Latest News

മണലാരണ്യത്തിലെ ദുരിതപര്‍വം താണ്ടി സുമനസ്സുകളുടെ സഹായത്തോടെ മുരളീധരന്‍ നാട്ടിലെത്തി

കരിപ്പൂര്‍: മണലാരണ്യത്തിലെ ദുരിതപര്‍വം താണ്ടി സുമനസ്സുകളുടെ സഹായത്തോടെ പിറന്ന നാട്ടിലെത്തിയത് മുരളീധരന്‍ അറിഞ്ഞിട്ടില്ല. പ്രവാസജീവിതം മുരളീധരനു ബാക്കിനല്‍കിയത് ചലനശേഷി നഷ്ടപ്പെട്ട ശരീരവും സംസാരശേഷി നഷ്ടപ്പെട്ട കണ്ഠവുമായിരുന്നു.

എങ്കിലും തിരിച്ചുകിട്ടില്ലെന്നു കരുതിയ കുടുംബനാഥനെ പ്രതിസന്ധികള്‍ തരണം ചെയ്ത് കണ്‍മുമ്പിലെത്തിച്ചവര്‍ക്കു മുരളീധരന്റെ ഭാര്യ ബീനയും മകന്‍ മുദീഷ്‌കുമാറും കൈകൂപ്പി നന്ദി പറഞ്ഞു. അവരുടെ കണ്ണീരില്‍ തങ്ങളെ തഴഞ്ഞ അധികാരികളോടുള്ള പ്രതിഷേധവുമുണ്ടായിരുന്നു. കോഴിക്കോട് മാങ്കാവ് കുറ്റിയില്‍താഴം കൊമ്മേരി മനക്കല്‍ മുരളീധരനെയാണ് (52) ഒരു വര്‍ഷത്തെ ആശുപത്രിജീവിതത്തില്‍ നിന്നു സൗദി ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച കരിപ്പൂരിലെത്തിച്ച മുരളീധരനെ തുടര്‍ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.

2011 ആഗസ്തിലാണ് മുരളീധരന്‍ റിയാദിലേക്കു പോയത്. റിയാദില്‍ ലോറി ഡ്രൈവറായിരുന്നു. ജോലിയിലെ ദുരിതവും വേതനം ലഭിക്കാത്തതിലെ പ്രയാസങ്ങളുമായി കഴിയുന്നതിനിടെയാണ് കഴിഞ്ഞ മാര്‍ച്ച് 14ന് അപകടത്തില്‍പ്പെട്ടത്. റോഡപകടമാണെന്നും കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണതാണെന്നുമുള്ള വിവരങ്ങളായിരുന്നു നാട്ടിലറിഞ്ഞത്. സംസാര-ചലനശേഷി നഷ്ടപ്പെട്ട മുരളീധരനു സംഭവിച്ചതെന്തെന്നു പറയാനായില്ല.

റിയാദ് ആശുപത്രിയില്‍ മുരളീധരന്‍ ദുരിതത്തില്‍ കഴിഞ്ഞ വിവരം അറിഞ്ഞ ബന്ധുക്കള്‍ നാട്ടിലേക്കു കൊണ്ടുപോകാനായി ശ്രമിച്ചിട്ടും നടന്നില്ല. തുടര്‍ന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കുടുംബം പരാതികളുമായി എത്തിയെങ്കിലും അവരും ഗൗനിച്ചില്ല. നോര്‍ക്ക പ്രതിനിധികളുമായി ബന്ധപ്പെട്ടെങ്കിലും നടന്നില്ല. ഒടുവില്‍ മുരളീധരന്റെ ദുരിതജീവിതം അറിഞ്ഞ് എസ്.ഡി.പി.ഐ. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കൊമ്മേരിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമങ്ങള്‍ തുടങ്ങുകയായിരുന്നു. സൗദിയിലെ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ കലാം പെരുമണ്ണ, മുനീബ് മാവൂര്‍ എന്നിവരുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ തരണം ചെയ്തു. ആറു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മുരളീധരനെ ഒടുവില്‍ കരിപ്പൂരിലെത്തിച്ചതെന്നു കൂടെ വന്ന മുനീബ് മാവൂര്‍ പറഞ്ഞു.

റിയാദില്‍ നിന്നുള്ള സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മുരളീധരനെ വിമാനത്തില്‍ നിന്ന് പ്രത്യേക കവാടത്തിലൂടെ പുറത്തേക്കു കൊണ്ടുവരുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.