Latest News

പരശുറാം എക്‌സ്​പ്രസ്സില്‍ ലോറിയിടിച്ചു; രണ്ടുമണിക്കൂര്‍ തീവണ്ടി ഗതാഗതം നിലച്ചു

കണ്ണൂര്‍: നിയന്ത്രണംവിട്ട് പിന്നോട്ടുനീങ്ങിയ ചരക്കുലോറി ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ ഇടിച്ചെങ്കിലും വന്‍ അപകടം ഒഴിവായി. ലോറിയുടെ മുന്‍ഭാഗം ബോഗിയിലുരഞ്ഞ് തകര്‍ന്നു.

നാഗര്‍കോവിലില്‍നിന്ന് മംഗലാപുരത്തേക്ക് പോകുന്ന പരശുറാം എക്‌സ്​പ്രസ്സിലാണ് നിറയെ സിമന്റുകയറ്റിയ ലോറി വന്നിടിച്ചത്. ബോഗിയുടെ കുലുക്കത്തില്‍ തീവണ്ടിയാത്രക്കാരായ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. പഴയങ്ങാടി സ്റ്റേഷനും ഏഴിമലക്കുമിടയില്‍ കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് രണ്ടരമണിക്കൂര്‍ നേരം ഇതുവഴിയുള്ള തീവണ്ടിഗതാഗതം നിലച്ചു. രാത്രി 8.25നാണ് പരശുറാം എക്‌സ്​പ്രസ് യാത്രപുറപ്പെട്ടത്.

റെയില്‍വേലൈന്‍ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് സിമന്റുമായെത്തിയതാണ് ലോറി. പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് ലോറി പാളത്തിനടുത്തേക്ക് വരികയായിരുന്നു. ട്രാക്കിന് തൊട്ടുതൊട്ടില്ല എന്ന പോലെ എത്തിയ ലോറിയുടെ മുന്‍ഭാഗത്തെ ഉരച്ചുകൊണ്ടാണ് തീവണ്ടിയുടെ ബോഗികള്‍ കടന്നു പോയത്. ലോറിയുടെ മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. എന്നാല്‍ പൂഴിയില്‍ കുടുങ്ങിപ്പോയ ലോറിയെ കയറ്റാനുള്ള ശ്രമത്തിനിടെ ജാക്കി തെന്നിമാറിയപ്പോള്‍ പാഞ്ഞെത്തിയ തീവണ്ടിയിലിടിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. ചക്രം ഉയര്‍ത്താന്‍ ശ്രമിച്ചവര്‍ ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.

ട്രെയിനിന്റെ എന്‍ജിനില്‍നിന്ന് ആറാമത്തെ ബോഗിയിലാണ് ലോറി ഇടിച്ചത്. തുടര്‍ന്ന് ബാക്കി ബോഗികള്‍ ലോറിയില്‍ ഉരസി മുന്നോട്ടുപോയി. ഉടന്‍തന്നെ ട്രെയിന്‍ നിര്‍ത്തി. പാളത്തിനടുത്തേക്ക് ലോറിയെത്തിയത് ദൂരെനിന്നേ എന്‍ജിന്‍ ഡ്രൈവര്‍ കണ്ടതിനാല്‍ വേഗംകുറച്ചാണ് തീവണ്ടിയെത്തിയത്.

പയ്യന്നൂര്‍, പരിയാരം സ്റ്റേഷനില്‍നിന്നുള്ള പോലീസും ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.