Latest News

മഖ്ബറ തുറന്ന് നെരോത്തച്ചന്‍ ഉറൂസിന്റെ മണിമുഴക്കി

പരപ്പ: കമ്മാടം ജമാഅത്ത് പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം വിശ്വാസികളും നാട്ടുകാരും കാത്തിരുന്നു. ഏറെ വൈകുന്നതിന് മുമ്പേ അദ്ദേഹമെത്തി. വന്ദ്യവയോധികനായ നെരോത്ത് പെരട്ടൂര്‍ കൂലോം ഭഗവതി ക്ഷേത്ര സ്ഥാനികര്‍ കുഞ്ഞിക്കണ്ണന്‍ മൂത്തായാര്‍ കമ്മാടം മഖാം അങ്കണത്തിന്റെ പടി കടന്നെത്തി. തിരുവായുധക്കാരും ക്ഷേത്ര ഭാരവാഹികളും അനുഗമിച്ചെത്തി.

കമ്മാടത്ത് അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹിമാരുടെ മഖ്ബറയുടെ വാതില്‍ തുറന്ന് കൂലോത്തച്ചന്‍ പ്രാര്‍ത്ഥിച്ചു. ഇവിടത്തെ ബാങ്ക് വിളി മുടക്കല്ലേ....ഇവിടുത്തെ വെളിച്ചം അണക്കല്ലേ.... പിന്നീട് പള്ളി വളപ്പിലുള്ള മറ്റ് മഖ്ബറകളെയും മുട്ടിവിളിച്ച് നെരോത്തച്ചന്‍ പ്രാര്‍ത്ഥിച്ചു. നേരത്തെ പൂരം നാളില്‍ പൂവന്‍ കോഴിയും പണവും നല്‍കി ജമാഅത്ത് പള്ളിക്കാരെ യാത്രയാക്കിയ നെരോത്തച്ചന്‍ പ്രായാധിക്യം പോലും മറന്ന് വെളളിയാഴ്ച ഉറൂസിന്റെ കൊടിയേറ്റ വേളയില്‍ പള്ളി അങ്കണത്തിലേക്ക് യാത്രയാവുകയായിരുന്നു.
ഉത്തരമലബാറിലെ തന്നെ ഏറ്റവും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ കമ്മാടം മഖാമില്‍ ഇത്തവണത്തെ ഉറൂസിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. ഉറൂസും അനുബന്ധ പരിപാടികളും മുടക്കാന്‍ പള്ളി ഭരണവുമായി തര്‍ക്കത്തിലുള്ള ഒരു വിഭാഗം സകല നീക്കങ്ങളും ഒരു ഭാഗത്ത് നടത്തിയപ്പോള്‍ ജാതിമത ഭേദമന്യേ മലയോരത്തെ ജനത ഉറൂസ് നടത്താന്‍ രംഗത്ത് വരികയായിരുന്നു. ഉറൂസിന്റെ കേളികൊട്ടുയര്‍ന്ന വെളളിയാഴ്ച  പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുമ്പ് തന്നെ നെരോത്തെ സ്ഥാനികരും ക്ഷേത്ര ഭാരവാഹികളും പരപ്പ തളിയില്‍ ക്ഷേത്രത്തിനു വേണ്ടി വട്ടിപ്പുന്ന ദിവാകരന്‍ നമ്പ്യാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും പള്ളി അങ്കണത്തിലെത്തി. ഇവരെയൊക്കെ സാക്ഷി നിര്‍ത്തി പള്ളി മുതവല്ലി കെ പി അബ്ദുള്‍ റഹ്മാന്‍ ഉറൂസിന്റെ വിളംബര പതാക വാനിലേക്കുയര്‍ത്തി. 

പിന്നീട് നടന്ന സാംസ്‌കാരിക സമ്മേളനം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മനുഷ്യര്‍ ഒന്നാണ് എന്ന ചിന്തയുടെയും വിശ്വാസത്തിന്റെയും ഓര്‍മ്മ പുതുക്കല്‍ നാളാണ് കമ്മാടം ഉറൂസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മെട്രോ ഹാജി പറഞ്ഞു. എന്തു വില നല്‍കിയും ഈ സാഹോദര്യം നിലനിര്‍ത്തണം. എതിര്‍പ്പിന്റെ, അനൈക്യത്തിന്റെ ശക്തികളെ നേരിടാന്‍ കമ്മാടം ജുമാമസ്ജിദും നെരോത്ത് ക്ഷേത്ര സ്ഥാനികരും ജീവിതാന്ത്യം വരെ ഒറ്റക്കെട്ടായി നീങ്ങണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. രഘുനാഥ്, വട്ടിപ്പുന്ന ദിവാകരന്‍ നമ്പ്യാര്‍, ബഷീര്‍ ആറങ്ങാടി, ബാലകൃഷ്ണന്‍ മാണിയൂര്‍, അബ്ദുല്‍ അസീസ് ലത്വീഫി കമ്മാടം, ടി അബ്ദുള്‍ റഹ്മാന്‍ ഹാജി, ഭാസ്‌ക്കരന്‍ പട്ട്‌ളം, പള്ളിക്കൈ കുഞ്ഞമ്പു നായര്‍, കുഞ്ഞികൃഷ്ണന്‍ കക്കാണത്ത്, പ്രതിഭാ നഗര്‍ കൃഷ്ണന്‍ മാസ്റ്റര്‍, മന്മഥന്‍, മുസ്തഫ തായന്നൂര്‍, തമ്പാന്‍ നായര്‍, സുബൈര്‍ കമ്മാടം, കെ പി സുള്‍ഫിക്കര്‍, യു വി മുഹമ്മദ്കുഞ്ഞി, താജുദ്ദീന്‍ കമ്മാടം എന്നിവര്‍ സംസാരിച്ചു.
നെരോത്തച്ചനെ യു വി എ റഹ്മാന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഹുസൈന്‍ പുല്ലടി സ്വാഗതവും ഷെരീഫ് കമ്മാടം നന്ദിയും പറഞ്ഞു.
പരപ്പ തളിക്ഷേത്രം, ബിരിക്കുളം ജമാഅത്ത്, കാലിച്ചാനടുക്കം ജമാഅത്ത്, നമ്പ്യാര്‍കൊച്ചി ജമാഅത്ത്, പരപ്പ ജമാഅത്ത് എന്നിവിടങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ ചടങ്ങിനെത്തി. വെളളിയാഴ്ച  രാത്രി നടന്ന മതപ്രഭാഷണം മഹല്ല് ഖത്തീബ് സഹല്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. 
മന്‍സൂര്‍ ഫൈസി മണ്ണാര്‍ക്കാട് പ്രഭാഷണം നടത്തി. 

അതിനിടെ പരപ്പ തളിയില്‍ ക്ഷേത്രത്തിലെ ഉത്സവ സമാപന ദിലസം നടക്കുന്ന അന്നദാനത്തില്‍ പങ്കെടുക്കാന്‍ കമ്മാടം ജമാഅത്ത് മുതവല്ലി കെപി.അബ്ദുള്‍ റഹ്മാനെയും ജമാഅത്ത് ഭാരവാഹികളെയും മുസ്ലീം സഹോദരന്മാരെയും ക്ഷണിക്കാന്‍ ക്ഷേത്രത്തിന്റെ പ്രമുഖ ഭാരവാഹി വട്ടിപ്പുന്ന ദിവാകര്‍ നമ്പ്യാരും മറ്റും ഈ സമയം കമ്മാടം പള്ളിയിലെത്തിയത് ഉറൂസ് ചടങ്ങിന് മാറ്റുകൂട്ടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.