Latest News

യുവതിയെ ഓഫീസില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച് ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാടിവട്ടത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍..  അറസ്റ്റിലായ യുവാക്കളെ ആക്രമത്തിനു പ്രേരിപ്പിച്ചത് കാമുകിമാരുടെ ആഡംബരത്തിന് പണം കണെ്ടത്താന്‍. പാലാരിവട്ടത്ത് ഹോട്ടല്‍ ജീവനക്കാരായ ചെങ്ങന്നൂര്‍ സ്വദേശി ലിബിന്‍ വര്‍ഗീസ് (23), കണ്ണൂര്‍ പരിയാരം സ്വദേശി ജെയ്ജു (26) എന്നിവരാണ് ബുധനാഴ്ച ഈ കേസില്‍ അറസ്റ്റിലായത്. ഇരുവര്‍ക്കും ഉണ്ടായിരുന്ന കാമുകിമാര്‍ക്ക് മുന്നില്‍ പണക്കാരായി ധാരാളിത്തം കാണിക്കാനുള്ള വ്യഗ്രതയാണ് കേസില്‍ കുടുക്കിയത്.

കാമുകിമാരോട് വലിയനിലയിലാണെന്നു പറഞ്ഞ് ബന്ധം സ്ഥാപിച്ച ഇരുവരും അവരെ തൃപ്തിപ്പെടുത്താനുള്ള പണം കണെ്ടത്താനാണ് മാല മോഷണം നടത്താന്‍ തീരുമാനിച്ചത്. ഇതിനു തെരഞ്ഞെടുത്തത് ഹോട്ടലില്‍ നിന്നും ഇടയ്ക്ക് പാര്‍സല്‍ ഭക്ഷണം വാങ്ങിയിരുന്ന യുവതിയെയും. പക്ഷേ മോഷണം ആസൂത്രണം ചെയ്തതിലെ പിഴവും പരിചയക്കാരിയുടെ തന്നെ ആഭരണം മോഷ്ടിക്കാന്‍ ശ്രമിച്ചതുമാണ് യുവാക്കളെ പെട്ടെന്നു കുടുക്കിയത്. വെട്ടേറ്റ് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മോഷണ ശ്രമം നടക്കുമ്പോള്‍ തന്നെ യുവാക്കളെ തിരിച്ചറിഞ്ഞിരുന്നതാണ് ഇവര്‍ ഉടനെ തന്നെ കുടുങ്ങാനിടയായത്. ഹോട്ടല്‍ ജീവനക്കാരായ യുവാക്കളാണ് തന്നെ അക്രമിച്ചതെന്നു യുവതി മൊഴി നല്‍കിയത് പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.

വെണ്ണല ഇഎംസി റോഡ് തളിയില്‍ ലെയ്‌നില്‍ ലക്ഷ്മി നിവാസില്‍ സജിത്ത് കുമാറിന്റെ ഭാര്യ അമ്പിളിക്കു നേരെ കഴിഞ്ഞ 24നു രാവിലെ 11നാണ് ആക്രമണമുണ്ടായത്. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയ അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോഴും ചികിത്സയിലാണ്. യുവതിയുടെ മാല കവരുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണമെന്നു പോലീസ് പറഞ്ഞു. യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഹോട്ടലില്‍ നിന്നു പ്രതികള്‍ പല തവണ പാഴ്‌സലായി ഭക്ഷണം കൊണ്ടുപോയി കൊടുത്തിരുന്നു.

സംഭവദിവസം കടയില്‍ യുവതി ഒറ്റയ്ക്കാണെന്നു മനസിലാക്കി മാല കവര്‍ന്നെടുക്കാന്‍ പദ്ധതിയിടുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികള്‍ ജില്ലയ്ക്കു പുറത്തേക്കു കടന്നു. മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. ലിബിനെ കൊട്ടാരക്കരയില്‍ നിന്നും ജെയ്ജുവിനെ കൊട്ടിയത്തു നിന്നുമാണ് അറസ്റ്റു ചെയ്തത്. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ പാലാരിവട്ടത്തെ ഇവരുടെ താമസസ്ഥലത്തു നിന്നു കണെ്ടടുത്തു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ജി. വേണുവിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് സിഐ എന്‍.സി. സന്തോഷ്, പാലാരിവട്ടം എസ്‌ഐ എന്‍.കെ. സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery Attempt, Police, case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.