Latest News

മൂകാംബിക ക്ഷേത്രപുരോഹിതനില്‍നിന്ന് പണംതട്ടാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

മംഗലാപുരം: കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ മഞ്ജുനാഥ അഡിഗയുടെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റുചെയ്തു. ഉഡുപ്പി സ്വദേശികളായ ബൈലകെരെ മത്തുര ചൗള്‍ട്രി മോഹന്‍ തിങ്കളായ(40), ഹിരിയഡ്കയിലെ ശങ്കര്‍ മൊഗാവീര(38) എന്നിവരാണ് അറസ്റ്റിലായത്. ഉഡുപ്പിയിലെ ഹരീഷ് റെഡ്ഡി എന്ന ഗുണ്ടാത്തലവന്റെ ആവശ്യപ്രകാരമാണ് തങ്ങള്‍ ഇങ്ങനെചെയ്തതെന്ന് പ്രതികള്‍ പറഞ്ഞു. ഹരീഷ് റെഡ്ഡി ഒളിവിലാണ്.

മഞ്ജുനാഥ അഡിഗയുടെ ഭാര്യ മങ്കള ഗൗരിയെ ഫോണില്‍വിളിച്ച് കുറച്ചുദിവസങ്ങളായി പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്ക് അമ്പതുലക്ഷം നല്‍കണമെന്നും അല്ലാത്തപക്ഷം മൈസൂരില്‍ പഠിക്കുന്ന മകനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. മൈസൂരില്‍ വേദപഠനം നടത്തുകയാണ് ഇവരുടെ മകന്‍ നിത്യാനന്ദ അഡിഗ. തുടര്‍ന്ന് അഡിഗ പോലീസില്‍ പരാതി നല്‍കി. പോലീസിന്റെ ആസൂത്രിതമായ പദ്ധതി പ്രകാരമായിരുന്നു അറസ്റ്റ്.

കഴിഞ്ഞദിവസം പ്രതികള്‍ വീണ്ടും മങ്കളഗൗരിയെ വിളിച്ച് തങ്ങള്‍ക്ക് അഡ്വാന്‍സായി പത്തുലക്ഷം രൂപ ഉടനെ വേണമെന്നാവശ്യപ്പെട്ടു. അത് തങ്ങള്‍ പറയുന്ന സ്ഥലത്ത് നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും അറിയിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം മങ്കളഗൗരിയുടെ ആളുകള്‍ ക്ഷേത്രറോഡിലെ കവാടത്തിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുന്നിലെത്തി. പണം അതിനുള്ളില്‍ ഇടുന്നതായി കാണിച്ച് തിരിച്ചുപോയി. അല്പസമയത്തിനുള്ളില്‍ പ്രതികള്‍ പണമെടുക്കാന്‍ ബൈക്കിലെത്തി. അതോടെ പോലീസ് ഇവരെ വളഞ്ഞുപിടിച്ചു.

രണ്ടുമാസംമുമ്പ് ക്ഷേത്രം കൊള്ളയടിക്കാന്‍ പദ്ധതിയിട്ട ഒരു സംഘത്തെ കൊല്ലൂര്‍ പോലീസ് പിടികൂടിയതായി ക്ഷേത്രം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണപ്രസാദ് അഡ്യന്തായ പറഞ്ഞു. ക്ഷേത്രത്തിനും പൂജാരിമാര്‍ക്കും ആവശ്യമായ സുരക്ഷനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.