Latest News

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍...

വോട്ട് ചെയ്യുന്നതിനായി സമ്മതിദായകന്‍ വോട്ടര്‍സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും സഹിതം പോളിംഗ് ബൂത്തിലെത്തണം. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പോളിംഗ് ബൂത്തില്‍ പ്രവേശിച്ചാല്‍ ഒന്നാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ പേര് വിളിക്കും. പോളിംഗ് ഏജന്റുമാര്‍ക്ക് വോട്ടറെ തിരിച്ചറിയാം.

വോട്ടറെ തിരിച്ചറിഞ്ഞാല്‍ രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതുചൂണ്ടുവിരലിന് മായാത്ത മഷി പുരട്ടും തുടര്‍ന്ന് വോട്ടര്‍ രജിസ്റ്ററില്‍ വോട്ടര്‍ ഒപ്പിടേണ്ടതാണ്. ഒപ്പിടാന്‍ പറ്റാത്തവര്‍ രജിസ്റ്ററില്‍ വിരലടയാളം പതിപ്പിക്കാം. അതിന് ശേഷം രണ്ടാം പോളിംഗ് ഓഫീസര്‍ പ്രത്യേക വോട്ടര്‍ സ്ലിപ്പ് നല്‍കും. തുടര്‍ന്ന് മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടര്‍ സ്ലിപ്പ് വാങ്ങിച്ച് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് ബട്ടണമര്‍ത്തി വോട്ട് ചെയ്യാന്‍ സജ്ജമാക്കും. 

സമ്മതിദായകന്‍ രഹസ്യവോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച് ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും, ചിഹ്നവുമുളള നീലബട്ടണ്‍ അമര്‍ത്തിയാല്‍ മതി. സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ ചുവന്ന ലൈറ്റ് തെളിയുന്ന ഉടനെ ബീപ് ശബ്ദം കേട്ടാല്‍ വോട്ട് രേഖപ്പെടുത്തിയതായി മനസ്സിലാക്കാം. ഇത്തവണ ബാലറ്റ് യൂണിറ്റില്‍ 14 സ്ഥാനാര്‍ത്ഥികള്‍ക്കുശേഷം ഇവരാരുമല്ല എന്ന കോളവും വോട്ട് രേഖപ്പെടുത്താന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി
പോളിംഗ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യമേര്‍പ്പെടുത്തുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിച്ചു. 791 പോളിംഗ് ബൂത്തുകളില്‍ 54 സെക്ടറല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ബൂത്തുകള്‍ വിഭിന്നശേഷിയുളളവര്‍ക്കുവേണ്ടി താത്ക്കാലിക റാമ്പ്, വൈദ്യുതി, വെളിച്ചം, പ്രാഥമിക സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയത്.

66ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം
ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നാളെ (ഏപ്രില്‍ 10)നടക്കുന്ന വോട്ടെടുപ്പിന്റെ ഭാഗമായി 186 പോളിംഗ് ബൂത്തുകളില്‍ വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തി. 128 ലൊക്കേഷനുകളില്‍ സൂക്ഷ്മ നിരീക്ഷകരുടെ സാന്നിദ്ധ്യമുണ്ടാകും. 66 പോളിംഗ് ബൂത്തുകളില്‍ വോട്ടെടുപ്പ് നടപടികള്‍ വെബ്കാസ്റ്റ് ചെയ്യും. ഇത് വെബിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷനും, പൊതുജനങ്ങള്‍ക്കും നിരീക്ഷിക്കാനാകും.

പോളിംഗ് ബൂത്ത് പ്രവേശനം
സമ്മതിദായകര്‍ ഒഴികെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായി പാസില്ലാത്ത ആരും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടെടുപ്പ് ദിവസവും അതിന് മുമ്പ് 24 മണിക്കൂറിനുളളിലും മദ്യ വിതരണം പാടില്ല. വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിന് പെര്‍മിറ്റ് വാങ്ങി അതാത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും വേണം.

ബാലറ്റ് യൂണിറ്റില്‍ 14 സ്ഥാനാര്‍ത്ഥികളും ഇവരിലാരുമല്ലെന്ന കോളവും
ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും താഴെ പറയുന്ന പ്രകാരമാണ് ബാലറ്റ് യൂനിറ്റില്‍ ക്രമപ്പെടുത്തിയിട്ടുളളത്. പതിനഞ്ചാമതായി ഇവരിലാരുമല്ല(നോട്ട) എന്ന കോളവും രേഖപ്പെടുത്തിയിരിക്കും. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ ക്രമത്തില്‍ ചുവടെ 1) പി കരുണാകരന്‍ - ചുറ്റികഅരിവാള്‍ നക്ഷത്രം 2) അഡ്വ.ബഷീര്‍ ആലടി - ആന 3)അഡ്വ. ടി. സിദ്ദിഖ് - കൈപ്പത്തി 4) കെ. സുരേന്ദ്രന്‍ -താമര 5) അബ്ദുള്‍ സലാം എന്‍.യു- സിലീംഗ് ഫാന്‍ 6)അബ്ബാസ് മുതലപ്പാറ - പൂക്കളും പുല്ലും 7) അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ - ചൂല്‍ 8)അബൂബക്കര്‍ സിദ്ദിഖ് -ടെലിവിഷന്‍ 9) കെ.കെ. അശോകന്‍ - ഗ്ലാസ് ടംബ്ലര്‍ 10) ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ - ഓട്ടോറിക്ഷ 11) കരുണാകരന്‍ കളിപുരയില്‍ - സ്റ്റെതസ്‌കോപ്പ് 12) കരുണാകരന്‍ പയങ്ങപ്പാടന്‍ - മോതിരം 13) മനോഹരന്‍ .കെ - ഷട്ടില്‍ 14) പി.കെ. രാമന്‍ - മേശ 15)ഇവരിലാരുമല്ല- NOTA
ഏജന്റുമാര്‍ അതാത് ബൂത്തിലെയോ, അടുത്ത ബൂത്തിലേയോ പരിധിയില്‍ താമസക്കാരനായിരിക്കണം 
തെരഞ്ഞെടുപ്പിലെ പോളിംഗ് ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പോളിംഗ് ഏജന്റായി നിയോഗിക്കപ്പെടുന്നവര്‍ അതാത് ബൂത്ത് പ്രദേശത്തോ, തൊട്ടടുത്ത ബൂത്ത് പരിധിയിലോ താമസക്കാരും വോട്ടര്‍മാരും ആയിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടവകാശം ഉളളവര്‍ തന്നെയായിരിക്കണം ഏജന്റുമാര്‍.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.