ഉദുമ: അവധിക്കാലത്ത് പാട്ടും കളിയുംചിത്രം വരയുമായി ഒരുപറ്റം കുട്ടികള്‍ ഉദയമംഗലം ചെരിപ്പാടി കാവിലെത്തി. ഉദുമ ഓക്‌സിജന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഊരാളി സഹവാസ ക്യാമ്പിനാണ് കുട്ടികളെത്തിയത്.
രാവിലെ മുതല്‍ വൈകുന്നേരം വരെ നടന്ന ക്യാമ്പില്‍ കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു. തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പ്രശസ്ത കലാകാരന്മാരായ അഭിലാഷ്, സനന്ദന്‍, സെബിന്‍, ഷാജി, ഉല്ലാസ്, സജി, നിഖില്‍, മാര്‍ട്ടിന്‍, മല്ലു പി. ഷേഖര്‍, ജപ്പാനീസ് കലാകാരിയായ കൈക്കോ എന്നിവര്‍ ക്യാമ്പില്‍ ക്ലാസെടുത്തു.
ക്യാമ്പില്‍ ചിത്രരചന, കളിമണ്‍ ശില്‍പങ്ങള്‍, സംഗീത ശില്‍പം, നാടക പരിശീലനം, അവതരണം, എന്നിവ നടന്നു. ജപ്പാനീസ് കലാകാരി കൈക്കോ ഒറിഗാമി രൂപങ്ങളുടെ നിര്‍മ്മാണ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയത് വേറിട്ട അനുഭവമായി.
പ്രകൃതിയുമായി ഇണങ്ങിചേര്‍ന്നുകൊണ്ടുള്ള അനുഭവത്തിന് വേണ്ടിയാണ് ക്യാമ്പിന് ചെരിപ്പാടി കാവ് വേദിയാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ കൂട്ടുകാരെ പരിചയപ്പെടാനും പക്ഷികളുടെയും കിളികളുടെയും ശബ്ദം കേട്ട് ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് കുട്ടികള്‍ പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി വൈകുന്നേരം ഉദുമ ടൗണില്‍ ഊരാളി ബാന്റ് പരിപാടിയും സംഘടിപ്പിച്ചു.
No comments:
Post a Comment