Latest News

അമ്മ പറഞ്ഞു: നമുക്കു മരിക്കാം, പക്ഷേ, ട്രെയിനിടിച്ചപ്പോള്‍ ഞങ്ങള്‍ പറന്നുപോയി

കോട്ടയം: നമുക്കു മരിക്കാമെന്നു പറഞ്ഞാണ്‌ അമ്മ ഞങ്ങളെയും കൂട്ടി കട്ടപ്പനയില്‍നിന്നു കോട്ടയത്തേക്കു വന്നത്‌. റെയില്‍വേ പാളത്തില്‍ അമ്മ മുന്നിലും ചേച്ചി പിറകിലും ഞങ്ങള്‍ രണ്ടുപേരും ഏറ്റവും പിന്നിലുമാണു നിന്നത്‌. ട്രെയിന്‍ വന്നിടിച്ചപ്പോള്‍ ഞാനും അബിനും പറന്നുപോയി. കണ്ണു തുറന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും റോഡിലായിരുന്നു കിടന്നത്‌

കോട്ടയത്തിനു സമീപം നീലിമംഗലത്ത്‌ ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിനു മുന്നില്‍ചാടി അമ്മയും മൂത്ത മകളും ജീവനൊടുക്കിയ സംഭവത്തില്‍ രക്ഷപ്പെട്ടു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കഴിയുന്ന ഇരട്ടസഹോദരങ്ങളില്‍ അശ്വിന്‍ ഇതു പറയുമ്പോഴും മുഖത്തെ ഭീതി മാഞ്ഞിട്ടില്ല. സംഭവത്തില്‍ കട്ടപ്പന കാവുംപടി നന്തികാട്ട്‌ ബിജുവിന്റെ ഭാര്യ സന്ധ്യ(34), മകള്‍ വിദ്യ(13) എന്നിവരാണു മരിച്ചത്‌. കരളലിയിക്കുന്ന സംഭവം അശ്വിന്റെ വാക്കുകളില്‍:
ഞാനും അബിനും സ്‌കൂളില്‍നിന്നു മടങ്ങി വീട്ടിലെത്തിയപ്പോള്‍ നമുക്കുപോയി മരിക്കാമെന്ന്‌ അമ്മ പറഞ്ഞു. രാത്രി ഒന്‍പതോടെ കട്ടപ്പനയില്‍നിന്നു ബസില്‍ ആദ്യം മുണ്ടക്കയത്തും പിന്നീട്‌ കോട്ടയത്തുമെത്തി. ഇതിനിടെ ഞാനും അബിനും ഉറങ്ങിയിരുന്നു. കോട്ടയത്തെത്തിയപ്പോള്‍ അമ്മ തട്ടിവിളിച്ചു. ഇവിടെനിന്നു നല്ല ഇരുട്ടത്തു മറ്റൊരു ബസില്‍ ചിറ്റ താമസിക്കുന്ന നീലിമംഗലത്തെത്തി. ബസിറങ്ങി അമ്മ ഞങ്ങളെക്കൂട്ടി ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. പിന്നീട്‌ സമീപത്തെ ക്ഷേത്രത്തില്‍ കയറി തൊഴുതു. അതിനുശേഷം സംഭവം നടന്ന സ്‌ഥലത്തിനു സമീപത്തെ കെട്ടിടത്തിന്റെ വരാന്തയില്‍ ഇരുന്നു. പിന്നീട്‌ അമ്മ ഞങ്ങളെയുംകൂട്ടി റെയില്‍വേ പാളത്തിലെത്തി. പിന്നീട്‌ ഞങ്ങളെല്ലാവരും പാളത്തില്‍ കിടന്നു. ട്രെയിന്‍ വരുന്ന ശബ്‌ദംകേട്ടു ഭയന്ന ഞാനും അബിനും എഴുന്നേറ്റുമാറി. ഇതുകണ്ട്‌ അമ്മയും വിദ്യയും ചാടിയെഴുന്നേറ്റ്‌ ഞങ്ങള്‍ക്കരികിലെത്തി. ഈ സമയം ഒരു ട്രെയിന്‍ പാഞ്ഞുപോയി. പിന്നീട്‌ അമ്മ മുന്നിലും ചേച്ചിയെയും എന്നെയും അബിനെയും പിന്നിലായും ചേര്‍ത്തുനിര്‍ത്തി. ട്രെയിന്‍വരുന്ന ശബ്‌ദം കേട്ട്‌ ഞങ്ങള്‍ ഇരുവരും പേടിച്ച്‌ കെട്ടിപ്പിടിച്ചു. പിന്നീട്‌ പറന്നുപോകുന്നതുപോലെ തോന്നി. എഴുന്നേല്‍ക്കുമ്പോള്‍ ഞാനും അബിനും പാളത്തിനു സമീപത്തെ റോഡില്‍ കിടക്കുകയായിരുന്നു. പാളത്തിലൂടെ എത്തിയവരോട്‌ കാര്യങ്ങള്‍ പറഞ്ഞു. കുറേപേര്‍ ചേര്‍ന്ന്‌ ഞങ്ങളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു-അശ്വിന്‍ പറഞ്ഞുനിര്‍ത്തി. 

കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരട്ടസഹോദരങ്ങളില്‍ അശ്വിന്റെ തലയ്‌ക്കും മുഖത്തിനും ചെറിയ പരുക്കുണ്ട്‌. വലതു കൈപ്പത്തിക്കു ഗുരുതര പരുക്കേറ്റ അബിനെ പത്താം വാര്‍ഡിലേക്കു മാറ്റി. സംഭവത്തില്‍ ഭയന്നുപോയ ഇരുവര്‍ക്കും ഇടയ്‌ക്കിടെ പനിയുണ്ടാകുന്നുണ്ട്‌. അമ്മയും ചേച്ചിയും മരണമടഞ്ഞ വിവരം ഇരുവരെയും അറിയിച്ചിട്ടില്ല. അവരും ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണു കുട്ടികളുടെ വിശ്വാസം. 

ചുറ്റും പോലീസുകാരും ഡോക്‌ടര്‍മാരും മറ്റ്‌ ആശുപത്രി ജീവനക്കാരും എത്തുമ്പോഴും കളിചിരികളില്‍ മുഴുകിയിരിക്കുന്ന ഇരുവരും കാഴ്‌ചക്കാരില്‍ നൊമ്പരമുണര്‍ത്തി. പിതാവ്‌ ബിജുവിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ കുട്ടികളുടെ സമീപത്തുണ്ട്‌. ഇടയ്‌ക്ക്‌ അമ്മയെയും ചേച്ചിയെയും അന്വേഷിക്കുമ്പോള്‍ കള്ളം പറഞ്ഞാണ്‌ ഇരുവരെയും ബന്ധുക്കള്‍ സമാധാനിപ്പിച്ചുകൊണ്ടിരുന്നത്‌.
Mangalam















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.