കോഴിക്കോട്: ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് നല്‍കുന്ന മൗലികാവകാശത്തോടുള്ള വെല്ലുവിളിയാണ് ബി ജെ പിയുടെ പ്രകടനപത്രികയെന്ന് സുന്നീ ജംഇയ്യത്തുല്‍ ഉലമ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.
ഏക സിവില്‍ കോഡെന്ന ആശയം രാജ്യം തള്ളിയതാണ്. നമ്മുടെ ബഹുസ്വര സാംസ്‌കാരിക പൈതൃകത്തെ ലോകത്തിനു മുന്നില്‍ വികൃതമാക്കാനേ ഇത്തരം നീക്കങ്ങള്‍ കൊണ്ട് കഴിയൂ.
ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ട് രാജ്യത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചവര്‍ രാമക്ഷേത്ര നിര്‍മാണമെന്ന മുദ്രാവാക്യം പൊടി തട്ടിയെടുക്കുന്നത് വോട്ട് ബേങ്കില്‍ കണ്ണുനട്ടുകൊണ്ട് മാത്രമാണ്.
ബാബരി മസ്ജിദ് തകര്‍ത്തുകൊണ്ട് രാജ്യത്തെ നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചവര്‍ രാമക്ഷേത്ര നിര്‍മാണമെന്ന മുദ്രാവാക്യം പൊടി തട്ടിയെടുക്കുന്നത് വോട്ട് ബേങ്കില്‍ കണ്ണുനട്ടുകൊണ്ട് മാത്രമാണ്.
മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഉറച്ചൊരു ഭരണകൂടമാണ് രാജ്യത്തിന് ആവശ്യം. പുതിയ വികസന നയങ്ങളൊന്നും മുന്നോട്ടുവെക്കാതെ ഹിന്ദുത്വ അജന്‍ഡയില്‍ ഊന്നിയ പ്രകടനപത്രിക ജനാധിപത്യവിശ്വാസികളെ ഭീതിപ്പെടുത്തുന്നതാണ്.
മുസ്‌ലിം ന്യൂനപക്ഷങ്ങളെ നാടുകടത്തണമെന്ന് പ്രസംഗിക്കുന്നവരും മുസ്‌ലിംകളെ കൊന്നൊടുക്കണമെന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ പരസ്യമായി പറയുന്നവരുമാണോ ബി ജെ പിയുടെ പ്രകടനപത്രികയിലൂടെ പുറത്ത് വരുന്നത്? കാന്തപുരം ചോദിച്ചു.
മതേതര വോട്ടുകള്‍ ഒന്നിക്കേണ്ട ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ സമുദായത്തിനകത്തുള്ള ചിലര്‍ തിരഞ്ഞെടുപ്പില്‍ ആരെ സഹായിക്കാനാണ് വോട്ട് ചോദിക്കുന്നത്? രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ഒരു മാസം കൊണ്ടവസാനിച്ചേക്കാം. പക്ഷേ, മനുഷ്യ മനസ്സുകളില്‍ വര്‍ഗീയതയും വിഭാഗീയതയും സൃഷ്ടിച്ചാല്‍ അതുകൊണ്ടുണ്ടാകുന്ന ദൂരവ്യാപക ഫലങ്ങള്‍ നമുക്ക് താങ്ങാന്‍ കഴിയില്ല.
നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെ നശിപ്പിക്കാനുള്ള ഹീന ശ്രമങ്ങള്‍ അനുവദിക്കാനാകില്ല. രാജ്യത്തെ പാവങ്ങളുടെ ഉന്നമനവും ദേശ ഭാഷാ വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി മുഴുവന്‍ ജനങ്ങളുടെയും ക്ഷേമവും ഉറപ്പ് വരുത്തുന്ന ഒരു മതേതര സര്‍ക്കാറാണ് രാജ്യത്തിനാവശ്യം. രക്തച്ചൊരിച്ചിലുകളും വര്‍ഗീയ സംഘര്‍ഷങ്ങളും തീവ്രവാദ സമീപനങ്ങളും നമ്മെ ഒരടി മുന്നോട്ട് നയിക്കില്ലെന്ന തിരിച്ചറിവാണ് വോട്ടര്‍മാര്‍ക്കുണ്ടാകേണ്ടത്. കാന്തപുരം പറഞ്ഞു.
No comments:
Post a Comment