ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം അവിക്‌സ് ജംഗ്ഷന് സമീപം തുഷാരത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ഇവരുടെ മകന്‍ ലിജീഷിന്റെ മകള്‍ സ്വസ്തിക (4) എന്നിവരെയാണ് ലിജീഷിന്റെ ഭാര്യ അനുശാന്തിയുടെ കാമുകന്‍ ദാരുണമായി വെട്ടി കൊലപ്പെടുത്തിയത്. ലിജീഷ്(35) ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കുളത്തൂര്‍ കരിമണല്‍ മാഗി നിവാസില്‍ നിനോ മാത്യുവിനെയും (40), ലിജീഷിന്റെ ഭാര്യ ആറ്റിങ്ങല്‍ മാമം സ്വദേശിനി അനുശാന്തിയെയും (32) പൊലീസ് അറസ്റ്റു ചെയ്തു.
ചങ്ങനാശേരിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ കുളത്തൂര്‍ ഭാഗത്തെത്തി ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി താമസമാക്കിയ കുടുംബമാണ് നിനോ മാത്യുവിന്റേത്. ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇയാളുടെ സഹോദരിമാരില്‍ ഒരാള്‍ എയര്‍ ഹോസ്റ്റസും ഒരാള്‍ സൗത്ത് ആഫ്രിക്കയിലുമാണ്. നല്ല സാമ്പത്തിക സ്ഥിതിയിലുള്ള ഇവര്‍ക്ക് നാട്ടുകാരുമായി ബന്ധമൊന്നുമില്ല. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ടിഞ്ചര്‍ എന്ന കമ്പനിയിലെ ജീവനക്കാരാണ് ലിജീഷിന്റെ ഭാര്യ അനുശാന്തിയും കൊലപാതകിയായ നിനോ മാത്യുവും. ഇവര്‍ നേരത്തേ ഡയമണ്ട്‌സ് എന്ന കമ്പനിയിലായിരുന്നു ജോലി നോക്കിയിരുന്നത്. അവിടെ വച്ചുണ്ടായ പ്രണയമാണ് ഒന്നിച്ച് താമസിക്കാന്‍ തീരുമാനിക്കുന്ന ഘട്ടം വരെയെത്തിയത്. ഇക്കാര്യം നിനോ മാത്യുവിന്റെ ഭാര്യ അറിഞ്ഞ് വഴക്കുണ്ടായിരുന്നു. അതിന് ശേഷം അവര്‍ പിണങ്ങിപ്പോയി.
ലിജേഷ് കാമുകനുമായുള്ള ബന്ധം കണ്ടെത്തിയതായിരുന്നു തുടക്കം
മൂഴിയാര്‍ കെ.എസ്.ഇ.ബി യിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ലിജേഷ് അപൂര്‍വമായേ വീട്ടില്‍ വരാറുള്ളൂ. ഈ തക്കം നോക്കി നിനോ മാത്യു ആലംകോട്ടെ വീട്ടില്‍ വരുമായിരുന്നു. മരിച്ച ഓമന വികലാംഗയായതിനാല്‍ മുകളിലത്തെ നിലയില്‍ ആരെങ്കിലും വന്നാലും അറിയാനാവില്ല. വെളിയിലെ പടിക്കെട്ട് കയറി മുകളിലത്തെ നിലയില്‍ പോകാന്‍ കഴിയുമെന്നതിനാലാണ് ഇവിടെ സംഗമം നടക്കാറുണ്ടായിരുന്നത്.
അനുശാന്തിയുടെ മൊബൈല്‍ ഫോണില്‍ എസ്. എം.എസ് കണ്ടതോടെയാണ് ലിജേഷിന് കാര്യങ്ങള്‍ മനസിലായത്. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് നടന്നു. അനുശാന്തിയോട് നിനോ മാത്യുവിനോപ്പം ജീവിക്കണമെന്നുണ്ടെങ്കില്‍ പോകാമെന്ന് വരെ ലിജേഷ് പറഞ്ഞിരുന്നു. കുഞ്ഞിനെ താന്‍ നോക്കിക്കോളാമെന്നും ലിജേഷ് പറഞ്ഞു. എന്നാല്‍ അനുശാന്തിയ്ക്ക് ലിജേഷ് ജീവിച്ചിരിക്കുന്നത് അത്ര പന്തിയല്ലെന്നായിരുന്നു വിചാരം. അതിനാല്‍ ലിജേഷിനെ ഒഴിവാക്കി തന്നാല്‍ നിനോ മാത്യുവിനൊപ്പം ജീവിക്കാമെന്നായിരുന്നു അനുശാന്തിയുടെ ഓഫര്‍.
നിനോ മാത്യുവും അനുശാന്തിയും തമ്മില്‍ പലയിടത്തും കറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലിജേഷിന്റെ വീട്ടില്‍ വന്നതിന് പുറമെ കരിമണലിലെ നിനോ മാത്യുവിന്റെ വീട്ടിലും ഇവര്‍ വന്നിരുന്നു. വീട്ടില്‍ മറ്റാരു ഇല്ലാത്ത സമയം നോക്കിയായിരുന്നു ഇവരുടെ വരവ്. ഇതിന് പുറമെ മറ്റ് പല സ്ഥലങ്ങളിലും ഇവര്‍ കറങ്ങിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച കൊലപാതകം നടക്കുമെന്ന വിവരവും അനുശാന്തിയ്ക്ക് അറിയാമായിരുന്നുവത്രേ.
മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച കൊലപാതകമാണിതെന്ന് പൊലീസ് പറഞ്ഞു. നിനോ മാത്യു സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ദൂരെ മാറ്റിയിട്ടിരുന്നു. തങ്കപ്പന്‍ ചെട്ടിയാരോ മറ്റ് ആരെങ്കിലുമോ വീട്ടില്‍ ഉണ്ടെങ്കില്‍ അവരുടെ കണ്ണില്‍ വിതറാനായി മുളകുപൊടിയും കരുതിയിരുന്നു.ഓമനയെയും കൊച്ചു മകളേയും വെട്ടി വീഴ്ത്തിയതിനു ശേഷം ലിജീഷിനായി കാത്തു നിന്നാണ് ആക്രമിച്ചത്.
ലിജേഷിന്റെ അച്ഛന്‍ തങ്കപ്പന്‍ ചെട്ടിയാര്‍ ചെറിയൊരു ബ്‌ളെയ്ഡ് ഇടപാടുകാരനാണ്. വീട്ടില്‍ വന്ന് പരിചയപ്പെട്ട നിനോ മാത്യു ഇയാളില്‍ നിന്നും പണം പലിശയ്ക്ക് വാങ്ങിയിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ പണം വാങ്ങിയത് വീട്ടില്‍ വരാനുള്ള സൗകര്യത്തിനായാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നിനോ മാത്യുവിന് 42000 രൂപ പ്രതിമാസ ശമ്പളമുണ്ട്. വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതിയുമുണ്ട്. ഈ സാഹചര്യത്തില്‍ പണത്തിന്റെ ആവശ്യമൊന്നും അയാള്‍ക്കില്ല. അതിനാല്‍ വെറുതെ പണം വാങ്ങിയതാണെന്നാണ് പറയുന്നത്.
No comments:
Post a Comment