Latest News

ഉപ്പയുടെ കബറില്‍ മൂന്നുപിടി മണ്ണിട്ട് വിതുമ്പുന്ന ഹൃദയവുമായി ജുനൈദ് പരീക്ഷയ്‌ക്കെത്തി

കാസര്‍കോട്: ഉപ്പയുടെ കബറില്‍ മൂന്നുപിടി മണ്ണിട്ട് വിതുമ്പുന്ന ഹൃദയവുമായി ജുനൈദ് തിരിഞ്ഞു നടന്നത് എസ്എസ്എല്‍സി പരീക്ഷ ഹാളിലേക്കായിരുന്നു. പരീക്ഷ എഴുതുന്നതിനിടെ മനസ്സുകൊണ്ടവന്‍ പൊട്ടിക്കരഞ്ഞത് പലവട്ടം. എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ സഹപാഠികളും അധ്യാപകരും ചേര്‍ത്തു നിര്‍ത്തിയപ്പോഴും എന്നെന്നേക്കുമായി നഷ്ടപ്പെട്ടുപോയ ആശ്ളേഷത്തിന്റെ വേദനയിലായിരുന്നു ജുനൈദ്.

ചേരൂര്‍ കെ.കെ. കുന്നില്‍ ഹൌസില്‍ എ.കെ. അബ്ദുല്‍ഖാദറി (53) ന്റെ മകന്‍ കെ.എ. ജുനൈദാണ് ഉപ്പയുടെ കബറടക്ക ചടങ്ങുകള്‍ക്കു പിന്നാലെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയത്. ഞായറാഴ്ച രാത്രി മരിച്ച അബ്ദുല്‍ ഖാദറിന്റെ കബറടക്കം തിങ്കളാഴ്ച രാവിലെയായിരുന്നു.

മരപ്പണിക്കാരനായിരുന്ന അബ്ദുല്‍ ഖാദര്‍ കടുത്ത പൈല്‍സ് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഒട്ടേറെ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. രോഗം കുറയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. താന്‍ മരണത്തിനു കീഴടങ്ങിയാലും പരീക്ഷ മുടക്കരുതെന്ന് അസുഖക്കിടക്കയില്‍ ഉപ്പ അബ്ദുല്‍ ഖാദര്‍ പറഞ്ഞ വാക്കുകളാണ് കബറടക്കം പൂര്‍ത്തിയായ ഉടന്‍ ജുനൈദിനെ പരീക്ഷാ ഹാളിലെത്തിച്ചത്.

ഉപ്പയ്ക്ക് അസുഖമായതിനാല്‍ പുസ്തകം തുറന്നു നോക്കാന്‍ പോലുമാകാതെയാണ് ജുനൈദ് പരീക്ഷയ്ക്കെത്തിയത്. കിട്ടിയ സമയത്തിനിടെ കൂട്ടുകാര്‍ക്കൊപ്പമിരുന്ന് പാഠഭാഗങ്ങള്‍ നോക്കവേ, ആശ്വാസ വാക്കുകളുമായി സഹപാഠികളെത്തി. അബ്ദുല്‍ ഖാദറിന്റെ ആറു മക്കളില്‍ ഇളയവനാണ് ജുനൈദ്.

സ്കൂളില്‍ നിന്ന് അധ്യാപകരും കുട്ടികളും മരണവിവരമറിഞ്ഞ് വീട്ടിലെത്തിയിരുന്നു. പരീക്ഷ തുടങ്ങും മുന്‍പേ കബറടക്ക ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനായിരുന്നു ബന്ധുക്കളുടെ തീരുമാനം. ചേരൂര്‍ പഴയ മുഹ്യുദ്ദീന്‍ ജുമാമസ്ജിദിലായിരുന്നു കബറടക്കം. പരീക്ഷയില്‍ വിജയിക്കണം. പരീക്ഷയും ഉപ്പയും മാത്രമാണിപ്പോള്‍ മനസ്സിലുള്ളത്- ഇടറിയ വാക്കുകളില്‍ ജുനൈദ് പറയുന്നു.
Manorama

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.