കുളത്തില്‍ സ്ത്രീയുടെ മൃതദേഹം മണ്ണിട്ട് മൂടിയനിലയില്‍ കണ്ടെത്തി. ഇയാളുടെ രണ്ടാം ഭാര്യയെയും ഇളയ മകളെയും ഒരാഴ്ചയായി കാണാനില്ലാത്തത് സംഭവത്തിന്റെ ദുരൂഹത കൂട്ടുന്നു.

ഇടമറ്റം പയ്യോലില്‍ ജിജിയെയാണ്(48) ഞെരിപ്പാലം പുറവക്കാട്ട് സജി(47)വെടിവച്ച് കൊലപ്പെടുത്തിയത്.ഞായറാഴ്ച രാവിലെ 9.30 ന് നടുമറ്റം ക്ഷേത്രത്തിലേക്കുള്ള വഴിയിലൂടെ ജീപ്പോടിച്ചു വരികയായിരുന്ന ജിജിയെ തടഞ്ഞുനിര്‍ത്തി സജി വെടിവയ്ക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.

വെടിയൊച്ചകേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഡ്രൈവിങ് സീറ്റില്‍ ജിജിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ 200 മീറ്റര്‍ അകലെയുള്ള ഏലത്തോട്ടത്തില്‍ നിന്ന് വീണ്ടും വെടിയൊച്ച കേട്ടു. ഇവിടെയാണ് സജിയെ വെടിയേറ്റ നിലയില്‍ കണ്ടത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴി സജി മരിച്ചു. അതിനിടെ സജിയുടെ വീട്ടുപറമ്പില്‍ നടത്തിയ തിരച്ചിലില്‍ പടുതാക്കുളത്തില്‍ മണ്ണിനടിയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സജിയുടെ രണ്ടാം ഭാര്യ സിന്ധുവിനെയും ഇളയമകള്‍ സഞ്ജുവിനെയും ഒരാഴ്ചയായി കാണാനില്ലായിരുന്നു. കൊലപാതകത്തെ ത്തുടര്‍ന്ന് രാജാക്കാട് പോലീസ് ഇവര്‍ക്കുവേണ്ടി ഞായറാഴ്ചതന്നെ തിരച്ചില്‍ ശക്തമാക്കിയപ്പോഴാണ് കുളത്തില്‍ മൃതദേഹം കണ്ടത്. സ്ത്രീയുടെ രണ്ടു കാലുകളാണ് മണ്ണിനടിയില്‍ നിന്ന് പുറത്തുകണ്ടത്. ഇത് സിന്ധുവിന്‍േറതാണെന്ന് സംശയിക്കുന്നതായി പരിസരവാസികളും പോലീസും പറയുന്നു. നേരം ഇരുട്ടിയതിനാല്‍ തിങ്കളാഴ്ച ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ പരിശോധന നടത്താനാണ് തീരുമാനം. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

രാജകുമാരി ടൗണിലെ ഡ്രൈവര്‍മാരാണ് ജിജിയും സജിയും. ഇവര്‍ നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്ന് പറയുന്നു. ഇപ്പോഴത്തെ കൊലപാതകത്തിനും ആത്മഹത്യയ്ക്കും ഉള്ള കാരണം വ്യക്തമായിട്ടില്ല.

തലയുടെ ഇടതുഭാഗത്താണ് ജിജിക്ക് വെടിയേറ്റത്. താടിയെല്ലും വലതുകണ്ണും തകര്‍ന്നനിലയിലാണ് സജിയെ കണ്ടെത്തിയത്. സജി വെടിയേറ്റുകിടന്ന സ്ഥലത്തുനിന്ന് ഇരട്ടക്കുഴല്‍ തോക്കും മൊബൈല്‍ ഫോണും വെടിമരുന്നും തോട്ടാതിരികളും പോലീസ് കണ്ടെടുത്തു. തോക്കിന് ലൈസന്‍സ് ഉണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ജിജി ജീപ്പ് ഡ്രൈവറും സജി ഓട്ടോ ഡ്രൈവറുമായിരുന്നു. രണ്ടുപേരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇരുവരും രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

ഇടുക്കി എസ്.പി. അലക്‌സ് എം. വര്‍ക്കി, മൂന്നാര്‍ ഡിവൈ.എസ്.പി. പി.എന്‍. സജി, അടിമാലി സി.ഐ. കെ. ജിനദേവന്‍, രാജാക്കാട് എസ്.ഐ. കെ.ജി. മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. ഇടുക്കിയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.