മഞ്ചേശ്വരം: തുളുനാടിന്റെ ഹൃദയം കീഴടക്കി ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ പര്യടനം. മഞ്ചേശ്വരം മണ്ഡലത്തില്‍ രണ്ടാം വട്ട പര്യടനത്തിറങ്ങിയ സുരേന്ദ്രന് ലഭിച്ചത് ആവേശോജ്ജ്വല വരവേല്‍പ്പ്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ കരുത്തറിയിക്കുന്ന തുളുനാട്ടില്‍ സുരേന്ദ്രന് ലഭിച്ച സ്വീകരണം സംഘടനാ ശക്തി വിളിച്ചോതുന്നതായി.
കുമ്പള കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനക്ക് ശേഷമാണ് സുരേന്ദ്രന്‍ പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കുമ്പള ടൗണില്‍ പൊതുയോഗം. ഉത്സവാഘോഷത്തോടെയാണ് സുരേന്ദ്രനെ വേദിയിലേക്ക് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
ബാന്റ് മേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ നൂറുകണക്കിനാളുകള്‍ അണിനിരന്ന പ്രകടനത്തോടെയാണ് സുരേന്ദ്രനെ ആനയിച്ചത്. സ്ത്രീകള്‍ ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തി സ്വീകരിച്ചു. യുവാക്കളുടെ മുദ്രാവാക്യം വിളികള്‍ക്കിടെ സുരേന്ദ്രന്‍ പ്രസംഗം ആരംഭിച്ചു. ഭാഷാ വൈവിധ്യങ്ങളുടെ നാട്ടില്‍ തുളുവിലും കന്നഡയിലും മലയാളത്തിലും സംസാരിച്ച് സുരേന്ദ്രന്‍ കയ്യടി നേടി. തുടക്കം തുളുവിലായിരുന്നു. ഇടത് വലത് മുന്നണികളെയും കേന്ദ്രസര്‍ക്കാരിന്റെയും കടന്നാക്രമിച്ച് മുന്നേറവെ കന്നഡയിലേക്ക് മാറി. അരമണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം അവസാനിപ്പിച്ചത് മലയാളത്തില്‍. പിന്നിട് കടകളില്‍ ചെന്ന് വോട്ടഭ്യര്‍ത്ഥന.
തുടര്‍ന്ന് അട്ടഗോളിയിലെ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പ്രകാരം സ്ഥലം സന്ദര്‍ശിച്ചു. പിന്നീട് കളത്തൂര്‍, കട്ടത്തുക്ക, ധര്‍മ്മത്തടുക്ക, പെര്‍മുദെ, കയ്യാര്‍, കുബന്നൂര്‍, ജോഡ്കല്‍, ബേക്കൂര്‍, സോംകാല്‍, ബന്ദിയോട്, എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ക്ക് ശേഷം ഉപ്പളയില്‍ സമാപിച്ചു.




No comments:
Post a Comment