Latest News

മാപ്പിളപ്പാട്ടിലെ മധുരശബ്ദത്തിന് എണ്‍പത്

കൊണ്ടോട്ടി: മാപ്പിളപ്പാട്ട് കുലപതി വി എം കുട്ടിക്ക് 16ന് എണ്‍പത് തികയും. പ്രായത്തിന്റെ അവശതയെ പാടിയകറ്റി സംഗീതസദസ്സുകളില്‍ ഇന്നും സജീവമാണ് അദ്ദേഹം. യാത്രയും പരിപാടികളുമായി തിരക്കോട് തിരക്ക്. വ്യാഴാഴ്ച ഗാനമേളയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ദുബായിലേക്ക് പറന്നു. 15ന് തിരിച്ചുവന്ന് മെയ് 28ന് നവോദയയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വീണ്ടും ദമാമിലേക്ക്.

നന്നേ ചെറുപ്പത്തിലേ പാട്ട് ഹരമായിരുന്നു വി എം കുട്ടിക്ക്. കേട്ട പാട്ടുകള്‍ മൂളിത്തുടങ്ങി. ഇരുപതാമത്തെ വയസ്സില്‍ ഓള്‍ ഇന്ത്യ റേഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ സ്വരം പുറംലോകം കേട്ടത്. വീടിന് മുമ്പിലെ വിശാലമായ നെല്‍പ്പാടം ഉള്ളിലെ സംഗീതത്തെ ഏറെ സ്വാധീനിച്ചു. കന്നിമാസത്തില്‍ ഞാറ് നടുന്ന സ്ത്രീകളുടെ വടക്കന്‍പാട്ടുകളുടെ ഈണം മനസ്സില്‍ തങ്ങി. സ്ത്രീകളോടൊപ്പം ആ പാട്ടുകള്‍ ഏറ്റുപാടുമായിരുന്നു. ഓണക്കാലത്ത് പൂവട്ടികളുമേന്തി കുന്നിന്‍മുകളിലേക്ക് ഓടിക്കയറുന്ന കുട്ടികളുടെ ഓണപ്പാട്ടുകളും മനസ്സില്‍ മധുരംനിറച്ചു. ഏഴാം വയസുമുതല്‍ മാപ്പിളപ്പാട്ട് പാടിത്തുടങ്ങി. അമ്മായി പാണ്ടികശാല പാത്തുമ്മക്കുട്ടിയായിരുന്നു ഗുരു.

1957-ല്‍ സ്വന്തമായി മാപ്പിളപ്പാട്ട് ട്രൂപ്പുണ്ടാക്കി. 1964-ല്‍ ചാക്കീരി ബദര്‍, സംകൃത പമഗിരി എന്നീ ഗ്രാമഫോണ്‍ റെക്കോര്‍ഡുകള്‍ പുറത്തിറങ്ങി. പിന്നീട് നൂറുകണക്കിന് കാസറ്റുകളും ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും അദ്ദേഹത്തിന്റേതായി വിപണിയിലെത്തി. 1978-ലാണ് ആദ്യമായി ഗള്‍ഫില്‍ ഗാനമേള അവതരിപ്പിച്ച് തുടങ്ങുന്നത്. പിന്നീട് 108 തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറന്നു. ഇതിനുപുറമെ നാടകത്തിലും ചിത്രരചനയിലും കളര്‍ പെയിന്റിങ്ങിലും കഴിവുതെളിയിച്ചു. സിനിമാ പിന്നണിഗായകരായ കെ ജെ യേശുദാസ്, കെ എസ് ചിത്ര, ഉണ്ണി മേനോന്‍, കെ ജി മാര്‍ക്കോസ് എന്നിവര്‍ക്കുവേണ്ടി നിരവധി ഗാനങ്ങള്‍ സംഗീതംചെയ്തിട്ടുണ്ട്.

1935 ഏപ്രിലില്‍ പുളിക്കലില്‍ വടക്കുങ്ങര ഉണ്ണീന്‍ മുസ്ല്യാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായാണ് വി എം കുട്ടിയുടെ ജനം. 1957-ല്‍ കൊളത്തൂര്‍ എഎംഎല്‍പി സ്കൂളില്‍ പ്രധാനാധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മുസ്ലിം കല്യാണവീടുകളിലും ബീഡിതെറുപ്പുകാര്‍ക്കിടയിലും മാത്രം ഒതുങ്ങിനിന്നിരുന്ന മാപ്പിളപ്പാട്ടുകള്‍ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ പൊതുവേദികളില്‍ അവതരിപ്പിച്ച് തുടങ്ങിയത് വി എം കുട്ടിയാണ്. ഇതോടെ മാപ്പിളപ്പാട്ടുകള്‍ക്ക് ജനകീയത കൈവരുത്താനുമായി. മൈലാഞ്ചി, പതിനാലാം രാവ്, ഉല്‍പ്പത്തി, സമ്മാനം, മാന്യമഹാജനങ്ങളേ, സമ്മേളനം, 1921, മാര്‍ക്ക് ആന്റണി തുടങ്ങിയ സിനിമകളില്‍ മാപ്പിളപ്പാട്ടുകള്‍, ഒപ്പന എന്നിവക്ക് ഈണമിട്ടു. മാപ്പിളപ്പാട്ടുകളെക്കുറിച്ച് ഗവേഷണംനടത്തുകയും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും ഗാനങ്ങളും രചിച്ചു.

കേരള സംഗീത നാടക അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ്, കേരള കലാമണ്ഡലം അവാര്‍ഡ്, ലക്ഷദ്വീപ് പരിഷത്ത് തുടങ്ങി പത്തോളം അവാര്‍ഡുകളും ടി ഉബൈദ് ട്രോഫിയും ലഭിച്ചു. കേരള സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി, ചലച്ചിത്ര അക്കാദമി, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചു. കുരുവിക്കുഞ്ഞ് (ബാലസാഹിത്യം), മഹിമ (നാടകം), വൈക്കം മുഹമ്മദ്ബഷീര്‍ (മാലപ്പാട്ട്), മാപ്പിളപ്പാട്ടിന്റെ ലോകം (ലേഖന സമാഹാരം), മൈത്രീ ഗാനങ്ങള്‍ (മാപ്പിളപ്പാട്ടുകള്‍), ഭക്തിഗാനങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചു. 16ന് വി എം കുട്ടിക്ക് ജന്മദിനാശംസ നേരാന്‍ കലാ-സാംസ്കാരികരംഗത്തെ പ്രമുഖരും സുഹൃത്തുക്കളും പുളിക്കലിലെ ദാറുസ്സലാം വീട്ടിലെത്തും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, VM Kutty, Mappilapattu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.