Latest News

ഫാസിസ്റ്റുകളെ അധികാരത്തില്‍ വരാന്‍ അനുവദിക്കരുത്: സമദാനി

കാസര്‍കോട്: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരുന്നത് മതേതര ജനാധിപത്യ വിശ്വാസികള്‍ തടയണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി.അബ്ദുസമദ് സമദാനി പറഞ്ഞു. ഇന്ത്യയില്‍ മതേതരത്വം നിലനിര്‍ത്തേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നതിനുള്ള ഏക രക്ഷാമാര്‍ഗ്ഗം ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ്. കാലം മാറുംതോറും ഇന്ത്യ വികസിക്കുകയാണ്. ലോക രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാര സ്ഥാനത്ത് വരുന്നത് അപമാനകരമാണന്നും സമദാനി പറഞ്ഞു.

ഫാസിസത്തിനെതിരെ ജനമുന്നേറ്റം എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനബോധന യാത്ര ഉപ്പളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മികച്ച ഭരണം കാഴ്ച്ചവെക്കാന്‍ ഏറ്റവും വലിയ മതേതര പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാറിന് മാത്രമേ സാധിക്കുകയുള്ളു. പലഘട്ടങ്ങളില്‍ മറുകണ്ടം ചാടിയവര്‍ വീണ്ടും ഒന്നിച്ചുകൂടി മൂന്നാം മുന്നണി ഉണ്ടാക്കിയതുകൊണ്ടൊന്നും രാജ്യത്ത് മതേതര കൂട്ടായ്മ രൂപപ്പെട്ടുവരില്ല. സി.പി.എമ്മുകാര്‍ പോലും മനസ്സുകൊണ്ട് കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്.
മതത്തിന്റെ പേരില്‍ മനുഷ്യനെ രണ്ടായി കാണുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ഒരു മതേതരത്വ രാജ്യത്തെ നയിക്കാനാവുക. ബി.ജെ.പി.അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ ഗുജറാത്താക്കുമെന്ന സംഘ് പരിവാറിന്റെ മുന്നറിയിപ്പിനെ ജനം ആശങ്കയോടെയാണ് കാണുന്നത്.
കേരളത്തില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതോടൊപ്പം നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. എല്ലാം രംഗങ്ങളിലും മുസ്‌ലിം ലീഗ് മന്ത്രിമാര്‍ നാടിന് ചെയ്ത നന്മകള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. സംസ്‌കൃതം സര്‍വ്വകലാശാല സ്ഥാപിക്കുകയും ശബരിമലക്ക് റോഡ് സ്ഥാപിക്കുകയും ചെയ്തതുവഴി മാനവികതയുടെ പുതിയ അധ്യായമാണ് തുന്നിച്ചേര്‍ത്തതെന്നും സമദാനി പറഞ്ഞു.
ചെര്‍ക്കളം അബ്ദുള്ള ചെയര്‍മാനും എം.സി.ഖമറുദ്ദീന്‍ ലീഡറും എ.അബ്ദുല്‍ റഹ്മാന്‍ ഡെപ്യൂട്ടി ലീഡറും എ.ഹമീദ് ഹാജി ഡയറക്ടറും കല്ലട്ര മാഹിന്‍ ഹാജി കോ-ഓര്‍ഡിനേറ്ററും എം.അബ്ദുല്ല മുഗു ഡെപ്യുട്ടി ഡയറക്ടറും സി.ടി.അഹമ്മദലി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.എം.ശംസുദ്ദീന്‍, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കെ.ഇ.എ.ബക്കര്‍, എ.ജി.സി.ബഷീര്‍, ഹനീഫ് ഹാജി പൈവളിഗെ, മെട്രോ മുഹമ്മദ് ഹാജി അംഗങ്ങളുമായി നടത്തുന്ന ജാഥയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.അബ്ബാസ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, അന്‍സാരി തില്ലങ്കേരി, ഇബ്രാഹിം പള്ളങ്കോട് പ്രഭാഷണം നടത്തി.
അഡ്വ.ഹമീദലി ശംനാട്, യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ്, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് കെ.പി.മുഹമ്മദ് അഷറഫ്, ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി.ഉമ്മര്‍, എന്‍.എ.അബൂബക്കര്‍ ഹാജി, ടി.എ. ഖാലിദ്, ലത്തീഫ് ഉപ്പള ഗേറ്റ്, കാപ്പില്‍ മുഹമ്മദ് പാഷ, എം.കുഞ്ഞാമദ് പുഞ്ചാവി, അഡ്വ.സി.എന്‍.ഇബ്രാഹിം, നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സെക്രട്ടറിമാരായ ഗോള്‍ഡന്‍അബ്ദുല്‍ ഖാദര്‍, എല്‍.എ.മഹ്മൂദ് ഹാജി, എ.എ.ജലീല്‍, എം.എസ്.മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, എം.പി.ജാഫര്‍, വി.കെ.പി.ഹമീദലി, വി.കെ.ബാവ സംബന്ധിച്ചു.
ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ മുനിസിപ്പല്‍ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ജാഥക്ക് 41 കേന്ദ്രങ്ങളില്‍ സ്വീകരണ പൊതുയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച മഞ്ചേശ്വരം മണ്ഡലത്തില്‍ ജാഥ പര്യടനം നടത്തും. ഹൊസങ്കടി ടൗണ്‍(പത്തു മണി) മജീര്‍പള്ള(11.30) മിയാപദവ്(12.30) പൈവളിഗെ നഗര്‍(2.00) പെര്‍ള(മൂന്ന്) സീതാംഗോളി(4.30) മൊഗ്രാല്‍(ആറ്)
ആറിന് കാസര്‍കോട് ഏഴിന് ഉദുമ, എട്ടിന് കാഞ്ഞങ്ങാട്, ഒമ്പതിന് തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഒമ്പതിന് നാലു മണിക്ക് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്തു നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദേശീയ ട്രഷററും വ്യവസായ-ഐ.ടി. മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഷാജി എം.എല്‍.എ പ്രസംഗിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.