Latest News

മാണിമൂല ജുമാ മസ്ജിദില്‍ സുന്നീ വിഭാഗങ്ങള്‍ ഏററുമുട്ടി, ജുമുഅ തടസ്സപ്പെട്ടു, അഞ്ച് പേര്‍ക്ക് പരിക്ക്‌

കാസര്‍കോട്: മാണിമൂല ഖിള്ര്‍ ജുമുഅ മസ്ജിദില്‍ ഇരു വിഭാഗം സുന്നികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജമാഅത്ത് പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. എസ്.വൈ.എസ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ അബ്ദുല്‍ഖാദര്‍ ഹാജി(40), ജമാഅത്ത് പ്രസിഡന്റ് ഹമീദ് മാണിമൂല(48), എസ്‌വൈഎസ്, എസ്എസ്എഫ് പ്രവര്‍ത്തകരായ ജാഫര്‍(20), ഹമീദ് മൊട്ട(45), സെക്ടര്‍ സെക്രട്ടറി നൗഫല്‍ മാണിമൂല(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ അബ്ദുല്‍ ഖാദര്‍ ഹാജിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കളയിലെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പള്ളിക്ക് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ ഖുതുബയ്ക്കിടയില്‍ പള്ളിക്ക് അകത്ത് ഇരിക്കുമ്പോള്‍ പിറകില്‍ നിന്ന് എത്തിയ നാലുപേര്‍ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവന്ന് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ഖാദര്‍പറഞ്ഞു. എന്നാല്‍ ജുമുഅ മുടക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ഒരുവിഭാഗം പള്ളിയിലേക്ക് മാരകായുധങ്ങളുമായി ഇരച്ചുകയറി വാള്‍ വീശി സുന്നി പ്രവര്‍ത്തകരെ വിരട്ടിയോടിക്കുകയായിരുന്നുവെന്നും ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുന്നീ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതെന്നും ആശുപത്രിയില്‍ കഴിയുന്ന ഹമീദ്, ജാഫര്‍, ഹമീദ് മൊട്ട, നൗഫല്‍ എന്നിവര്‍ പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് പള്ളിയില്‍ ജുമുഅ നിസ്‌കാരം തടസ്സപ്പെടുകയും സ്ഥലത്ത് പോലിസെത്തി പള്ളി സീല്‍ ചെയ്യുകയുമായിരുന്നു. അതേസമയം ആശുപത്രിയില്‍ കഴിയുന്ന പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയ ഒരു വിഭാഗം നേതാക്കളെ ഒരു സംഘം ആശുപത്രി പരിസരത്ത് തടയുകയും ഭീഷണി മുഴക്കുകയും ചെയതു. അക്രമത്തിന് തുനിഞ്ഞ സംഘത്തിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഏതാനും മാസങ്ങളായി, പടുപ്പ്, മാണിമൂല പ്രദേശങ്ങളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടിയിരുന്നു. ഇത് സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും വഴിമാറുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്നവരെ സംയുക്ത ഖാസി പ്രഫ. ആലിക്കുട്ടി മുസ്ല്യാര്‍, എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ്എംഎ ജില്ലാ സെക്രട്ടറി ഹമീദ് മൗലവി ആലംപാടി തുടങ്ങിയ സുന്നീ നേതാക്കളും, മുന്‍ എംഎല്‍എ. പി. രാഘവന്‍, ഐഎന്‍എല്‍ നേതാവ് സുബൈര്‍ പടുപ്പ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ്കുഞ്ഞി ഏണിയാടി. സിദ്ദീഖ് ചേരങ്കൈ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.