Latest News

കാസര്‍കോട്ട് 12,40,460 വോട്ടര്‍മാര്‍ വ്യാഴാഴ്ച ബൂത്തുകളിലേക്ക്

കാസര്‍കോട്: പാര്‍ലമെന്റിലേക്ക് തങ്ങളുടെ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ 12,40,460 വോട്ടര്‍മാര്‍ ബുധനാഴ്ച പോളിംഗ് ബൂത്തുകളിലെത്തും. 

ജനാധിപത്യ പ്രക്രിയയുടെ കാതലായ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ യുവാക്കള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയുളള വോട്ടര്‍മാര്‍ തയ്യാറായി കഴിഞ്ഞു. ജനാധിപത്യം ശക്തിപ്പെടുത്താന്‍ എല്ലാ സമ്മതിദായകരും വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അഭ്യര്‍ത്ഥിച്ചു.
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, കല്ല്യാശ്ശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലത്തിലായി 5,92,658 പുരുഷന്‍ 6,47,802 സ്ത്രീ വോട്ടര്‍മാരാണുളളത്. കാസര്‍കോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ 4,43,095 പുരുഷന്‍ 4,67,946 സ്ത്രീ സഹിതം മൊത്തം 9,11,041 വോട്ടര്‍മാരാണുളളത്. 

2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 11,11,414 വോട്ടാര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ നിന്നും 28,414 പേരെ നീക്കം ചെയ്തിരുന്നു. വോട്ടര്‍ ലിസ്റ്റില്‍ പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ 1,57460 വോട്ടര്‍മാര്‍ അഡീഷണലായി ചേര്‍ത്തിട്ടുണ്ട്. 3192 സൈനികര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം കൂടി ലഭ്യമാക്കിയിട്ടുണ്ട്.
വോട്ടെടുപ്പിനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍് അറിയിച്ചു. വോട്ടെടുപ്പ് തയ്യാറെടുപ്പുകളെ പൊതുനിരീക്ഷകനായ അംജദ് താക്ക് വിലയിരുത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുന്നത് തടയുന്നതിനു വിവിധ ഫ്‌ളയിങ്ങ് സ്‌ക്വാഡുകള്‍, എക്‌സ്‌പെന്‍ഡീച്ചര്‍ സ്‌ക്വാഡുകള്‍, വീഡിയോ സര്‍വലൈന്‍സ് യൂണിറ്റുകള്‍ സജീവമാണ്. സ്വതന്ത്രവും, നിര്‍ഭയവുമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താന്‍ ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൈക്രോ ഒബ്‌സര്‍വര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, പോലീസ് സംരക്ഷണം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 

ജില്ലയില്‍ 250 പ്രശ്‌നബാധിത ബൂത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 39 എണ്ണം അതീവ പ്രശ്‌നബാധിത ബൂത്തുകളാണ്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ പ്രത്യേകം സൂക്ഷ്മ നിരീക്ഷണവും പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തും.
തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ജില്ലയില്‍ 2377 പോലീസ്, സ്‌പെഷ്യല്‍ പോലീസ്, അര്‍ദ്ധസേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 10 ഡി.വൈ.എസ്.പിമാര്‍, 12 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 108 സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ പോലീസ് സേനയെ നിയന്ത്രിക്കും. ഇത് കൂടാതെ ഒരു കമ്പനി ബി.എസ്.എഫും, രണ്ട് കമ്പനി സി.ആര്‍.പി.എഫും , അഞ്ച് കമ്പനി സി.െഎ.എസ്.എഫും രംഗത്തുണ്ട്. 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 152 ബസ്സുകള്‍ ഉള്‍പ്പെടെ 475 വാഹനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളില്‍ വോട്ട് ചെയ്യാന്‍ വരുന്നതില്‍ തടസ്സമില്ല. എന്നാല്‍ രാഷ്ട്രീയവാദികളും സ്ഥാനാര്‍ത്ഥികളും ഏര്‍പ്പെടുത്തുന്ന വാഹനങ്ങളില്‍ എത്തി വോട്ട് ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. ഇലക്ഷന്‍ ഡ്യൂട്ടിയിലുളള ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ അടക്കമുളള ക്ഷേമപദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനാവശ്യമായ വോട്ടിംഗ് മെഷീനുകള്‍, മറ്റു ആവശ്യമായ സാധനങ്ങള്‍ ബുധനാഴ്ച കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യും. ഇതിനായി മൊത്തം 79 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മഞ്ചേശ്വരം , കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലേക്കുളള വോട്ടിംഗ് സാധനങ്ങള്‍ കാസര്‍കോട് കോളേജിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലേക്കുളള സാധനങ്ങള്‍ നെഹ്‌റു കോളേജിലുമാണ് വിതരണം ചെയ്യുന്നത്. വോട്ടിംഗ് സാധനങ്ങളുമായി ഉച്ചയോടെ ഉദ്യോഗസ്ഥര്‍ അതാത് പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ടിംഗ് ബൂത്തുകള്‍ ഒരുക്കും.

ജില്ലയില്‍ 791 ബൂത്തുകളാണ് തെരഞ്ഞെടുപ്പിന് ഒരുക്കിയിട്ടുളളത്. ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍മാരും മൂന്നു പോളിംഗ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുളളത്.1500 ലെറെ വോട്ടര്‍മാരുളള ബൂത്തുകളില്‍ അധികമായി ഒരു പോളിംഗ് ഉദ്യോഗസ്ഥനെ കൂടി നിയോഗിച്ചിട്ടുണ്ട്.
വോട്ടെടുപ്പിനു മുമ്പുളള മോക്ക് പോളിംഗ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 10 നു രാവിലെ ആരംഭിക്കും. തുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ വോട്ടെടുപ്പിനായി ഒരുക്കുന്നതാണ്. കൃത്യം രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറു മണി വരെ വോട്ടെടുപ്പ് തുടരും.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.