Latest News

കോടതിവളപ്പില്‍ സംഘര്‍ഷം, വെടിവയ്പ്‌

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ റെയില്‍വേ പോലീസും അഭിഭാഷകരും ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് റെയിവേ സംരക്ഷണസേന ഇന്‍സ്‌പെക്ടര്‍ ആകാശത്തേക്ക് വെടിവെച്ചു. വെടിവെയ്പിന് ശേഷം ഇയാള്‍ വഞ്ചിയൂര്‍ പോലീസിന്റെ ജീപ്പില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അഭിഭാഷകര്‍ ജീപ്പ് തടഞ്ഞ് ചില്ലുതകര്‍ത്തു. അതേ ജീപ്പില്‍ രക്ഷപ്പെട്ട ഇന്‍സ്‌പെക്ടര്‍ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ കീഴടങ്ങിയശേഷം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അഭിഭാഷകനെയും സഹോദരനെയും റെയില്‍വേ സംരക്ഷണ സേന മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് സംഘര്‍ഷത്തിന് തുടക്കം. വൈകിട്ട് അഞ്ചരയോടെ ഇരുവരേയും റെയില്‍വേ സംരക്ഷണ സേന സി.ഐ ആര്‍.എസ്.രാജേഷിന്റെ നേതൃത്വത്തില്‍ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നതോടെയാണ് കോടതി വളപ്പിലും സംഘര്‍ഷമുണ്ടായത്.

അഭിഭാഷകനെയും സഹോദരനെയും കോടതിയില്‍ എത്തിച്ച ആര്‍.പി.എഫ് സംഘത്തിനു ചുറ്റും അഭിഭാഷകര്‍ കൂടിയതോടെ സി.ഐ. റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെയ്ക്കുകയായിരുന്നു. ഇതറിഞ്ഞ് കൂടുതല്‍ അഭിഭാഷകരും വഞ്ചിയൂര്‍ പോലീസും കോടതി വളപ്പില്‍ എത്തി. അഭിഭാഷകര്‍ സി.ഐയെ കൈയേറ്റം ചെയ്തു. ഇതോടെ സി.ഐ. പോലീസ് ജീപ്പിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. കൂടുതല്‍ അഭിഭാഷകരും പോലീസും സ്ഥലത്തെത്തിയതോടെ കോടതി വളപ്പ് സംഘര്‍ഷഭരിതമായി.

മുഖത്തും ശരീരത്തിലും പരിക്കേറ്റ അഭിഭാഷകന്‍ തിരുമല വേട്ടമുക്ക് ശ്രീകൃഷ്ണവിലാസത്തില്‍ രാഗേന്ദുവും (27) സഹോദരന്‍ സിവില്‍ സര്‍വീസ് അക്കാദമി വിദ്യാര്‍ഥിയും വികലാംഗനുമായ കൃഷ്‌ണേന്ദുവും ഈ സമയമത്രയും കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു.

പിന്നീട് ജില്ലാ ജഡ്ജി ബി. സുധീന്ദ്രകുമാറും സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും കോടതി വളപ്പിലെത്തി. വെടിയുണ്ടയുടെ കെയ്‌സും തോക്കുചൂണ്ടി നില്‍ക്കുന്ന ഇന്‍സ്‌പെക്ടറുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രവും മറ്റും പരിശോധിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് ആറരയോടെയാണ് അഭിഭാഷകനെയും സഹോദരനെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിക്കേറ്റ റെയില്‍വേ സംരക്ഷണസേന എ.എസ്.ഐ എം. പദ്മകുമാറിനെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അഭിഭാഷകനെ കസ്റ്റഡിയിലെടുത്ത റെയില്‍വേ സംരക്ഷണസേന കോണ്‍സ്റ്റബിള്‍ ജെയിംസിനെ പിന്നീട് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

റെയില്‍വേ സ്റ്റേഷനിലും കോടതി വളപ്പിലും നടന്ന സംഭവങ്ങളെക്കുറിച്ച് ആര്‍.പി.എഫും പോലീസും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷിക്കുമെന്ന് പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ് അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച അഭിഭാഷകര്‍ കോടതിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കേരള ബാര്‍കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സി. ശ്രീധരന്‍ നായര്‍ ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.