Latest News

കുഞ്ഞിക്കൃഷ്ണന്‍ വോട്ടുചോദിക്കുന്നു, എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി

കാസര്‍കോട്: 'നിങ്ങള്‍ക്ക് കിട്ടാനുള്ള വോട്ടാണെങ്കില്‍ അത് കൃത്യമായി നിങ്ങള്‍ക്കുതന്നെ വരും. അതിന് പ്രകൃതിയെ കൊല്ലുന്ന ഫ്‌ളക്‌സുകളില്‍ ചിരിയുമായി നില്‍ക്കണോ?' ചോദ്യം ആം ആദ്മി പാര്‍ട്ടിയുടെ കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്റേത്.

സമീപകാല എന്‍ഡോസള്‍ഫാന്‍ സമരങ്ങളുടെ മുഖ്യസൂത്രധാരനായ കുഞ്ഞിക്കൃഷ്ണന്‍ ഫ്‌ളക്‌സ് ഉപയോഗിക്കില്ലെന്നാണ് സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നയുടന്‍ തീരുമാനിച്ചത്. 'പ്രകൃതിയെ നശിപ്പിക്കുന്ന ഒന്നും വേണ്ട, മറ്റു സ്ഥാനാര്‍ഥികളും ഫ്‌ളക്‌സ് ഒഴിവാക്കിയാല്‍ അത്രയും മാലിന്യമെങ്കിലും ഭൂമിക്കുമേല്‍ വരാതെനോക്കാം'. തന്റെ പ്രചാരണത്തിന് ഫ്‌ളക്‌സ് ഒഴിവാക്കി തുണിയിലും കടലാസിലുമാണ് കുഞ്ഞിക്കൃഷ്ണന്റെ വോട്ടഭ്യര്‍ഥന.

ഈ 'ആം ആദ്മി'യുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ബുധനാഴ്ച തുടക്കംകുറിച്ചതും വ്യത്യസ്തമായിട്ടാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിട്ടും സര്‍ക്കാര്‍പട്ടികയില്‍ ഇടംകിട്ടാത്ത ഹസീനയോടാണ് അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ ആദ്യമായി വോട്ടഭ്യര്‍ഥന നടത്തിയത്. ചെങ്കള ഇന്ദിരാനഗറിലെ കൊച്ചു വീട്ടില്‍ എഴുന്നേല്‍ക്കാനോ സംസാരിക്കാനോ കഴിയാതെ കിടക്കുന്ന ഹസീനയ്ക്കുസമീപം ഇരുന്ന് ലളിതമായ രീതിയിലായിരുന്നു പ്രചാരണത്തിന്റെ ഉദ്ഘാടനം.

താന്‍ രാഷ്ട്രീയത്തെക്കാളുപരി കാസര്‍കോടിന് ഇതുവരെയുണ്ടായ നഷ്ടങ്ങളും എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാണിക്കുന്ന വിവേചനവുമായിരിക്കും ജനങ്ങളോട് പറയുകയെന്ന് കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. 2011ല്‍ കുഞ്ഞിക്കൃഷ്ണന്റെ നേതൃത്വതത്തില്‍ രൂപംകൊണ്ട എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണിയാണ് അടുത്തിടെ സംസ്ഥാനം ചര്‍ച്ചചെയ്ത രണ്ട് എന്‍ഡോസള്‍ഫാന്‍ സമരങ്ങള്‍ക്കും നേതൃത്വംനല്കിയത്. 'ഓള്‍ക്ക് പ്രായം 24 എത്തി, ന്നാലും ഹസീനേ ഇതുവരെ വോട്ടിന് കൊണ്ടോയിട്ടില്ല. ഇത്തവണ എങ്ങനേം കെണ്ടോണം' ഹസീനയുടെ ഉമ്മ ബള്‍ക്കീസ് പറയുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.