Latest News

മകളുടെ മൃദദേഹം അവസാനമായി ഒന്നു കാണാനും ക്രൂരയായ ആ അമ്മ എത്തിയില്ല

തിരുവനന്തപുരം: കാമുകനൊപ്പം ചേര്‍ന്ന് മകളെയും ഭര്‍തൃമാതാവിനെയും ഇല്ലാതാക്കിയ ആറ്റിങ്ങള്‍ സ്വദേശിനി അനുശാന്തി മകളുടെ മൃതദേഹം അവസാനമായി കാണാനും വീട്ടിലെത്തിയില്ല. പോലീസ് കസ്റ്റഡിയിലുള്ള ഇവര്‍ ചോദ്യം ചെയ്യലില്‍ ഒട്ടും കുറ്റബോധം പ്രകടിപ്പിച്ചില്ലെന്നും പോലീസ് പറയുന്നു.

ഭര്‍ത്താവിനെയും മകളെയും ഒഴിവാക്കി കാമുകനോടൊത്ത് ജീവിക്കാനുള്ള അനുശാന്തിയുടെ ആഗ്രഹമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. വിദ്യാസമ്പന്നരായ പ്രതികള്‍ ഇത്തരത്തില്‍ ഒരു കൊലപാതകം ആസൂത്രണം ചെയ്തതും പോലീസിനെ അമ്പരപ്പിച്ചിട്ടുണ്ട്.

തെളിവുകള്‍ ബാക്കിവയ്ക്കാതെ കാമുകിയുടെ ഭര്‍ത്താവിനെയും മകളെയും കൊലപ്പെടുത്തുക പിന്നീട് കാമുകിക്കൊപ്പം ജീവിക്കുക. ഇതായിരുന്നു അനുശാന്തിയുടെ കാമുകന്‍ നിനോ മാത്യുവും കണക്കുകൂട്ടിയത്.

ടെക്‌നോപാര്‍ക്കിലെ ഒരു കമ്പനിയിലെ പ്രോജക്ട് ഓഫീസറാണ് നിനോമാത്യു. ജീവനക്കാര്‍ പുറത്തുപോകുന്നത് നോക്കേണ്ട ജോലിയായിരുന്നു നിനോയ്ക്ക്. അതിനാല്‍ നിനോക്ക് എപ്പോള്‍ വേണമെങ്കിലും പുറത്തേക്കു പോകാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ചിട്ടിപിടിക്കാനെന്ന പറഞ്ഞാണ് നിനോ കൊലപാകം നടത്തിയ ദിവസം പുറത്തേക്കുപോകുന്നത്.

കൊല നടത്താനായി ബസ്സിലാണ് ഇയാള്‍ കഴക്കൂട്ടത്തുനിന്നും ആലംകോട്ടെത്തിയതും മടങ്ങിപ്പോയതുമെന്ന് പോലീസ് പറയുന്നു. അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന്റെ കുടുംബവീട്ടിലേക്കുള്ള വഴി നിനോ മാത്യുവിന് നേരത്തെ തന്നെ അറിയാമായിരുന്നു.

സോഫ്റ്റ് ബോള്‍ സ്റ്റിക്കും വെട്ടുകത്തിയും മുളകുപൊടിയും കൈയില്‍ കരുതി. ലിജീഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് വീട്ടില്‍ കയറി. ലിജീഷ് വീട്ടിലുണ്ടായിരുന്നില്ല. ലിജീഷിന്റെ അമ്മ ഓമനെയെ കൊണ്ട് ലിജീഷിനെ വിളിപ്പിച്ചു.

അതിനുശേഷം കൊച്ചുമകള്‍ സ്വസ്തികയെയും പിടിച്ചുകൊണ്ട് ഓമന അടുക്കളഭാഗത്തേക്ക് പോയി. ഈ സമയം കൈയില്‍ കരുതിയിരുന്ന ബാറ്റ് കൊണ്ട് നിനോ മാത്യു കുട്ടിയുടെ തലയ്ക്കടിച്ചു. കുട്ടിയെ തലങ്ങും വിലങ്ങും മാരകമായി അടിക്കുന്നത് തടയാന്‍ചെന്ന ഓമനയ്ക്കും അടിയേറ്റു. ഇവര്‍ നിലവിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും വെട്ടിക്കത്തിയെടുത്ത് ഇരുവരെയും വെട്ടി. കുട്ടിയുടെ കഴുത്തിലും നെഞ്ചിലുമായി നാല് വെട്ടുവെട്ടി. ഓമനയുടെ കഴുത്തിലും തലയിലും വെട്ടി. ഓമനയുടെ കഴുത്ത് വെട്ടേറ്റ് അറ്റുപോയി.

ഇതിനുശേഷം ഇയാള്‍ വീട്ടിനുള്ളില്‍ കാത്തിരുന്നു. ലിജീഷ് ബൈക്കില്‍ വീട്ടിലെത്തി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ നിനോ മാത്യു മുഖത്ത് മുളകുപൊടിയെറിഞ്ഞു. എന്നിട്ട് കഴുത്തില്‍ വെട്ടി. മുളകുപൊടി കണ്ണില്‍വീണതും തല വെട്ടിത്തിരിച്ചതിനാല്‍ ലിജീഷിന്റെ ചെകിടിലും തോളിലുമായാണ് വെട്ടുകൊണ്ടത്. ചെവി മുറിഞ്ഞുതൂങ്ങിപ്പോയി. വെട്ടേറ്റ ലിജീഷ് നിലവിളിച്ച് പുറത്തേക്കോടി. അതോടെ ആളുകൂടി. നിനോ മാത്യു രക്ഷപ്പെടുകയും ചെയ്തു.

ഒരു പക്ഷെ ലിജീഷും കൂടി കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ അന്വേഷണം വഴിമുട്ടുമായിരുന്നു. ദൃക്‌സാക്ഷികളില്ല. തെളിവുകള്‍ നശിപ്പിക്കപ്പെടും. മാത്രമല്ല മൃതദേഹങ്ങളില്‍ സ്വര്‍ണവും മോഷ്ടിച്ചു. മോഷണസംഘങ്ങളെ സംശയിക്കാനായിരുന്നു നിനോമാത്യു ഇങ്ങനെ ആസൂത്രണം ചെയ്തത്.

സംഭവംനടന്ന വീട്ടില്‍നിന്നും രണ്ട് മിനിട്ടുകൊണ്ട് നടന്ന് ദേശീയപാതയിലെത്താമായിരുന്നെങ്കിലും ഇയാള്‍ മറ്റൊരുവഴി ചുറ്റി ആലംകോട് ജങ്ഷനിലെത്തിയാണ് ബസ്സില്‍ കയറിയത്.

സംഭവം നടന്ന് രണ്ടുമണിക്കൂറിനകം രാജ്യംവിടാനുള്ള തയ്യാറെടുപ്പിനിടെയാണ് പൊലീസ് പിടിച്ചത്. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് കൊലപാതകത്തില്‍ അനുശാന്തിയുടെ പങ്ക് വ്യക്തമായത്. എട്ടുമാസമായി നിനോ മാത്യുവും അനുശാന്തിയും പ്രണയത്തിലാണ്. ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുകയായിരുന്നു.

നിനോ മാത്യു വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. കമ്പനിയില്‍ ഒപ്പം ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ പ്രണയിച്ചാണ് ഇയാള്‍ വിവാഹം കഴിച്ചത്. ഇവര്‍ ഒരു വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭാര്യയും ഭര്‍ത്താവും വെവ്വേറെയാണ് കഴിയുന്നത്. ഇയാളുടെ ഭാര്യ ഇപ്പോള്‍ ടെക്‌നോപാര്‍ക്കില്‍ മറ്റൊരു കമ്പനിയിലെ ജീവനക്കാരിയാണ്. അനുശാന്തിയെ ദിവസവും ബസ്സ്‌റ്റോപ്പില്‍ നിന്ന് തന്റെ കാറിലാണ് നിനോ മാത്യു ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. തിരിച്ചും കാറില്‍ ബസ്സ്‌റ്റോപ്പില്‍ കൊണ്ടുവിട്ടിരുന്നു. ഇതിന് പലപ്പോഴും നിനോ മാത്യുവിന്റെ ഭാര്യ സാക്ഷിയായിരുന്നതായും പോലീസ് പറയുന്നു.

റൂറല്‍ എസ്.പി. രാജ്പാല്‍മീണ, ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍. പ്രതാപന്‍നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.