Latest News

അപകടത്തില്‍ മുഖം തകര്‍ന്നിട്ടും പ്രണയിനിയെ കൈയ്യൊഴിയാതെ ജയപ്രകാശ്

ഗുരുവായൂര്‍: അപകടത്തില്‍പ്പെട്ട് മുഖത്തിന്റെ ഒരുഭാഗം നഷ്ടപ്പെട്ട പ്രണയിനിയെ വിവാഹം ചെയ്ത് യുവാവ് മാതൃകയായി. കോയമ്പത്തൂര്‍ സൂളുര്‍ സ്വദേശി പൂര്‍ണചന്ദ്രന്റെ മകനായ ജയപ്രകാശാണ് പ്ലസ്ടു പഠിക്കുന്ന കാലം മുതല്‍ സൗഹൃദത്തിലായിരുന്ന സുനിതയെ വിവാഹം കഴിച്ചത്.

കോയമ്പത്തൂരില്‍ താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി പള്ളിപ്പുറത്ത് മുരളീധരന്റെയും ലതികയുടെയും മകളാണ് സുനിത. ഐ.ബി.എമ്മില്‍ പ്രോബ്ലം മാനേജരായ സുനിത 2011 ആഗസ്തിലാണ് അപകടത്തില്‍പ്പെട്ടത്. ബാംഗ്ലൂരില്‍ നിന്ന് കാറില്‍ കോയമ്പത്തൂരിലെ വീട്ടിലേക്കു വരുമ്പോള്‍ ധര്‍മപുരിയില്‍ വച്ചായിരുന്നു അപകടം.

സുനിത സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിതയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ രക്ഷപ്പെടാന്‍ നേരിയ സാധ്യതയാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മുഖത്തിന്റെ ഒരുഭാഗം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയിലെ ചികില്‍സയെത്തുടര്‍ന്നാണ് സുനിത ജീവിതത്തിലേക്കു തിരിച്ചുവന്നത്. 

മുഖത്തിനുണ്ടായ വൈരൂപ്യം പരിഹരിക്കപ്പെട്ടിരുന്നില്ല. പല തവണ പ്ലാസ്റ്റിക് സര്‍ജറി നടത്തിയശേഷം ഏകദേശം 70 ശതമാനം മുഖസൗന്ദര്യം തിരിച്ചുലഭിച്ചു. ഈ യാതനകളെല്ലാം അനുഭവിക്കുമ്പോള്‍ ജയപ്രകാശ് കൂട്ടിനുണ്ടായിരുന്നു. ഹെലനോഗ്രേഡി ഡ്രാമ അക്കാദമിയിലെ പരിശീലകനായി ജോലി നോക്കുകയാണ് ജയപ്രകാശ്. സുനിതയെ ജീവിതസഖിയായി സ്വീകരിക്കാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ പ്രകാശിന്റെ വീട്ടുകാരും സമ്മതം അറിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു വിവാഹം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.