ഉദുമ: ജനഹൃദയങ്ങള്‍ കീഴടക്കി ഉദുമ അസംബ്ലി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്റെ പടയോട്ടം. ഉദുമ മണ്ഡലത്തില്‍നിന്ന് റെക്കോഡ് ഭൂരിപക്ഷം നല്‍കുമെന്ന് വിളംബരം ചെയ്യുന്നതായിരുന്നു 32 കേന്ദ്രത്തിലായെത്തിയ ജനക്കൂട്ടം. അത്യാവേശകരമായ വരവേല്‍പാണ് ഉദുമയുടെ ചുവന്ന മണ്ണ് കരുണാകരന് നല്‍കിയത്.
സ്വീകരണ പൊതുയോഗങ്ങളില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുള്ളവര്‍ ആവേശപൂര്‍വം എത്തി. തീരദേശത്തെ മത്സ്യത്തൊഴിലാളികളും ന്യൂനപക്ഷ ജനവിഭാഗങ്ങളും ഹൃദയപൂര്‍വമാണ് പി കരുണാകരനെ വരവേറ്റത്. കതിനാവെടിയും മുദ്രാവാക്യം വിളിയും പുഷ്പവൃഷ്ടിയുമായാണ് സ്വീകരിച്ചത്.
പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ അമ്പലത്തറയില്‍നിന്നാണ് രാവിലെ പര്യടനം തുടങ്ങിയത്. സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂരിലെ സ്വീകരണത്തിന് ശേഷം കഴിഞ്ഞദിവസം നിര്യാതനായ അമ്പലത്തറ പെരൂറിലെ നാരായണിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
പെരിയാട്ടടുക്കത്ത് വാഹനത്തില്‍നിന്നിറങ്ങിയ സ്ഥാനാര്‍ഥി പെട്ടിക്കടയില്‍ മീന്‍ വില്‍ക്കുന്ന ബേക്കലത്തെ ലക്ഷ്മിയോട് വോട്ടഭ്യര്‍ഥിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന കാരണം മീന്‍ വിറ്റ് കുടുംബത്തെ പോറ്റാനാവാത്ത അവസ്ഥയാണ്.... ലക്ഷ്മി പറഞ്ഞു. ഇതിനിടയിലാണ് തീരദേശത്ത് താമസിക്കുന്നവരെ കുടിയിറക്കുമെന്ന് സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ എവിടെ പോകും ......... ലക്ഷ്മി സങ്കടത്തോടെ പറഞ്ഞു. വിഷമിക്കേണ്ട, എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന് സമാധാനിപ്പിച്ച് സ്ഥാനാര്‍ഥി.
കുന്നൂച്ചി സാംസ്‌കാരിക നിലയത്തിന് സമീപമെത്തുമ്പോള്‍ വന്‍ ജനക്കൂട്ടം. പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും വരവേല്‍പ്. പാക്കത്ത് നൂറുകണക്കിനാളുകള്‍. സ്ഥാനാര്‍ഥി ജനക്കൂട്ടത്തിനിടയിലെത്തി ഹസ്തദാനം ചെയ്ത് വോട്ടഭ്യര്‍ഥിച്ചു.
ഐഎന്‍എല്‍ ശക്തികേന്ദ്രമായ പൂച്ചക്കാട്, പള്ളിക്കര, ബേക്കല്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. പൂച്ചക്കാട് പി കരുണാകരനെ എല്‍ഡിഎഫ്- ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ കുതിരപ്പുറത്തെത്തിയാണ് ഹാരാര്‍പണം ചെയ്തത്.
ആറാട്ടുകടവിലെത്തിയ സ്ഥാനാര്‍ഥിയെ കര്‍ഷകത്തൊഴിലാളി ആറാട്ടുകടവിലെ ചോയിച്ചി പാളത്തൊപ്പി അണിയിച്ച് സ്വീകരിച്ചു. ഉദുമ, മാങ്ങാട് എന്നിവിടങ്ങളില്‍ കത്തുന്ന വെയില്‍ കൂസാതെ സ്ഥാനാര്‍ഥിയെ കാത്ത് ജനക്കൂട്ടം. കടകളില്‍ കയറിയും റോഡരികില്‍ കാത്തുനില്‍ക്കുന്നവരോടും വോട്ടഭ്യര്‍ഥിച്ചു.
കളനാട്, കീഴൂര്‍ ചെമ്മനാട്, തെക്കില്‍ ഫെറി, പള്ളത്തിങ്കാല്‍ എന്നിവിടങ്ങളിലെ സ്വീകരണം കഴിഞ്ഞ് ഉച്ചക്ക് ശേഷം രക്തസാക്ഷികളുടെ ഓര്‍മകള്‍ തുടിക്കുന്ന മലയോര പഞ്ചായത്തുകളിലേക്ക്. കരിച്ചേരി പുഴ കടന്ന് അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലേക്ക് കടന്നതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സ്ഥാനാര്‍ഥിയെ കാണാനും സ്വീകരിക്കാനുമെത്തി.
പെര്‍ളടുത്ത് ബിജെപിയില്‍ നിന്ന് രാജി വെച്ച കുടുംബങ്ങള്‍ പി കരുണാകരനെ രക്തഹാരമണിയിച്ചു. കുണ്ടംകുഴി, കാഞ്ഞിരത്തിങ്കാല്‍, മുന്നാട് പള്ളത്തിങ്കാല്‍, കുറ്റിക്കോല്‍, പടുപ്പ്, ബന്തടുക്ക എന്നിവിടങ്ങളിലും കര്‍ഷകരും കര്‍ഷക തൊഴിലാളികളും മറ്റ് തൊഴിലാളികളും സ്ത്രീകളും കുട്ടികളും യുവാക്കളും ഉള്‍പ്പെടുന്ന നിറഞ്ഞ സദസ്.
കുറ്റിക്കോലില്‍ ആര്‍സിസിയില്‍ ചികിത്സയിലുള്ള കുട്ടിയെ സഹായിക്കാനുള്ള നിവേദനത്തിന് വേദിയില്‍ വെച്ച് തന്നെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യമായ ഇടപെടല്‍. ആറരയോടെ പള്ളഞ്ചിയില്‍ എത്തിയ സ്ഥാനാര്‍ഥിയെ നാസിക് ബാന്‍ഡിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഇരിയണ്ണിയിലാണ് വെള്ളിയാഴ്ചത്തെ പര്യടനം സമാപിച്ചത്.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ്- ഐഎന്‍എല്‍ നേതാക്കളായ എം രാജഗോപാലന്‍, കെ വി കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍ എംഎല്‍എ, സി ബാലന്‍, എ ചന്ദ്രശേഖരന്‍, ടി വി കരിയന്‍, ഇ പത്മാവതി, ബി കെ നാരായണന്‍, ബി എം പ്രദീപ്, ടി കൃഷ്ണന്‍, വി രാജന്‍, രാധാകൃഷ്ണന്‍ പെരുമ്പള, വി സുരേഷ്, കൃഷ്ണന്‍, മൊയ്തീന്‍കുഞ്ഞി കളനാട്, എം എ ലത്തീഫ്, ഹൈദര്‍, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.




No comments:
Post a Comment