കാസര്‍കോട്: കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം കാസര്‍കോട് മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും കാസര്‍കോടിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നേടിയെടുക്കാന്‍ കഴിയാത്ത പി.കരുണാകരന്‍ എം.പിക്കെതിരെ വിധിയെഴുതാന്‍ ജനം മുന്നോട്ടുവരണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനുമുന്നില്‍ എം.പിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞി. ഇതര എം.പി.മാര്‍ തങ്ങളുടെ മണ്ഡലത്തിലേക്ക് ആവശ്യമുള്ളതെല്ലാം നേടിയെടുക്കുമ്പോള്‍ പി.കരുണാകരന്‍ പാര്‍ട്ടിയുടെ അന്വേഷണകമ്മിഷന്‍ തലവനായി കാലം കഴിച്ചുകൂട്ടുക മാത്രമാണ് ചെയ്തത്. നിരവധി യാത്രക്കാരെത്തുന്ന കാസര്‍കോട് സ്റ്റേഷനില്‍ രണ്ട് ടിക്കറ്റ് കൗണ്ടര്‍മാത്രമാണുള്ളത്. ഇത് വര്‍ദ്ധിപ്പിക്കണമെന്ന നിസാരമായ കാര്യം പോലും എം.പിക്ക് നിറവേറ്റാനായില്ല.
കാസര്‍കോട്ടുകാര്‍ ഏറ്റവും കൂടുല്‍ ആശ്രയിക്കുന്ന പാസ്‌പോര്‍ട്ട് സേവകേന്ദ്രം പയ്യന്നൂരില്‍ സ്ഥാപിച്ചത് തന്ത്രത്തിന്റെ ഭാഗമായിരുന്നു. കാസര്‍കോട്ടെ നിരവധി പേരാണ് നിത്യവും പയ്യന്നൂരിലെത്തി വെയില്‍കൊള്ളുന്നത്. എല്ലാ മേഖലയിലും പരാജിതനായി പി.കരുണാകരനെ വീണ്ടും തെരഞ്ഞുടുക്കുന്നത് ജില്ലയെ പിന്നോട്ട് നയിക്കാന്‍ കൂട്ടുനില്‍ക്കുന്നതിന് തുല്യമായിരിക്കും. സ്വന്തം വീട്ടുമുറ്റത്ത് സ്ഥിതിചെയ്യുന്ന പള്ളിക്കരയില്‍ റെയില്‍വേ മേല്‍പ്പാലം കൊണ്ടുവരാന്‍ പോലും കഴിയാത്ത ആളാണ് പി.കരുണാകരനെന്നും ജനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സമ്മതിനാദനം നിര്‍വ്വഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വികസനം പയ്യന്നൂര്‍ മാത്രം കേന്ദ്രീകരിച്ച് നടത്തുമ്പോള്‍ അത് മറ്റു മണ്ഡലങ്ങളോട് ചെയ്യുന്ന ക്രൂരതയാണ് ഇത് തിരിച്ചറിയാന്‍ വോട്ടര്‍മാര്‍ തയാറാവണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി ഹിദായത്ത്‌നഗര്‍, നാസര്‍ ചായിന്റടി, അഷറഫ് എടനീര്‍, മമ്മു ചാല, ടി.എസ്.നജീബ്, എ.കെ.ആരിഫ്, ഹമീദ് ബെദിര, ടി.ഡി.കബീര്‍, ഹക്കീം മീനാപ്പീസ്, എന്‍.ശംസുദ്ദീന്‍, റഫീഖ് കേളോട്ട്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, കരിം കുണിയ, ഹാരിസ് പട്‌ള, പി.ഡി.എ.റഹ്മാന്‍, അന്‍വര്‍ കോളിയടുക്കം, ഹാരിസ് തൊട്ടി, എന്‍.എ.താഹിര്‍, സി.എ.അഹമ്മദ് കബീര്‍, സെഡ്.എ.കയ്യാര്‍ സംബന്ധിച്ചു.



No comments:
Post a Comment