Latest News

ശരീരം തളര്‍ന്ന പിതാവിനും തൊഴിലാളിയായ മാതാവിനും മകളുടെ എ പ്ലസ് സമ്മാനം

പെരിന്തല്‍മണ്ണ: 12 വര്‍ഷമായി ശരീരം തളര്‍ന്നു കിടപ്പിലായ പിതാവിനും കുടുംബം പോറ്റാന്‍ ജോലിക്കു പോവേണ്ടിവന്ന മാതാവിനും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടി മകളുടെ സമ്മാനം. പട്ടിക്കാട് ഹൈസ്‌കൂള്‍പടിയിലെ അരിപ്രതൊടി അലവിയുടെയും ഭാര്യ ഉമ്മുസല്‍മയുടെയും മൂന്നാമത്തെ മകളായ ഫാത്തിമത്ത് ഫൗഖിയയാണ് 10ാംതരം പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടി മികച്ച വിജയം നേടിയത്.

കൂലിത്തൊഴിലാളിയായ അലവി മരംമുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അരയ്ക്കുതാഴെ തളര്‍ന്ന് കിടപ്പിലായി. ആദ്യഘട്ട ചികില്‍സകള്‍ക്കുശേഷം നിര്‍ധന കുടുംബത്തിന് വിദഗ്ധ ചികില്‍സ നല്‍കാനായില്ല. പലപ്പോഴും കാരുണ്യമതികളുടെയും സന്നദ്ധസംഘങ്ങളുടെയും സഹായത്താലാണ് നാല് പെണ്‍കുട്ടികളുള്ള അലവിയുടെ കുടുംബം ജീവിച്ചുപോന്നത്.

ഇതിനിടെ രണ്ടു പെണ്‍കുട്ടികളെ വിവാഹംകഴിച്ചയക്കുകയും ചെയ്തു. ദൈനംദിന ചെലവുകള്‍ ഭാരമായതോടെ അലവിയുടെ ഭാര്യ തൊട്ടടുത്തുള്ള എം.ഇ.എ.എന്‍ജിനീയറിങ് കോളജില്‍ തൊഴില്‍തേടുകയായിരുന്നു. പ്രാരബ്ധങ്ങള്‍ക്കിടയിലും മകളുടെ പഠനത്തില്‍ ശ്രദ്ധാലുവായ അലവിയുടെ നിശ്ചയദാര്‍ഢ്യമാണ് ഫാത്തിമത്ത് ഫൗഖിയയുടെ വിജയത്തിനാധാരം.

ഒന്നാംതരത്തില്‍ പഠിക്കുന്ന കാലത്ത് പഠനത്തിലെ താല്‍പ്പര്യം തിരിച്ചറിഞ്ഞ അധ്യാപകര്‍ ഫാത്തിമത്ത് ഫൗഖിയയെ ശ്രദ്ധിക്കണമെന്നു പിതാവിനോട് നിര്‍ദേശിച്ചിരുന്നു.പട്ടിക്കാട് ഗവ. ഹൈസ്‌കൂളില്‍ പഠനം നടത്തിയ ഫൗഖിയക്ക് ഡോക്ടറാവാനാണ് ആഗ്രഹം. ഇതിനായി പ്ലസ്‌വണ്‍ സയന്‍സിന് ചേരാനാണു ശ്രമിക്കുന്നത്. മകളുടെ ആഗ്രഹത്തിനു മുന്നില്‍ നിസ്സഹായനായാണ് പിതാവ് അലവിയുടെ കിടപ്പ്.

ഫാത്തിമയുടെ പഠനമികവു കണ്ട് പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രി രണ്ടുമാസത്തെ സൗജന്യ മെഡിക്കല്‍ പരിശീലനം നല്‍കാന്‍ തയ്യാറായിട്ടുണെ്ടന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തളര്‍ന്ന പിതാവിനെ പരിചരിക്കാനും സാന്ത്വനിപ്പിക്കാനും ജീവിതത്തില്‍ പ്രാപ്തയായ ഫൗഖിയക്ക് മറ്റുള്ളവര്‍ക്കും സാന്ത്വനം പകരാന്‍ ഡോക്ടറാവണമെന്നുതന്നെയാണ് ആഗ്രഹം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.