Latest News

15 വര്‍ഷത്തെ ലങ്കന്‍ ജയില്‍വാസം കഴിഞ്ഞ് ഇസ്മായീല്‍ ബുധനാഴ്ച വീട്ടിലെത്തും

മഞ്ചേശ്വരം: ഇന്ത്യ-ശ്രീലങ്ക സര്‍ക്കാരുകള്‍ ഒപ്പുവച്ച തടവുകാരെ കൈമാറാനുള്ള കരാര്‍ നടപ്പായതിനെ തുടര്‍ന്ന് വിട്ടയച്ച ഹൊസങ്കടി സ്വദേശി ഇസ്മായീല്‍ കുഞ്ഞഹമ്മദ് ചൊവ്വാഴ്ച ജയില്‍മോചിതനായി. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തടവുശിക്ഷ അനുഭവിക്കുന്ന ഇദ്ദേഹത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് വിട്ടയച്ചത്. മകന്‍ സമദും ബന്ധുക്കളും തിരുവനന്തപുരത്തെത്തിയിരുന്നു.

1998ലാണ് വ്യാപാരത്തിനായി ഇസ്മായീല്‍ ചെന്നൈയിലേക്കു പോയത്. പിന്നീട് മയക്കുമരുന്നുമായി ശ്രീലങ്കയില്‍ പിടിയിലായെന്നാണ് വീട്ടുകാര്‍ക്കു ലഭിച്ച വിവരം. വസ്ത്ര കച്ചവടത്തിനു പോയ ഇസ്മായീലിനെ ചെന്നൈയില്‍ വച്ച് ഏജന്റ് വസ്ത്രങ്ങളുമായി ശ്രീലങ്കയിലേക്ക് അയച്ചെന്നും തുണിക്കെട്ടിനകത്ത് മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച് ഏജന്റ് വഞ്ചിച്ചുവെന്നുമാണ് വീട്ടില്‍ അറിയിച്ചിരുന്നത്.

ഈ കുറ്റത്തിന് 14 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് ഇന്ത്യ-ശ്രീലങ്ക സര്‍ക്കാരുകള്‍ ഒപ്പുവച്ച തടവുകാരെ കൈമാറുന്ന ഉടമ്പടി പ്രകാരം ഇവരെ ഇന്ത്യക്കു കൈമാറിയത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാവാത്തതിനാല്‍ ബാക്കിയുള്ള ഒരു വര്‍ഷം പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് മലബാര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തു നിന്ന് യാത്ര തിരിച്ച ഇസ്മായീല്‍ കുഞ്ഞഹമ്മദും ബന്ധുക്കളും ബുധനാഴ്ച രാവിലെ 9 മണിയോടെ വീട്ടിലെത്തും.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.